ഇന്ത്യന്‍ സ്റ്റീപ്പിള്‍ ചേസ് താരത്തിന് ഒളിമ്പിക്സ് യോഗ്യത

3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിന്റെ യോഗ്യതാ മത്സരത്തില്‍ സഹതാരത്തിന്റെ കാലില്‍ തട്ടി വീണുപോയ അവിനാഷ് സാബ്ലേയ്ക്ക് അപ്പീലിലൂടെയാണ് ഫൈനലിന് യോഗ്യത ലഭിച്ചത്. 

Update: 2019-10-05 05:52 GMT
Advertising

ഇന്ത്യന്‍ സ്റ്റീപ്പിള്‍ ചേസ് താരം അവിനാഷ് സാബ്ലേയ്ക്ക് ഒളിമ്പിക്സ് യോഗ്യത. ദോഹയില്‍ ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ദേശീയ റെക്കോര്‍ഡോടെ യോഗ്യതാ മാര്‍ക്ക് പിന്നിട്ടതോടെയാണ് സാബ്ലേ ടോക്കിയോയിലേക്കുള്ള ടിക്കറ്റ് ലഭിച്ചത്. അതേസമയം, നടത്ത മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ കെ.ടി ഇര്‍ഫാനും ദേവേന്ദര്‍ സിങിനും മെഡല്‍ നേടാനായില്ല.

3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിന്റെ യോഗ്യതാ മത്സരത്തില്‍ സഹതാരത്തിന്റെ കാലില്‍ തട്ടി വീണുപോയ അവിനാഷ് സാബ്ലേയ്ക്ക് അപ്പീലിലൂടെയാണ് ഫൈനലിന് യോഗ്യത ലഭിച്ചത്. അതോടെ 2020 ഒളിമ്പിക്സിനുള്ള യോഗ്യതാ കടമ്പ കൂടിയായി സാബ്ലേയ്ക്ക് ലോക അത്‍ലറ്റിക് മീറ്റിലെ ഫൈനല്‍. എട്ട് മിനുട്ട് ഇരുപത്തിരണ്ട് സെക്കന്റാണ് യോഗ്യതാ മാര്‍ക്കെന്നിരിക്കെ എട്ട് മിനുട്ട് 21.37 സെക്കന്റ് കൊണ്ട് ഫിനിഷ് ചെയ്താണ് സാബ്ലേ അടുത്ത വര്‍ഷം ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയത്.

എന്നാല്‍ മത്സരത്തില്‍ പതിമൂന്നാം സ്ഥാനമാണ് സാബ്ലേയ്ക്ക് ലഭിച്ചത്. എട്ടാം ദിനം പിന്നീടുള്ള ഇന്ത്യന്‍ പ്രതീക്ഷകള്‍ നടത്ത മത്സരത്തിലായിരുന്നു. മലയാളി താരം കെ.ടി ഇര്‍ഫാനും ദേവേന്ദര്‍ സിങുമാണ് 20 കിലോമീറ്റര്‍ നടത്തത്തില്‍ മത്സരിക്കാനിറങ്ങിയത്. ഇതില്‍ കെ.ടി ഇര്‍ഫാന് 27 ാം സ്ഥാനത്തും ദേവേന്ദര്‍ സിങിന് മുപ്പത്തിയാറാം സ്ഥാനത്തും മാത്രമാണ് ഫിനിഷ് ചെയ്യാനായത്. ഇതോടെ ദോഹ ലോക അത്‍ലറ്റിക് മീറ്റില്‍ കന്നി മെഡലെന്ന സ്വപ്നം എട്ടാം ദിനവും യാഥാര്‍ത്ഥ്യമായില്ല.

Tags:    

Similar News