ലോകത്തെ വേഗമേറിയ മനുഷ്യന്‍ ഇപ്പോള്‍ പിച്ചവെച്ചു നടക്കുകയാണ്

അത്‌ലാന്റ ഒളിംപിക്‌സില്‍ 200 മീറ്റര്‍ 19.32 സെക്കന്റില്‍ പൂര്‍ത്തിയാക്കിയ മൈക്കല്‍ ജോണ്‍സണ്‍ ഇതേ ദൂരം പക്ഷാഘാതത്തിന് ശേഷം ആശുപത്രിയില്‍ വെച്ച് നടന്നു തീര്‍ത്തത് 15 മിനുറ്റെടുത്തായിരുന്നു...

Update: 2018-11-20 09:55 GMT
Advertising

ട്രാക്കിലിറങ്ങുമ്പോഴെല്ലാം ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായി ആരെയും മറികടക്കാന്‍ അനുവദിക്കാത്ത ഓട്ടക്കാരനായിരുന്നു മൈക്കല്‍ ജോണ്‍സണ്‍. നാല് ഒളിംപിക് സ്വര്‍ണ്ണങ്ങളും ലോക റെക്കോഡുകളും ആ കഠിനാധ്വാനത്തിന്റേയും ആത്മവിശ്വാസത്തിന്റേയും ഫലമായിരുന്നു. ഇന്ന് ജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടി പക്ഷാഘാതത്തിന്റെ രൂപത്തില്‍ വന്നപ്പോഴും ജോണ്‍സണ്‍ പതറിയില്ല. ഒളിംപിക് ജേതാവിന്റെ അതേ മാനസികാവസ്ഥയില്‍ ഈ വെല്ലുവിളിയെ മറികടക്കുകയാണ് 51കാരനായ മൈക്കല്‍ ജോണ്‍സണ്‍.

തൊണ്ണൂറുകളിലെ 200, 400 മീറ്റര്‍ ഓട്ടങ്ങളിലെ സുവര്‍ണ്ണ താരമായിരുന്നു മൈക്കല്‍ ജോണ്‍സണ്‍. അന്ന് അത്ലറ്റിക്സിലെ ഏറ്റവും മനോഹര കാഴ്ചയായിരുന്നു ജോണ്‍സന്റെ 400 മീറ്ററിലെ ഓട്ടം. സ്വര്‍ണ്ണം മാത്രമായിരുന്നു മികവിന്റെ പര്യായമായി മാറിയ ഈ അമേരിക്കക്കാരന്‍ ലക്ഷ്യമിട്ടിരുന്നത്. ഒളിംപിക്‌സില്‍ നാല് സ്വര്‍ണ്ണവും ലോക ചാമ്പ്യന്‍ഷിപ്പില്‍ എട്ട് സ്വര്‍ണ്ണവും നേടി. ഈ രണ്ട് ലോക വേദികളിലും സ്വര്‍ണ്ണമല്ലാതെ മറ്റൊന്നും അദ്ദേഹം കഴുത്തിലണിഞ്ഞിട്ടില്ലെന്നു കൂടി അറിയുക. ജോണ്‍സണ്‍ ഇറങ്ങിയാല്‍ രണ്ടാം സ്ഥാനത്തിനുവേണ്ടി പോരാട്ടം നടക്കുന്ന അവസ്ഥ.

1991ലെ ടോകിയോ ലോക ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ സ്വര്‍ണ്ണം നേടിക്കൊണ്ടായിരുന്നു ജോണ്‍സണ്‍ ലോകവേദിയില്‍ വരവറിയിച്ചത്. 1992 ബാഴ്‌സലോണ ഒളിംപിക്‌സില്‍ 4*400 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം. തൊട്ടടുത്ത അത്‌ലാറ്റ ഒളിംപിക്‌സില്‍ 200, 400 മീറ്ററുകളിലായി ഇരട്ട സ്വര്‍ണ്ണം. 2000 സിഡ്‌നി ഒളിംപിക്‌സില്‍ 400 മീറ്റര്‍ സ്വര്‍ണ്ണത്തോടെ മടക്കം. അപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 33 വയസും 12 ദിവസവും. അത്‌ലറ്റിക്‌സില്‍ 5000 മീറ്ററിന് താഴെയുള്ള മത്സരയിനങ്ങളിലെ ലോകത്തെ ഏറ്റവും പ്രായമേറിയ ചാമ്പ്യനെന്ന റെക്കോഡു കൂടി ഈ നേട്ടത്തിനൊപ്പം മൈക്കല്‍ ജോണ്‍സണ്‍ സ്വന്തമാക്കി.

