ഫലസ്തീനികളുടെ യാതനകളെ അപഹസിച്ച് 'സാറ'യുടെ പരസ്യചിത്രം; വൻ പ്രതിഷേധം
2021ൽ സാറയുടെ ഹെഡ് ഡിസൈനർ വനേസ പെരിൽമാൻ നടത്തിയ ഫലസ്തീൻ വിരുദ്ധ പരാമർശം വൻ വിവാദമായിരുന്നു
മാഡ്രിഡ്: സ്പാനിഷ് ഫാഷൻ ബ്രാൻഡായ സാറയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം. ഗസ്സയിൽ നടക്കുന്ന ഇസ്രായേൽ നരനായാട്ടിനെ പിന്തുണയ്ക്കുന്ന തരത്തിൽ പുറത്തിറങ്ങിയ പരസ്യചിത്രമാണു വലിയ പ്രതിഷേധം വിളിച്ചുവരുത്തിയിരിക്കുന്നത്. ഫലസ്തീനികളുടെ യാതനകളെയും ദുരിതങ്ങളെയും അപഹസിക്കുന്ന തരത്തിലുള്ള പരസ്യചിത്രത്തിന്റെ പേരിൽ കമ്പനിക്കെതിരെ ബഹിഷ്‌ക്കരണാഹ്വാനവും ശക്തമാണ്.
അമേരിക്കൻ മോഡലായ ക്രിസ്റ്റൻ മക്‌മെനാമി അഭിനയിച്ച സാറയുടെ പരസ്യചിത്രത്തിലാണു വിവാദരംഗങ്ങളുള്ളത്. 'ദി ജാക്കറ്റ്' എന്ന പേരിലാണ് പരസ്യകാംപയിൻ പുറത്തിറക്കിയത്. കരകൗശലത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയും കലാ ആവിഷ്‌ക്കാരങ്ങളോടുള്ള അഭിനിവേശവും ആഘോഷിക്കുന്ന പരിമിതമായ പതിപ്പാണിതെന്നു പറഞ്ഞാണു പുതിയ മോഡൽ വസ്ത്രം പരിചയപ്പെടുത്തുന്നത്. എന്നാൽ, പരസ്യചിത്രത്തിന്റെ പശ്ചാത്തലമാണു വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. കഫൻപുടവയിൽ പൊതിഞ്ഞ ഫലസ്തീൻ കുഞ്ഞുങ്ങളുടെ ചിത്രങ്ങളും തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുമെല്ലാമാണു പശ്ചാത്തലത്തിൽ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നതെന്നാണു വിമർശനമുയരുന്നത്. ഫലസ്തീന്‍ ഭൂപടത്തിനു സമാനമായ ചിത്രീകരണങ്ങളും കൂട്ടത്തിലുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
മരണവും വിനാശങ്ങളുമെല്ലാം ഫാഷന്റെ പശ്ചാത്തലമാക്കി അവതരിപ്പിക്കുന്നത് പൈശാചികതയ്ക്കുമപ്പുറമാണെന്ന് ഫലസ്തീൻ കലാകാരൻ ഹാസിം ഹർബ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. ഉപയോക്താക്കളെന്ന നിലയ്ക്ക് നമ്മുടെ ഭാഗത്തുനിന്ന് പ്രതിഷേധമുയരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ''നമ്മൾ ഒരു തത്സമയ വംശഹത്യയ്ക്കിടയിൽ ജീവിക്കുമ്പോൾ ഇത്തരമൊരു പരസ്യം നിർമിച്ച വാണിജ്യബുദ്ധി ഹീനവും കുടിലവുമാണ്. ഇത് ബോധപൂർവമല്ലെന്ന് ഒരിക്കലും പറയാനാകില്ല. സയണിസ്റ്റുകൾക്ക് സാറ നൽകുന്ന പിന്തുണ നമുക്ക് അറിയാവുന്നതാണ്.''-ഹാസിം ചൂണ്ടിക്കാട്ടി.
ഇതെന്തൊരു രോഗമാണെന്ന് ഫാഷൻ ബ്രാൻഡായ 'ഓട്ട് ഹിജാബ്' സി.ഇ.ഒ മെലനി എൽതുർക് പ്രതികരിച്ചു. വക്രീകരിക്കപ്പെട്ട, ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന ചിത്രമാണിതെന്നും അവർ വിമർശിച്ചു. ഇത് ഫലസ്തീനികളെ പരിഹസിക്കാനുള്ള ബോധപൂർവമായ നീക്കമാണെന്ന് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഡോ. നൂർ അംറ പറഞ്ഞു.
ഇതിനുമുൻപും ഫലസ്തീൻ വിഷയത്തിൽ സാറയ്‌ക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. 2021ൽ സാറയുടെ ഹെഡ് ഡിസൈനർ വനേസ പെരിൽമാൻ നടത്തിയ ഫലസ്തീൻ വിരുദ്ധ പരാമർശമാണ് അന്നു വിവാദങ്ങൾക്കിടയാക്കിയത്. നിങ്ങളുടെ ആളുകൾക്ക് വിദ്യാഭ്യാസം കിട്ടിയിരുന്നെങ്കിൽ ഗസ്സയിൽ ഇസ്രായേൽ സഹായത്തിലുണ്ടാക്കിയ ആശുപത്രികളും സ്‌കൂകളുകളും തകർക്കുമായിരുന്നില്ലെന്നായിരുന്നു വനേസയുടെ വിവാദ പരാമർശം.
ഫലസ്തീൻ മോഡലായ ഖാഹിർ ഹർഹാഷിനോടായിരുന്നു അവർ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ഒക്ടോബറിൽ കമ്പനിയുടെ ഫ്രാഞ്ചൈസി ഉടമ ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗവിറിനു വേദിയൊരുക്കിയതും വലിയ വിമർശനങ്ങൾക്കിടയാക്കി.
1975ൽ സ്‌പെയിനിൽ തുടക്കം കുറിച്ച സാറ ഇപ്പോൾ ലോകത്തെ മുൻനിര ഫാഷൻ ബ്രാൻഡുകളിലൊന്നാണ്. 90 രാജ്യങ്ങളിലായി 2,000ത്തിലേറെ സ്റ്റോറുകളുണ്ട് കമ്പനിക്ക്.
Summary: Zara's news fashion ad campaign allegedly mocking Gaza genocide, faces huge backlash
Adjust Story Font
16