ഏഷ്യന്‍ അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ആദ്യ ദിനം ഇന്ത്യക്ക് അഞ്ച് മെഡലുകള്‍

മെഡല്‍ പ്രതീക്ഷയായിരുന്ന യുവതാരം ഹിമദാസ് പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.

Update: 2019-04-22 01:45 GMT
Advertising

ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനം ഇന്ത്യക്ക് അഞ്ച് മെഡലുകള്‍. ജാവലിന്‍ ത്രോയില്‍ അന്നു റാണിയും 3000 മീറ്ററില്‍ അവിനാഷ് സേബിളും വെള്ളി നേടി. മറ്റ് മൂന്നെണ്ണം വെങ്കലമെഡലുകളാണ്. മെഡല്‍ പ്രതീക്ഷയായിരുന്ന യുവതാരം ഹിമദാസ് പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനം ഉച്ച കഴിഞ്ഞാണ് ഇന്ത്യയെ തേടി മെഡലുകളെത്തിയത്. വനിതകളുടെ അയ്യായിരം മീറ്ററില്‍ പരുള്‍ ചൗധരി നേടിയ വെങ്കല മെഡലിലൂടെ ഇന്ത്യ അക്കൗണ്ട് തുറന്നു. പിന്നാലെ വെള്ളിയുടെ രൂപത്തില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. ജാവലിന്‍ ത്രോയില്‍ അന്നു റാണിയാണ് വെള്ളി നേടിയത്. മൂന്നാം മെഡല്‍ പൂവമ്മയുടെ വക. വനിതകളുടെ നാനൂറ് മീറ്ററിലാണ് പൂവമ്മയുടെ നേട്ടം.

രാത്രി നടന്ന പുരുഷ വിഭാഗം മൂവായിരം മീറ്ററില്‍ വെള്ളി നേടി അവിനാഷ് സേബിള്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം നാലാക്കി. പതിനായിരം മീറ്ററില്‍ മുരളി കുമാര്‍ ഗവിതിന്റെ വെങ്കല നേട്ടത്തിലൂടെ ആദ്യദിനത്തിലെ മെഡല്‍ പട്ടിക പൂര്‍ത്തിയാക്കി. പുതിയ ദേശീയ റെക്കോര്‍ഡ് കുറിച്ച് വനിതകളുടെ നൂറ് മീറ്ററിന്റെ ഫൈനലിന് യോഗ്യത നേടിയ ധ്യുതി ചന്ദിന്റെ പ്രകടനവും ആദ്യ ദിനത്തെ ശ്രദ്ധേയമാക്കി.

വനിതകളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന കൗമാരതാരം ഹിമ ദാസ് ഹീറ്റ്‌സിനിടെ പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.

മെഡല്‍ പട്ടികയില്‍ നാല് സ്വര്‍ണവും മൂന്ന് വെള്ളിയുമുള്‍പ്പെടെ ഏഴ് മെഡലുകളുമായി ബഹ്‌റൈനാണ് ആദ്യ ദിവസം മുന്നില്‍. മൊത്തം അഞ്ച് മെഡലുകളുമായി നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ അഞ്ചാം സ്ഥാനത്താണുള്ളത്.

Tags:    

Similar News