കാര്‍ വേണോ? റോള്‍സ് റോയ്‌സ് നിര്‍മിച്ചു തരും; വില കേട്ടാല്‍ ഞെട്ടും

ഓര്‍ഡര്‍ ചെയ്തവരുടെ ഭാവനയ്‌ക്കൊത്ത് കൈകള്‍ കൊണ്ടാണ് ഡിസൈന്‍ രൂപപ്പെടുത്തിയത്

Update: 2021-06-07 12:49 GMT
Editor : abs | By : Web Desk
Advertising

ചെലവഴിക്കാന്‍ പണമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കായി റോള്‍സ് റോയ്‌സ് ഇഷ്ടപ്പെട്ട കാര്‍ നിര്‍മിച്ചു തരും. ഇതിനായി മുടക്കേണ്ടത് ചെറിയ തുകയല്ല. 28 ദശലക്ഷം യുഎസ് ഡോളറാണ് കമ്പനി വില നിശ്ചയിച്ചിട്ടുള്ളത്. ഏകദേശം 202 കോടി ഇന്ത്യന്‍ രൂപ! ഇത്രയും തുക മുടക്കിയ മൂന്ന് അജ്ഞാത അതിസമ്പന്നര്‍ക്ക് ബോട്ട്‌ടെയ്ല്‍ എന്ന പേരില്‍ പുതിയ കാര്‍ നിര്‍മിച്ചു നല്‍കുകയാണ് റോള്‍സ് റോയ്‌സ്. കസ്റ്റമൈസ്ഡ് കാറുകൾ നിർമിച്ചു നൽകുന്ന ബെന്റ്‌ലിയുടെയും പോർഷെയുടെയും വഴിയാണ് ഒടുവില്‍ ബ്രിട്ടീഷ് വാഹന നിർമാതാക്കളും പിന്തുടരുന്നത്.


വാഹനലോകത്ത് ആഡംബരത്തിന്റെ മറുപേരാണ് റോൾസ് റോയ്‌സ് എന്നതില്‍ തര്‍ക്കമില്ല. അത്രയെളുപ്പത്തിൽ ഒരു വാഹനപ്രേമിക്കും സ്വന്തമാക്കാനാകാത്ത വാഹനം. എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിൽ റോൾസ് റോയ്‌സ് വിരാജിക്കുന്നതിന്റെ കാരണം അതിന്റെ വിലയും വിശ്വാസ്യതയും തന്നെ. ബോട്ട്‌ടെയിലിന്റെ ചിത്രങ്ങൾ വ്യാഴാഴ്ച കമ്പനി സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവച്ചു. 


ആഡംബര റേസിങ് യാച്ചായ ജെ ക്ലാസിന്റെ അണിയത്തിന്റെ മാതൃകയിലാണ് കാറിന്റെ പിൻഭാഗമുള്ളത്. അതുകൊണ്ടാണ് കാറിന് ബോട്ട് ടെയിൽ എന്ന പേരു വന്നത്. സാങ്കേതിക വിശേഷങ്ങളിലേക്ക് കടന്നാൽ മറ്റേതു ആഡംബര വാഹനങ്ങളേക്കാളും സൗകര്യങ്ങള്‍ ബോട്ട്‌ടെയ്‌ലിനുണ്ട്. നാലു സീറ്റുള്ള ലക്ഷ്വറി കാറിന്റെ നീളം 19 അടി. റോൾസ് റോയ്‌സ് ഫാന്റത്തിന്റേതാണ് ഇന്ധന സവിശേഷതകൾ. ഫാന്റത്തിന്റെ 6.75 ലിറ്റർ, 563 എച്ച്പി ട്വിൻ ടർബോ വി12 എഞ്ചിനാണ് ബോട്ട്‌ടെയ്‌ലിന്റേതും.


ഇരുപതുകളിലെയും മുപ്പതുകളിലെയും ക്ലാസിക് കാറുകളുടെ ഡിസൈനാണ് കാറിന്റെ ബോഡിയിൽ സ്വീകരിച്ചിട്ടുള്ളത്. ഡിക്കിയുടെ പിൻഭാഗം ശലഭച്ചിറകുകൾ പോലെ ഉയരും. കോക്ക്‌ടെയിൽ ടേബിളും ബീച്ച് അംബ്രലയുമുണ്ട്. അതിനു താഴെ കാർബൺ നിർമിത പിക്‌നിക് കസേരയിൽ രണ്ടു പേർക്കിരുന്ന് കൊച്ചുവർത്തമാനം പറയാം. പിന്നിൽ കൂളറും ഫ്രിജും ഫുഡ് കണ്ടെയ്‌നറും. സ്വിസ് ബോവി 1822 ആഡംബര വാച്ചുകളുമുണ്ട്. 


ഓർഡർ ചെയ്തവരുടെ ഭാവനയ്‌ക്കൊത്ത് കൈകൾ കൊണ്ടാണ് ഡിസൈൻ രൂപപ്പെടുത്തിയത്. ഓര്‍ഡര്‍ ചെയ്തവരുടെ ഭാവനയ്‌ക്കൊത്ത് കാർ നിർമിക്കാൻ മൂന്നു വർഷമെടുത്തു എന്നാണ് റിപ്പോർട്ട്.  പുതിയ റോൾസ് റോയ്‌സ് നിർമിക്കുന്നതിൽ ഓർഡർ ചെയ്ത വ്യക്തികൾ വ്യക്തിപരമായി തന്നെ ഇടപെട്ടു എന്നാണ് കമ്പനി സിഇഒ ടോർസ്റ്റൺ മുള്ളർ ഓട്വോസ് പറയുന്നത്. ബോട്ട്‌ടെയിൽ എത്തുന്നതിന് മുമ്പ് 2017ൽ വിറ്റ റോൾസ് റോയ്‌സ് സ്വപ്‌റ്റെയ്ൽ ആയിരുന്നു ലോകത്തെ വില കൂടിയ കാർ.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News