നടത്തത്തില്‍ ഭാവ്‌ന ജട്ടിന് ഒളിംപിക് യോഗ്യത

20 കിലോമീറ്റര്‍ നടത്തത്തില്‍ ദേശീയ റെക്കോഡ് മറികടക്കുന്ന പ്രകടനത്തിലൂടെയാണ് ഭാവ്‌ന ജട്ട് ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടിയത്.

Update: 2020-02-15 07:43 GMT
Advertising

ഭാവ്‌ന ജട്ടിന് 20 കിലോമീറ്റര്‍ നടത്തത്തില്‍ ഒളിംപിക്‌സ് യോഗ്യത. റാഞ്ചിയില്‍ നടന്ന ഏഴാമത് ദേശീയ നടത്ത ചാമ്പ്യന്‍ഷിപ്പിനിടെ ദേശീയ റെക്കോഡിനെ മറികടക്കുന്ന പ്രകടനം നടത്തിയാണ് ഭാവ്‌ന ഒളിംപിക്‌സിനെ യോഗ്യത നേടിയത്. രാജസ്ഥാന്‍കാരിയായ ഭാവ്‌ന 1:29.54നാണ് ഒന്നാം സ്ഥാനത്തെത്തിയത്.

ഒളിംപിക്‌സ് യോഗ്യത മാര്‍ക്കായ ഒരു മണിക്കൂര്‍ 31 മിനുറ്റിനേക്കാളും ഒരു മിനിറ്റിലേറെ കുറവ് സമയത്തിലായിരുന്നു ഭാവ്‌ന ഫിനിഷ് ചെയ്തത്. ദേശീയ റെക്കോഡില്‍ രണ്ട് മിനുറ്റിലേറെ കുറവ് വരുത്താനും 24കാരിക്ക് കഴിഞ്ഞു. നേരത്തെ ഭാവ്‌നയുടെ ഇതേ ഇനത്തിലെ മികച്ച സമയത്തേക്കാള്‍ ഒമ്പത് മിനുറ്റിലേറെ കുറഞ്ഞ സമയത്തിലാണ് താരം ഫിനിഷ് ചെയ്തത്.

അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ ഇന്ത്യ നടത്തുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഭാവ്‌നക്ക് മാത്രമാണ് ഇതുവരെ ഒളിംപിക്‌സ് യോഗ്യത നേടാനായത്. ഇതേയിനത്തില്‍ 36 സെക്കന്റിന്റെ വ്യത്യാസത്തില്‍ പ്രിയങ്ക ഗോസ്വാമിക്ക് ഒളിംപിക്‌സ് യോഗ്യത നഷ്ടമായി.

ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഭാവ്ന. നേരത്തെ മലയാളിയായ കെ.ടി ഇര്‍ഫാന്‍ പുരുഷവിഭാഗം നടത്തത്തില്‍ യോഗ്യത നേടിയിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ യോഗ്യത നേടിയ ഇര്‍ഫാനാണ് ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടുന്ന ആദ്യ കായികതാരം. 2016ലെ റിയോ ഒളിംപിക്‌സില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ മനീഷ് റാവത്തിന് ഒരു മിനുറ്റില്‍ കുറഞ്ഞ സമയത്തിലാണ് വെങ്കല മെഡല്‍ നഷ്ടമായത്.

Tags:    

Similar News