80 മഹീന്ദ്ര സ്‌കോർപിയോ നേപ്പാളിന് നൽകി ഇന്ത്യ, എന്തിനെന്നറിയാം...
മുമ്പും നേപ്പാളിന് ഇന്ത്യ വാഹനങ്ങൾ കൈമാറിയിട്ടുണ്ട്
ന്യൂഡൽഹി: 80 മഹീന്ദ്ര സ്‌കോർപിയോ പിക്കപ്പ് ട്രക്കുകൾ നേപ്പാളിന് നൽകി ഇന്ത്യ. രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നേപ്പാളിലെ തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്രസർക്കാർ വ്യാഴാഴ്ച വാഹനങ്ങൾ നൽകിയത്. നേപ്പാളിലെ ഇന്ത്യൻ അംബാസിഡർ നവീൻ ശ്രീവാസ്തവ നേപ്പാളിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ദിനേഷ് കുമാർ തപാലിയക്ക് വാഹനങ്ങൾ കൈമാറി. ഇതുവരെയായി അയൽരാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ത്യ 200ലേറെ വാഹനങ്ങളാണ് നൽകിയിട്ടുള്ളത്. അവരുടെ ആവശ്യപ്രകാരം 214 വാഹനങ്ങളാണ് ഇന്ത്യ നൽകിയിട്ടുള്ളത്.
'ജനപ്രതിനിധി- പ്രൊവിഷണൽ അസംബ്ലികളിലേക്കുള്ള തെരഞ്ഞെടുപ്പ് 2022 നവംബർ 20 ന് നടത്താനുള്ള പ്രവർത്തനങ്ങളിലാണ് ഞങ്ങളുള്ളത്. തെരഞ്ഞെടുപ്പ് സാമഗ്രികളും വാഹനങ്ങളും പിന്തുണയും നൽകി ഇന്ത്യൻ സർക്കാർ നമ്മെ സഹായിക്കുകയാണ്' തപാലിയ വാഹനകൈമാറ്റ ചടങ്ങിൽ പറഞ്ഞു.
ഇന്ത്യ നേപ്പാളിന്റെ നല്ല സുഹൃത്താണെന്നും ജനാധിപത്യ രാജ്യമെന്ന് നിലയിൽ ഈ അയൽവാസികൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം സ്വീകരിച്ച് വാഹനം നൽകുകയായിരുന്നുവെന്നും ഇവ നവംബർ 20ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 80 വാഹനങ്ങൾ തെരഞെ്ടുപ്പ് പ്രവർത്തനങ്ങൾക്കും 120 വാഹനങ്ങൾ സുരക്ഷാസേനക്ക് വേണ്ടിയുമാണ് ഉപയോഗിക്കുക. പർവത രാജ്യമായ നേപ്പാളിൽ എല്ലാ ഭൂപ്രകൃതികളിലും യോജിച്ച സ്‌കോർപിയോ ഏറെ ഉപകാരപ്രദമാകും.
മുമ്പും നേപ്പാളിന് ഇന്ത്യ വാഹനങ്ങൾ കൈമാറിയിട്ടുണ്ട്. നേപ്പാളി പൊലീസിനും സായുധ പൊലീസ് സേനക്കും നേപ്പാൾ സൈന്യത്തിനുമായി 2400ലേറെ വാഹനങ്ങളാണ് ആകെ നൽകിയിട്ടുള്ളത്. നവംബർ 20 ന് 165 അംഗ പ്രതിനിധി സഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
India has given 80 Mahindra Scorpio pickup trucks to Nepal