ഞാൻ കിയവിൽ തന്നെയുണ്ട്.. എങ്ങോട്ടും ഓടിപ്പോയിട്ടില്ല; പോളണ്ടിലേക്ക് രക്ഷപ്പെട്ടെന്ന കിംവദന്തികൾക്ക് മറുപടിയുമായി സെലൻസ്‌കി
റഷ്യയുടെ തെറ്റായ പ്രചാരണത്തിൽ വീണുപോകരുതെന്നും വീഡിയോ സന്ദേശത്തിൽ സെലൻസ്‌കി
താൻ യുക്രൈൻ വിട്ടെന്ന റഷ്യൻ ആരോപണം തള്ളി വ്‌ളാദ്മിർ സെലൻസ്‌കി. റഷ്യയുടെ തെറ്റായ പ്രചാരണത്തിൽ വീണുപോകരുതെന്നും വീഡിയോ സന്ദേശത്തിൽ സെലൻസ്‌കി പറഞ്ഞു. താൻ പോളണ്ടിലേക്ക് പലായനം ചെയ്തെന്ന റിപ്പോർട്ടുകൾക്കെതിരെ സെലെൻസ്‌കി കിയവിലെ ഓഫീസിൽ നിന്നുള്ള വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
'ഞാൻ കിയവിലാണ്. ഞാൻ ഇവിടെ ജോലി ചെയ്യുന്നു. ആരും എങ്ങോട്ടും രക്ഷപ്പെട്ടിട്ടില്ല' അദ്ദേഹം ലൈവ് വീഡിയോയിൽ പറയുന്നു.ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരെയും വീഡിയോയിൽ കാണാം.
റഷ്യയും യുക്രൈനും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രണ്ടാം തവണയാണ് സെലൻസ്‌കി രാജ്യം വിട്ടെന്ന് റഷ്യൻ മാധ്യമങ്ങൾ അവകാശപ്പെടുന്നത്. യുക്രൈനിലെ പാർലമെന്റ് അംഗങ്ങൾക്ക് എത്തിച്ചേരാനാകാത്തതിനാൽ സെലൻസ്‌കി പോളണ്ടിലേക്ക് പലായനം ചെയ്തതായി റഷ്യൻ രാഷ്ട്രീയപ്രവർത്തകനായ വ്യാസെസ്ലാവ് വോലോഡിൻ അവകാശപ്പെട്ടതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ സൈന്യത്തിന്റെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പാർലമെന്റ് രഹസ്യയോഗം നടത്തുന്നതിനായി മാർച്ച് രണ്ടിന് അദ്ദേഹം യുക്രൈൻ വിട്ടതായും അഭ്യൂഹമുണ്ടായിരുന്നു. സെലൻസ്‌കി ഇതിനകം യുക്രൈനിൽ നിന്ന് പലായനം ചെയ്തുവെന്ന കിംവദന്തികൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.
സെലൻസ്‌കി യു.എസിലേക്ക് പാലായനം ചെയ്യാൻ തീരുമാനിച്ചതായും വാർത്തകൾ പരന്നിരുന്നു. യുദ്ധം ആരംഭിച്ചതിനു പിന്നാലെ രക്ഷപ്പെടാനുള്ള മാർഗം ഒരുക്കിത്തരാമെന്ന് അമേരിക്ക സെലൻസ്‌കിയോട് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, വാഗ്ദാനം അദ്ദേഹം നിരസിക്കുകയായിരുന്നു. യുദ്ധം നടക്കുന്നത് ഇവിടെയാണെന്നും ഇപ്പോൾ എങ്ങോട്ടും രക്ഷപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും സെലൻസ്‌കി യു.എസ് വൃത്തങ്ങളോട് പ്രതികരിച്ചു. ആയുധങ്ങൾ നൽകി തങ്ങളെ സഹായിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെബ്രുവരി 24 ന് യുക്രൈനിൽ അധിനിവേശം നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അനുമതി നൽകിയതിന് തൊട്ടുപിന്നാലെ, സെലൻസ്‌കി രാജ്യം വിട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വാർത്തകളെ നിഷേധിച്ച് ഒരു സെൽഫി വീഡിയോയുമായി സെലൻസി രംഗത്തെത്തിയിരുന്നു.
പ്രസിഡന്റ് എവിടെയാണെന്ന് സംബന്ധിച്ച കൃത്യമായ വിവരം യുക്രൈൻ രഹസ്യമായി സൂക്ഷിക്കുന്നുണ്ട്. സെലൻസ്‌കി കൊല്ലാൻ രണ്ട് വ്യത്യസ്ത സംഘടനകളെ അയച്ചതായും കഴിഞ്ഞ ആഴ്ചയിൽ മൂന്ന് കൊലപാതക ശ്രമങ്ങളിൽ നിന്ന് സെലൻസ്‌കി രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. റഷ്യൻ പാരാമിലിട്ടറി വിഭാഗമായ വാഗ്നർ ഗ്രൂപ്പ്, ചെച്‌നിയൻ പാരാമിലിട്ടറി സംഘമായ കദിറോവ്റ്റ്‌സി എന്നിവയുടെ നേതൃത്വത്തിലാണ് വധശ്രമം നടന്നതെന്ന് 'ദ ടൈംസ്' റിപ്പോർട്ട് ചെയ്തിരുന്നു.ൂദജ
Adjust Story Font
16