രണ്ട് മണിക്കൂറില്‍ താഴെ മാരത്തണ്‍ ഓടി അത്ഭുതമായി കിപ്‌ചോഗെ
രണ്ട് മണിക്കൂര്‍ പൂര്‍ത്തിയാകാന്‍ 20 സെക്കന്റ് ബാക്കി നില്‍ക്കെയാണ് കിപ്‌ചോഗെ ലോകത്തിന്‍റെ മാരത്തണ്‍ സ്വപ്‌നം ഫിനിഷ് ചെയ്തത്...
മാരത്തണ്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഓടി തീര്‍ക്കുന്ന ആദ്യ മനുഷ്യനെന്ന ബഹുമതി കെനിയയുടെ എലൂദ് കിപ്‌ചോഗെക്ക്. ഒരു മണിക്കൂര്‍ 59 മിനുറ്റ് 40 സെക്കന്റിലാണ് 34കാരനായ കിപ്‌ചോഗെ 42.2 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയത്.
100 മീറ്റര്‍ ദൂരം 17 സെക്കന്റില്‍ തുടര്‍ച്ചയായി 400 തവണ ഓടിയാല്‍ എങ്ങനെയിരിക്കും? അതാണ് യഥാര്‍ഥത്തില്‍ കിപ്‌ചോഗെ ചെയ്തുകാണിച്ചത്. ആസ്‌ട്രേലിയയിലെ വിയന്ന പാര്‍ക്കില്‍ പ്രത്യേകം ഒരുക്കിയ പാതയിലൂടെയായിരുന്നു കിപ്‌ചോഗെ ഓടിയത്. ലക്ഷ്യം പൂര്‍ത്തിയാക്കാനായി ഓരോ കിലോമീറ്ററും 2.50 മിനുറ്റിലാണ് കിപ്‌ചോഗെക്ക് ഓടേണ്ടിയിരുന്നത്.
നേരത്തെ ഇറ്റലിയിലെ മോണ്‍സയില്‍ രണ്ട് വര്‍ഷം മുമ്പ് രണ്ട് മണിക്കൂറിനുള്ളില്‍ മാരത്തണ്‍ ഓടാന്‍ ശ്രമം നടന്നെങ്കിലും അന്ന് കിപ്‌ചോഗെക്ക് വിജയിക്കാനായിരുന്നില്ല. അന്ന് രണ്ട് മണിക്കൂര്‍ 25 സെക്കന്റിലായിരുന്നു കിപ്‌ചോഗെ ഫിനിഷ് ചെയ്തത്. 25 സെക്കന്റിന്റെ വ്യത്യാസത്തില്‍ അന്ന് പൊലിഞ്ഞ സ്വപ്‌നം 20 സെക്കന്റ് മുമ്പേ തീര്‍ത്താണ് കിപ്‌ചോഗെ അത്ഭുതമായിരിക്കുന്നത്.
🇬🇧 1954 Roger Bannister breaks the 4-minute mile
— INEOS 1:59 Challenge (@INEOS159) October 12, 2019
🇺🇸 1969 Neil Armstrong walks on the moon
🇯🇲 2009 @UsainBolt runs 100m in 09.58
🇰🇪 2019 @EliudKipchoge runs a sub two-hour marathon#INEOS159 #NoHumanIsLimited pic.twitter.com/HMXnxRohE3
ഓട്ടം തുടങ്ങി അവസാനിക്കുന്നതുവരെ കിപ്‌ചോഗെയുടെ വേഗത കുറയാതിരിക്കാനായി 41 പേസ് മേക്കര്‍മാരായ അത്‌ലറ്റുകള്‍ പലപ്പോഴായി കൂടെ ഓടി. പേസ്‌മേക്കര്‍മാരുടെ ചെറു സംഘത്തിനൊപ്പമായിരുന്നു കിപ്‌ചോഗെ ഓടിയത്. ഓട്ടത്തിന്റെ ഓരോ ഘട്ടത്തിലും നിലവിലെ വേഗതയില്‍ മാരത്തണ്‍ പൂര്‍ത്തിയാക്കാന്‍ എത്രസമയമെടുക്കുമെന്ന് കാണിക്കുന്ന കാറും ഓട്ടക്കാര്‍ക്ക് മുന്നിലായി പോയിരുന്നു. ഇതും ലക്ഷ്യം കണക്കുകൂട്ടാന്‍ കിപ്‌ചോഗെയേയും കൂട്ടരേയും സഹായിച്ചു. ഒടുവില്‍ പതിവു ചിരിയോടെ കിപ്‌ചോഗെ വിയന്നയിലെ ഫിനിഷ് ലൈന്‍ കടന്നു. തന്റെ ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ രണ്ട് മണിക്കൂറുകളെന്നാണ് വിയന്ന പാര്‍ക്കിലെ മാരത്തണ്‍ ഓട്ടത്തെ കിപ്‌ചോഗെ വിശേഷിപ്പിച്ചത്.
Sum up @EliudKipchoge's performance in 3⃣ words...#INEOS159 #NoHumanIsLimited pic.twitter.com/f9D8NVNyLZ
— INEOS 1:59 Challenge (@INEOS159) October 12, 2019
അതേസമയം, നിയന്ത്രിത സാഹചര്യങ്ങളിലെ ഓട്ടമായതിനാല്‍ രണ്ട് മണിക്കൂറില്‍ താഴെയുള്ള കിപ്‌ചോഗെയുടെ ഓട്ടം അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍(IAAF) അംഗീകരിച്ചിട്ടില്ല. വളവുകളും കയറ്റിറക്കങ്ങളും പരമാവധി കുറച്ചായിരുന്നു മാരത്തണ്‍ ട്രാക്ക് തയ്യാറാക്കിയിരുന്നത്.
നിലവില്‍ പുരുഷന്മാരുടെ മാരത്തണ്‍ ലോകറെക്കോഡ് എലൂദ് കിപ്‌ചോഗെയുടെ പേരില്‍ തന്നെയാണ്. കഴിഞ്ഞ ബെര്‍ലിന്‍ മാരത്തണില്‍ 2 മണിക്കൂര്‍ 01 മിനുറ്റ് 39 സെക്കന്റിനാണ് കിപ്‌ചോഗെയുടെ മാരത്തണ്‍ ഓടി റെക്കോഡ് സ്വന്തമാക്കിയത്. ലോക മാരത്തണുകളില്‍ ഏറ്റവും വേഗമേറിയ ട്രാക്കായാണ് ബെര്‍ലിനിലേത് വിശേഷിപ്പിക്കപ്പെടുന്നത്. ഈ വര്‍ഷത്തെ ബെര്‍ലിന്‍ മാരത്തണില്‍ എതോപ്യയുടെ കെന്നന്നീസ ബെക്കലീലിക്ക്(2:01.41) വെറും രണ്ട് സെക്കന്റ് വ്യത്യാസത്തിലാണ് ലോക റെക്കോഡ് നഷ്ടമായത്.