ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്ക് ഇന്ന് മൂന്നിനങ്ങളില്‍ മത്സരങ്ങള്‍
ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ വ്യക്തിഗത ഇനങ്ങളില്‍ ഇന്ത്യയുടെ അവസാനത്തെ ആയുധമാണ് പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ മത്സരിക്കാനിറങ്ങുന്ന ശിവപാല്‍ സിങ്.
ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഒമ്പതാം ദിനം ഇന്ത്യക്ക് മൂന്നിനങ്ങളില്‍ മത്സരങ്ങള്‍. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ശിവപാല്‍ സിങും നാലേ ഗുണം നാനൂറ് മീറ്ററില്‍ ഇന്ത്യന്‍ പുരുഷ വനിതാ ടീമും ഫൈനല്‍ തേടിയിറങ്ങും. രണ്ട് ദിനം കൂടി ബാക്കിയിരിക്കെ ഒമ്പത് സ്വര്‍ണവുമായി അമേരിക്ക തന്നെയാണിപ്പോള്‍ മീറ്റില്‍ ഒന്നാം സ്ഥാനത്ത്.
ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ വ്യക്തിഗത ഇനങ്ങളില്‍ ഇന്ത്യയുടെ അവസാനത്തെ ആയുധമാണ് പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ മത്സരിക്കാനിറങ്ങുന്ന ശിവപാല്‍ സിങ്. ഇതിന്റെ യോഗ്യതാ കടമ്പയാണ് ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് നടക്കുന്നത്. യോഗ്യത നേടുകയാണെങ്കില്‍ നാളെയാണ് ഫൈനല്‍ നടക്കുക. 4x400 മീറ്റര്‍ റിലേയിലാണ് പിന്നീടുള്ള ഇന്ത്യന്‍ പ്രതീക്ഷകള്‍. ഇതില്‍ വനിതാ വിഭാഗം ഹീറ്റ്സാണ് ആദ്യം നടക്കുന്നത്. മലയാളി താരങ്ങളായ വിസ്മയ, ജിസ്ന മാത്യൂ എന്നിവര്‍ക്ക് പുറമെ പൂവമ്മ, വീരമണി രേവതി, രാംരാജ് വിദ്യ എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ഇന്ത്യന്‍ സമയം 10.25 നാണ് ഈ മത്സരം. പുരുഷടീമില്‍ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, നോഹ് നിര്‍മ്മല്‍ ടോം, അമോജ് ജേക്കബ്, ആന്റണി അലക്സ് എന്നിവരെ കൂടാതെ ധരുണ്‍ അയ്യസ്വാമി, കെ.എസ് സുരേഷ്, എന്നിവരാണ് മത്സരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 10.55 നാണ് ഈ മത്സരം. യോഗ്യത നേടുകയാണെങ്കില്‍ നാളെയാണ് ഇരുവിഭാഗത്തിലും ഫൈനല്‍ നടക്കുക.
ഇല്ലെങ്കില്‍ ഇന്നത്തോടെ ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ പ്രാതിനിധ്യത്തിന് വിരാമമാകും. മീറ്റിന്റെ ഒമ്പതാം ദിനമായ ഇന്ന് ഏഴിനങ്ങളിലാണ് ഫൈനലുകള്‍ നടക്കുക. രണ്ട് ദിനങ്ങള്‍ കൂടി ബാക്കിയിരിക്കെ ഒമ്പത് സ്വര്‍ണമുള്‍പ്പെടെ 21 മെഡലുകളുമായി അമേരിക്ക ഒന്നാം സ്ഥാനത്തും ചൈന രണ്ടാം സ്ഥാനത്തും കെനിയ മൂന്നാം സ്ഥാനത്തുമാണ്.