അന്താരാഷ്ട്ര മീറ്റുകളില്‍ പി.യു ചിത്രക്കും മുരളി ശ്രീശങ്കറിനും സ്വര്‍ണം
കോമണ്‍വെല്‍ത്ത് ചാമ്പ്യനായ കെനിയയുടെ മേഴ്‌സി ചെറോണോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പി.യു ചിത്ര സ്വര്‍ണ്ണം നേടിയത്
സ്വീഡനില്‍ നടക്കുന്ന ഫോക്‌സാം ഗ്രാന്റ് പ്രീയിലും ഡെന്മാര്‍ക്കിലെ കോപ്പര്‍ഹേഗന്‍ അത്‌ലറ്റിക് മീറ്റിലും മികച്ച പ്രകടനവുമായി മലയാളി അത്‌ലറ്റുകള്‍. ഫോക്‌സാം ഗ്രാന്റ് പ്രീയില്‍ 1500 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യനായ പി.യു. ചിത്ര സീസണിലെ മികച്ച സമയത്തോടെ സ്വര്‍ണം നേടി. ഡെന്മാര്‍ക്കിലെ കോപ്പര്‍ഹേഗന്‍ അത്‌ലറ്റിക് മീറ്റിലാണ് ലോങ് ജംപില്‍ മറ്റൊരു മലയാളി താരം മുരളി ശ്രീ ശങ്കര്‍ സ്വര്‍ണവം നേടിയത്.
കോമണ്‍വെല്‍ത്ത് ചാമ്പ്യനായ കെനിയയുടെ മേഴ്‌സി ചെറോണോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പി.യു ചിത്ര സ്വര്‍ണ്ണം നേടിയത്. 4.12.65 സെക്കന്റിനാണ് ചിത്ര 1500 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും പി.യു ചിത്ര സ്വര്‍ണ്ണം നേടി രാജ്യത്തിന്റെ അഭിമാനമായിരുന്നു.
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ മറ്റൊരു മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് കാനഡയില്‍ 1500 മീറ്ററില്‍ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 3:39:69 സെക്കന്റിനാണ് ജിന്‍സണ്‍ ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ സ്വീഡന്റെ ആന്ദ്രേസ് ആംഗ്രീനാണ് സ്വര്‍ണ്ണം (3:39:68).
ആദ്യ അവസരത്തില്‍ തന്നെ 7.93 മീറ്റര്‍ ചാടിയാണ് ഡെന്മാര്‍ക്കിലെ കോപ്പര്‍ഹേഗന്‍ അത്‌ലറ്റിക് മീറ്റില്‍ മുരളി ശ്രീശങ്കര്‍ സ്വര്‍ണം നേടിയത്. തുടര്‍ന്നുള്ള ചാട്ടങ്ങളില്‍ 7.89 മീറ്റര്‍, 7.88 മീറ്റര്‍, 7.61 മീറ്റര്‍ എന്നിങ്ങനെയായിരുന്നു ശ്രീശങ്കറിന്റെ പ്രകടനം. സീസണിലെ മികച്ച ചാട്ടത്തിനൊപ്പം വരുന്ന പ്രകടനമാണ് ശ്രീശങ്കര്‍ നടത്തിയത്.