'പറഞ്ഞാല്‍ മതി'; പണം അയക്കാൻ പുതിയ എഐ ഫീച്ചറുമായി ഗൂഗിൾ പേ
ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ഇടപാട് നടത്താന്‍ പാകത്തിലുള്ള ഫീച്ചറാണ് ഗൂഗിള്‍ പേ അവതരിപ്പിക്കാനൊരുങ്ങുന്നത്.


ന്യൂഡല്‍ഹി: എഐ തരംഗത്തിനിടയില്‍ ആവേശകരമായ ഫീച്ചറുമായി ഗൂഗിള്‍ പേ. ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ഇടപാട് നടത്താന്‍ പാകത്തിലുള്ള ഫീച്ചറാണ് ഗൂഗിള്‍ പേ അവതരിപ്പിക്കാനൊരുങ്ങുന്നത്.
വോയിസ് കമാന്റ് വഴി അതായത് പറഞ്ഞ് കൊടുത്താല്‍ ഇടപാട് നടത്താനാകും എന്നാണ് പുതിയ ഫീച്ചര്‍. അടുത്ത് തന്നെ ഫീച്ചര്‍, ഗൂഗിള്‍ പേ ആപ്പില്‍ ലഭ്യമായിത്തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഗൂഗിള്‍ പേയുടെ പ്രൊഡക്ട് മാനേജര്‍ ശരത് ബുലുസു ഇക്കാര്യം സ്ഥിരികരിക്കുന്നുണ്ട്. എന്നാല്‍ ഫീച്ചറിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തുന്നില്ല.
ഗൂഗിള്‍ പേയില്‍ വോയ്സ് കമാന്‍ഡുകള്‍ അവതരിപ്പിക്കുന്നതോടെ, നിരക്ഷരര്‍ക്ക് പോലും ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ നടത്തുന്നത് എളുപ്പമാകും. സ്‌കാൻ ചെയ്തും നമ്പർ കൊടുത്തുമൊക്കെയാണ് നിലവിൽ ഗൂഗിൾ പേയ്‌മെന്റിലൂടെ ഇടപാട് നടത്തുന്നത്. വോയിസ് കമാന്റ് കൂടി വരുന്നതോടെ കാര്യങ്ങൾ ഒന്നുകൂടി എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം പ്രാദേശിക ഭാഷകളില്‍ പേയ്മെന്റുകള്‍ സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള 'ഭാസിനി' എഐ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരുമായി കൈകോര്‍ത്ത് ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിനുപുറമെ, ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന സൈബർ തട്ടിപ്പുകളെ ചെറുക്കുന്നതിന് മെഷീൻ ലേണിംഗിലും എഐ സാങ്കേതികവിദ്യകളിലും ഗൂഗിൾ നിക്ഷേപം നടത്തുന്നുണ്ട്. രാജ്യത്ത് ഫോണ്‍ പേ, ഗൂഗിള്‍ പേ എന്നിവയാണ് യുപിഐ പേയ്‌മെൻ്റ് സംവിധാനത്തില്‍ ആധിപത്യം പുലര്‍ത്തുന്നത്. 2024 നവംബറിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, മൊത്തം യുപിഐ ഇടപാടുകളുടെ 37 ശതമാനം വിഹിതവും ഗൂഗിൾ പേയ്‌ക്കാണ്. ഫോൺപേയ്‌ക്ക് 47.8 ശതമാനവും.