കവിത, വിശപ്പ്, ഭ്രാന്ത്: ബാംഗ്ലൂരിലെ പട്ടിണികാലങ്ങള്‍
അസ്തിത്വവാദം, തീവ്രവിപ്ലവം, ആത്മീയവാദം, സെന്‍ബുദ്ധിസം, ഉത്തരാധുനികത എന്നിങ്ങനെയുള്ള ഒട്ടേറെ മാരണങ്ങളും അള്‍ത്തുസര്‍, ജീന്‍പോള്‍ സാര്‍ത്ര്, രജനീഷ്, ജെ. കൃഷ്ണമൂര്‍ത്തി മുതലായ ഒടിയന്മാരും പറന്ന് നടന്ന് യുവാക്കളെ പിടികൂടിയിരുന്ന ഒരു കാലം.
വീട്ടുകാരും നാട്ടുകാരുമായ് ബന്ധത്തിന്റെ കണ്ണികള്‍ തല്‍ക്കാലം മുറിഞ്ഞുപോയ ഒരു മനുഷൃന്‍ ദൂരെയേതോ നഗരത്തില്‍ ഒരഗതിയായ് ജീവിക്കുകയാണെന്ന് കരുതുക. അയാള്‍ക്ക് മനസ്സിനും ശരീരത്തിനും ലേശം അസുഖമുണ്ട്. അയാള്‍ ചികിത്സയിലുമാണ്. ഭക്ഷണം കഴിക്കാനോ നിത്യചിലവിനോ കൈയില്‍ ചില്ലി കാശുമില്ല. ഒരു തൊഴില്‍ തേടി അയാള്‍ റെസ്റ്റോറന്റുകളും ഷോപ്പുകളും പിന്നിടുന്നു. വിശപ്പ്കൊണ്ട് അയാള്‍ തളര്‍ന്നു കഴിഞ്ഞു. കാലുകള്‍ മുന്നോട്ടായുന്നില്ല. തൊട്ടടുത്ത വിശാലമായ പാര്‍ക്കില്‍ കല്യാണമേളം കേട്ട് എന്തെങ്കിലും ശാപ്പാട് കിട്ടുമോ എന്ന ആകാംക്ഷയില്‍ അങ്ങോട്ട് കേറി ചെല്ലുന്നു. പെട്ടെന്ന് അയാള്‍ക്ക് മുന്‍പില്‍ നൂറിന്റെയും പത്തിന്റയും നോട്ടുകള്‍ പാറിപ്പറക്കുന്നു. എന്തായിരിക്കും അപ്പോഴയാളുടെ മാനസികാവസ്ഥയെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?
ഞാനീ പറഞ്ഞത് ഒരു സ്വപ്നദൃശ്യമല്ല. എന്റെ ജീവിതത്തില്‍ യഥാര്‍ഥമാി സംഭവിച്ചതാണ്. ഭൂതകാലത്തിന്റെ ഒരു പ്രത്യേക ദശാസന്ധിയില്‍ ഞാന്‍ അനുഭവിച്ചതാണ്. ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് കവിതയും വായനയും തത്വചിന്തയുമായി മാത്രം കഴിഞ്ഞുകൂടിയ ദിനരാത്രങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു. ലോകത്ത് നടക്കുന്ന എല്ലാ കൊടിയ അനീതികള്‍ക്കുമെതിരെ വളരെ 'സെന്‍സിറ്റീവ്'ആയി പ്രതികരിക്കുകയും എല്ലാ മനുഷ്യരും സുഖസുന്ദരമായ സമത്വത്തോടെ പുലരുന്നത് സ്വപ്നം കാണുകയും ചെയ്തിരുന്ന ഒരു വിഡ്ഢിയായിരുന്നു ഞാനന്ന്. ആ കാലത്ത് പലപ്പോഴും എന്റെ ചിന്തകള്‍ കാല്‍പനികതയില്‍ നിരന്തരമായി അഭിരമിച്ച് ദിശമാറി, സ്വപ്നാടനങ്ങളായി മാറിപ്പോകുമായിരുന്നു.
ആധുനിക ഭാവുകത്വത്തിന്റെ അസ്തമയശോഭകളില്‍ ജനിച്ച് മുതിരുകയും പിന്നീടുണ്ടായ ഉത്തരാധുനികതയില്‍ ജീവിക്കാന്‍ വിധിക്കപ്പെടുകയും ചെയ്ത അനേകരില്‍ ഒരുവനാണ് ഞാന്‍. ഉത്തരാധുനിക ഭാവുകത്വത്തിന്റെ തലയും 70 കളുടെ നിഷേധത്തിന്റെയും വിപ്ലവോന്മുഖതയുടെയും അസ്തിത്വ ദുഃഖത്തിന്റെയും വാലും കൂടി ചേര്‍ന്നതാണ് എന്റെ സ്വത്വ രൂപീകരണം. 70 കളുടെ രോഗാതുരത്വവും നിഷേധാത്മകതയും നിറഞ്ഞ സാഹിത്യത്താല്‍ സ്വാധീനിക്കപ്പെട്ട് സ്വന്തം പരിസരങ്ങളോട് അന്യത്വം പ്രാപിച്ച ഒട്ടേറെ ചെറുപ്പക്കാര്‍ കേരളത്തിലെ ഓരോ ഗ്രാമത്തിലുമുണ്ടായിരുന്നു. എന്റെ ഗുരുക്കന്മാരും എന്നെ സ്വാധീനിച്ചവരും ഈ ഗണത്തില്‍ പെട്ടവരായിരുന്നു. അക്കാലത്തിന്റെ മുദ്ര ഏറ്റുവാങ്ങിയ ഇവരില്‍ ഒട്ടേറെ മിഥ്യാടനങ്ങള്‍ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. കടുത്ത വൈയക്തികതയും അതിന്റെ നേര്‍വിപരീതമായ സാമൂഹികതയും തമ്മിലുള്ള സംഘര്‍ഷസ്ഥലിയിലായിരുന്നു ഇവരില്‍ പലരും ജീവിച്ചിരുന്നതെന്നും എനിക്ക് തോന്നിയിട്ടുണ്ട്. അവരില്‍നിന്നും പകര്‍ന്നു കിട്ടിയ ഒട്ടേറെ ചിന്താപ്രഹേളികകളും ജന്മനാ എന്നില്‍ കുടികൊണ്ടിരുന്ന ഒട്ടേറെ അസാധാരണത്വങ്ങളും കൂടിച്ചേര്‍ന്ന് വല്ലാത്തൊരു ഭ്രമലോകത്തേക്ക് ഞാനാ കാലത്ത് അകപ്പെട്ടു.
