''യുക്രൈനെ രക്ഷിക്കാനാകുമായിരുന്നിട്ടും അവരത് ചെയ്തില്ല''- പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരെ വിമർശനവുമായി സെലൻസ്‌കി
ഈ നരഹത്യയുടെ കുറ്റം റഷ്യയ്ക്കാണെങ്കിലും കഴിഞ്ഞ 13 ദിവസമായി ആവശ്യമായ തീരുമാനങ്ങളൊന്നുമെടുക്കാതെ പടിഞ്ഞാറൻ ഓഫീസുകളിലിരുക്കുന്നവർക്കും ഇതിൽ ഉത്തരവാദിത്തമുണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി
പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരെ കുറ്റപ്പെടുത്തലുമായി വീണ്ടും യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. റഷ്യൻ ബോംബാക്രമണത്തിൽനിന്ന് യുക്രൈൻ നഗരങ്ങളെയും പൗരന്മാരെയും സംരക്ഷിക്കാൻ പടിഞ്ഞാറൻ രാജ്യങ്ങൾ തയാറാകുന്നില്ലെന്ന് സെലൻസ്‌കി കുറ്റപ്പെടുത്തി.
കഴിഞ്ഞ 13 ദിവസത്തിനിടെ വ്യക്തമായി ആവശ്യമുള്ള തീരുമാനം കൈക്കൊള്ളുന്ന കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾ പരാജയപ്പെട്ടിരിക്കുകയാണ്. യുക്രൈനിനുനേരെയുള്ള റഷ്യൻ ആക്രമണത്തെ അവസാനിപ്പിക്കാനായിട്ടില്ലെങ്കിലും നിയന്ത്രിക്കാനെങ്കിലും 'വ്യോമനിരോധിത മേഖല' പ്രഖ്യാപിക്കാൻ അവർ തയാറായില്ല. ബോംബുകളിൽനിന്നും മിസൈലുകളിൽനിന്നും യുക്രൈനെ രക്ഷിക്കാനാകുമായിരുന്നിട്ടും അവർ ചെയ്തിട്ടില്ല-സെലൻസ്‌കി വിമർശിച്ചു.
ഈ നരഹത്യയിൽ കുറ്റപ്പെടുത്തേണ്ടത് റഷ്യയെയാണെങ്കിലും കഴിഞ്ഞ 13 ദിവസമായി ആവശ്യമായ തീരുമാനങ്ങളൊന്നുമെടുക്കാതെ പടിഞ്ഞാറൻ ഓഫീസുകളിലിരുക്കുന്നവർക്കും ഉത്തരവാദിത്തമുണ്ട്-സെലൻസ്‌കിയെ ഉദ്ധരിച്ച് ദ കിയവ് ഇൻഡിപെൻഡെന്റ് റിപ്പോർട്ട് ചെയ്തു.
''എല്ലാം അറിഞ്ഞിട്ടും നിഷ്‌ക്രിയമായി നാറ്റോ''
റഷ്യൻ ആക്രമണം തടയാൻ ശ്രമിക്കാതെ നാറ്റോ നിഷ്‌ക്രിയമായി നിൽക്കുകയായിരുന്നുവെന്ന് സെലൻസ്‌കി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. യുക്രൈനിൽ റഷ്യൻ ആക്രമണം കടുക്കുന്നതിനിടെയായിരുന്നു നിരാശയോടെ സെലൻസ്‌കിയുടെ രൂക്ഷപ്രതികരണം. റഷ്യൻ ആക്രമണ സാധ്യത അറിയാമായിരുന്നിട്ടും യുക്രൈനെ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ നാറ്റോ തള്ളിക്കളയുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
''റഷ്യൻ ആക്രമണവും തുടർന്നുള്ള ആളപായവും നാശനഷ്ടങ്ങളും അറിഞ്ഞിട്ടും യുക്രൈൻ വ്യോമാതിർത്തി അടക്കാതിരിക്കാൻ തീരുമാനിക്കുകയായിരുന്നു നാറ്റോ. യുക്രൈൻ അതിർത്തി അടച്ചാൽ തങ്ങൾക്കെതിരെ റഷ്യയുടെ കടന്നാക്രമണമുണ്ടാകുമെന്നൊരു ആഖ്യാനം സൃഷ്ടിച്ചിരിക്കുകയാണ് നാറ്റോ രാജ്യങ്ങൾ. റഷ്യൻ ആക്രമണത്തിലെ ഓരോ മരണവും നിങ്ങൾ കാരണമാണ്. നിങ്ങളുടെ അശക്തത കാരണമാണ്..'' വിഡിയോ സന്ദേശത്തിൽ സെലൻസ്‌കി ആരോപിച്ചു.
റഷ്യയുമായി നേരിട്ട് ഒരു ആക്രമണത്തിലേക്ക് പോകേണ്ടിവരുമെന്നതിനാൽ യുക്രൈനിൽ ഇടപെടാനില്ലെന്നാണ് നാറ്റോ തലവൻ ജെൻസ് സ്റ്റോൾട്ടൻബർഗ് നേരത്തെ വ്യക്തമാക്കിയത്. വിമാനനിരോധിത മേഖല നടപ്പാക്കാനുള്ള ഏക വഴി നാറ്റോ യുദ്ധവിമാനങ്ങൾ യുക്രൈനിലേക്ക് അയച്ച് റഷ്യൻ വിമാനങ്ങൾ വെടിവച്ചിടുക മാത്രമാണ്. അത് ചെയ്താൽ യൂറോപ്പിൽ അതിശക്തമായൊരു യുദ്ധത്തിലായിരിക്കും അത് കലാശിക്കുക. ഒരുപാട് രാജ്യങ്ങളെ അതു ബാധിക്കുകയും നിരവധി ജീവനുകൾ നഷ്ടപ്പെടാൻ കാരണമാകുമെന്നും സ്റ്റോൾട്ടൻ കൂട്ടിച്ചേർത്തു.
Summary: Ukrainian President Volodymyr Zelenskyy said western nations had failed to take 'obviously necessary' decisions in the last 13 days to stop Russian attacks on his country
Adjust Story Font
16