സെറിബ്രല്‍ പാഴ്‌സി ബാധിച്ച ഓട്ടക്കാരനെ സന്തോഷം കൊണ്ട് കരയിച്ച നൈക്
രണ്ട് മണിക്കൂര്‍ താഴെ സമയത്തില്‍ ഹാഫ് മാരത്തണ്‍ ഓടുകയാണ് ഗാലെഗോസിന്റെ സ്വപ്നം...
സെറിബ്രല്‍ പാഴ്‌സിക്ക് തളര്‍ത്താനാവാത്ത മനോവീര്യമാണ് ജസ്റ്റിന്‍ ഗാലെഗോസിനെ മാരത്തണ്‍ ഓട്ടക്കാരനാക്കിയത്. പക്ഷേ പ്രശസ്ത കായിക ഉത്പന്ന നിര്‍മ്മാതാക്കളായ നൈകിന്റെ ഒരു തീരുമാനത്തിന് മുന്നില്‍ ജസ്റ്റിന്‍ ഗാലെഗോസിന് കണ്ണു നിറഞ്ഞു. ജസ്റ്റിനുമായി പ്രൊഫഷണല്‍ കരാറിലേര്‍പ്പെടാനുള്ള നൈകിന്റെ തീരുമാനമാണ് അദ്ദേഹത്തെ സന്തോഷം കൊണ്ട് കരയിച്ചുകളഞ്ഞത്.
അമേരിക്കയിലെ ഓറെഗോണ്‍ നിവാസിയാണ് ജസ്റ്റിന്‍. ദിവസേനയുള്ള സാധാരണ പരിശീലനത്തിനൊടുവിലായിരുന്നു നൈകിന്റെ അസാധാരണ പ്രഖ്യാപനം. നൈക് ഇന്‍സൈറ്റിന്റെ ഡയറക്ടര്‍ ജോണ്‍ ഡഗ്ലസാണ് ജസ്റ്റിനോട് ഈ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ജസ്റ്റിനൊപ്പം പരിശീലിക്കുന്ന സഹ കായികതാരങ്ങളും ഈ അപൂര്‍വ്വ നിമിഷത്തിന് സാക്ഷിയായിരുന്നു. പകരം വെക്കാനില്ലാത്തതായിരുന്നു നൈകിന്റെ പ്രഖ്യാപനത്തോടുള്ള ജസ്റ്റിന്റെ പ്രതികരണം.
തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നിന്റെ ദൃശ്യങ്ങള്‍ പിന്നീട് ജസ്റ്റിന്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു. 'എത്രത്തോളം യഥാര്‍ഥവും വൈകാരികവുമായിരുന്നു സ്വപ്‌നങ്ങളെന്ന് അത് കണ്‍മുന്നില്‍ കാണും വരെ നിങ്ങള്‍ക്ക് മനസിലാകില്ല' എന്ന കുറിപ്പോടെയാണ് ജസ്റ്റിന്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സെറിബ്രല്‍ പാഴ്‌സി ബോധവത്കരണ ദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചത്.
കുട്ടിയായിരിക്കുമ്പോള്‍ വാക്കര്‍ ഉപയോഗിച്ചായിരുന്നു ഗാലെഗോസ് നടന്നിരുന്നത്. പിന്നീട് ഫിസിക്കല്‍ തെറാപ്പിയിലൂടെയാണ് പരസഹായമില്ലാതെ നടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് നൈക് ഗാലെഗോസിനെക്കുറിച്ച് അറിയുന്നത്. അന്ന് മുതല്‍ നൈകുമായി ഗാലെഗോസ് സഹകരിക്കുന്നുണ്ട്. സെറിബ്രല്‍ പാഴ്‌സി പോലുള്ള അസുഖങ്ങള്‍ ബാധിച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കായി നൈക് പ്രത്യേകം തയ്യാറാക്കിയ ഷൂവിന് പിന്നില്‍ ഗാലെഗോസിന്റെ സഹായമുണ്ടായിരുന്നു. ഫ്‌ളൈ ഈസ് എന്നാണ് ഇത്തരം ഷൂവിന് നൈക് ഇട്ട പേര്. ഇതില്‍ ഘടിപ്പിച്ച പ്രത്യേകം സിബ്ബുകള്‍ ഉപയോഗിച്ച് ഉപ്പൂറ്റി അനായാസം ഷൂവിനുള്ളിലേക്ക് കയറ്റാനാകും.
രണ്ട് മണിക്കൂര്‍ താഴെ സമയത്തില്‍ ഹാഫ് മാരത്തണ്‍ ഓടുകയാണ് ഗാലെഗോസിന്റെ സ്വപ്നം. കഴിഞ്ഞ ഏപ്രിലില്‍ 2:03:49 സമയത്തില്‍ ജസ്റ്റിന്‍ ഹാഫ് മരാത്തണ്‍ പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ രണ്ടാം ഹാഫ് മാരത്തണും അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കി. ഏഴ് വര്‍ഷമായി ഓടുന്ന ഗാലെഗോസിന് വൈകാതെ സ്വപ്‌നനേട്ടത്തിലെത്തുമെന്ന കാര്യത്തില്‍ സംശയം പോലുമില്ല.