1996ലെ അത്‌ലാന്റ ഒളിംപിക്‌സില്‍ 200 മീറ്ററില്‍ സ്വര്‍ണ്ണം നേടാന്‍ മൈക്കല്‍ ജോണ്‍സണ്‍ എടുത്ത സമയം 19.32 സെക്കന്റ്. ഇതേ ദൂരം പക്ഷാഘാതത്തിന് ശേഷം ആശുപത്രിയില്‍ വെച്ച് അദ്ദേഹം നടന്നു തീര്‍ത്തത് 15 മിനുറ്റിലായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് മൈക്കല്‍ ജോണ്‍സണ് പക്ഷാഘാതം സംഭവിച്ചത്. വീട്ടിലെ പതിവു വ്യായാമങ്ങള്‍ക്കുശേഷം ഇടതുഭാഗത്ത് കൈക്ക് താഴെയായി ഒരു അസാധാരണ വിറയല്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധനകള്‍ക്ക് വിധേയനാവുകയായിരുന്നു.

Full View

'എം.ആര്‍.ഐ സ്‌കാനിങ് എടുത്തുകഴിഞ്ഞപ്പോഴേക്കും കുഴഞ്ഞ നിലയിലായി. എഴുന്നേറ്റു നില്‍ക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥ. ഇടംകാല്‍ അനക്കാന്‍പോലും സാധിക്കുന്നില്ല. കയ്യിലെ ആ വിറയല്‍ അപ്പോഴും തുടരുന്നുണ്ടായിരുന്നു. കൈവിരലുകള്‍ അനക്കാന്‍ പോലും സാധിക്കുന്നില്ല. ഒടുവില്‍ പക്ഷാഘാതമായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ എന്തായിരിക്കും ഭാവിയെന്നതായിരുന്നു ചിന്ത. എഴുന്നേറ്റു നില്‍ക്കാനോ നടക്കാനോ സ്വയം വസ്ത്രം മാറാന്‍ പോലുമോ കഴിയാത്ത നിലയിലെത്തുമോ എന്നതായിരുന്നു ആശങ്ക' പക്ഷാഘാതത്തിന്റെ നിമിഷങ്ങള്‍ മൈക്കല്‍ ജോണ്‍സണ്‍ ഓര്‍ത്തെടുക്കുന്നു.

സാധാരണ പക്ഷാഘാതം വരുന്ന എല്ലാവരും ഇത്തരം ചോദ്യങ്ങളായിരിക്കും ചോദിക്കുകയെന്നായിരുന്നു ഡോക്ടര്‍മാര്‍ ജോണ്‍സണോട് പറഞ്ഞത്. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. അത് നിങ്ങള്‍ സ്വയം കണ്ടെത്തണം. പക്ഷാഘാതം വന്ന ശേഷം പൂര്‍ണ്ണമായും പഴയ പോലെ ജീവിതത്തിലേക്ക് മടങ്ങി വന്നവരുണ്ട് മറ്റു ചിലര്‍ക്ക് ഭാഗീകമായി മാത്രമേ അതിന് സാധിക്കൂ. എത്രയും പെട്ടെന്ന് ഫിസിയോ തെറാപ്പി അടക്കമുള്ള ചികിത്സ തുടങ്ങുകയാണ് പരിഹാരമാര്‍ഗ്ഗം. ഇതറിഞ്ഞതോടെ പക്ഷാഘാതം വന്ന് രണ്ടാം ദിവസം മൈക്കല്‍ ജോണ്‍സണ്‍ വോക്കറിന്റെ സഹായത്തില്‍ നടക്കാനിറങ്ങി. അന്നാണ് അദ്ദേഹം 15 മിനുറ്റെടുത്ത് 200 മീറ്റര്‍ നടന്നത്.

അതൊന്നും മൈക്കല്‍ ജോണ്‍സണ് തോറ്റുപിന്മാറാനുള്ള കാരണമേ ആയിരുന്നില്ല. ഭൂമിയിലുള്ള ഏതൊരു മനുഷ്യനേക്കാളും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ എനിക്കാവുമെന്നായിരുന്നു ജോണ്‍സണ്‍ ജീവിതപങ്കാളിയോട് അപ്പോള്‍ പറഞ്ഞത്. ഒളിംപിക്‌സ് മാനസികാവസ്ഥയില്‍ മനുഷ്യസാധ്യമായ പരമാവധിയിലേക്ക് പരിശ്രമിക്കുകയാണ് അദ്ദേഹം പിന്നീട് ചെയ്തത്. ഇപ്പോള്‍ മൂന്ന് മാസത്തോളം പൂര്‍ത്തിയായിരിക്കുന്നു. ഒരുകാലത്ത് ലോകത്തെ ഏറ്റവും വേഗതയുള്ള മനുഷ്യനായിരുന്ന മൈക്കല്‍ ജോണ്‍സണ്‍ അതേ ആവേശത്തിലും വേഗതയിലും ജീവിതം തിരിച്ചുപിടിക്കുകയാണിപ്പോള്‍. സ്വര്‍ണ്ണം മാത്രം ലക്ഷ്യമിട്ടിരുന്ന ജോണ്സണു മുന്നില് മുന്നില്‍ പക്ഷാഘാതത്തിനും തോല്‍വി വഴങ്ങാതെ തരമില്ലല്ലോ.

Tags:    

Similar News