അന്യത്വവും സ്വയമപരിചിതത്വവും തോന്നുന്ന ഈ അവസ്ഥയെ മറികടക്കാനും സ്വന്തം ആത്മബോധം വീണ്ടെടുക്കാനും ഞാനാഗ്രഹിച്ചു. ഇതിന് നല്ല ഒരു മനഃശാസ്ത്രജ്ഞന്റെ കൗണ്‍സലിംഗ് ആവശ്യമാണെന്ന് എനിക്ക് തോന്നി. മനഃശാസ്ത്രജ്ഞന്‍ നാഗരിക സംസ്‌കാരത്തിന്റെ പുരോഹിതനാണെന്ന് പറഞ്ഞത് എറിക്ഫ്രോമാണ്. പണ്ട് നാം ഗുരുക്കന്‍മാരില്‍നിന്നോ മുതിര്‍ന്നവരില്‍നിന്നോ ആണ് ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നത്. ദുഃഖങ്ങള്‍ പറഞ്ഞ് സ്വയമൊഴിയാനും പ്രശ്നങ്ങള്‍ക്ക് പ്രതിവിധി നിശ്ചയിക്കാനും പണ്ട് ആത്മീയാചാര്യന്മാരും ഗുരുക്കന്മാരുമാണ് ഉണ്ടായിരുന്നതെങ്കില്‍ ഈ കാലത്ത് ഫീസു വാങ്ങി നമ്മുടെ സ്വകാര്യദുഃഖങ്ങള്‍ കേള്‍ക്കുന്ന മനഃശാസ്ത്രജ്ഞരുണ്ടായി.
എന്തായാലും മനഃശാസ്ത്രജ്ഞന്മാരിലുണ്ടായിരുന്ന, പിന്നീട് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ട എന്റെ അമിതവിശ്വാസവും അവരുടെ കാന്തികമായ ആകര്‍ഷണവും ലോകത്തിലെ ഏറ്റവും നല്ല മാനസികാരോഗ്യ കേന്ദ്രങ്ങളിലൊന്നായ ബാംഗ്ലൂര്‍ നിംഹാന്‍സിലേക്ക് പോകാന്‍ പ്രേരിപ്പിച്ചു. ആയിടയ്ക്ക് ഏതോ മാസികയില്‍ നിംഹാന്‍സിനെക്കുറിച്ചുള്ള ആകര്‍ഷകമായ ലേഖനം ഞാന്‍ വായിച്ചിരുന്നു. അന്ന് ബാംഗ്ലൂരില്‍ ജെ.ആര്‍ മാര്‍ക്കറ്റില്‍ മൊയ്തുണ്ണി എന്ന് പേരുള്ള എന്റെ ഒരു ബന്ധു പഴക്കച്ചവടം നടത്തിയിരുന്നു. ഉടനെ ഞാന്‍ അയാള്‍ക്ക് എന്റെ വിവരങ്ങള്‍ വെച്ചുകൊണ്ട് നിംഹാന്‍സില്‍ ഒരു സൈക്കോ തെറാപ്പിക്ക് വിധേയനാകാനുള്ള ആഗ്രഹത്തെപ്പറ്റിയെഴുതി. തന്റെ ഇളയ സഹോദരന്റെ ജീവിത പുരോഗതിയില്‍ വളരെ താല്‍പര്യമുണ്ടായിരുന്ന അയാള്‍ അടുത്ത മാസം തന്റെ അനിയന്‍ റഫീഖ് ബാംഗ്ലൂരിലേക്ക് പോരുന്നുണ്ടെന്നും അതിനാല്‍ അയാളുടെ കൂടെ വരാനും എനിക്കെഴുതി. ആ വര്‍ഷത്തെ വേനലില്‍ മൊയ്തുണ്ണിയുടെ അനിയന്‍ റഫീക്കുമായി ഞാന്‍ ബാംഗ്ലൂരിലേക്ക് വണ്ടികയറി.
എന്റെ ബന്ധു ബാംഗ്ലൂരിലെ വലിയ കച്ചവടക്കാരനാണെന്ന് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ അയാള്‍ക്കവിടെ ഒരു ചെറിയ പേട്ടിക്കടയാണുണ്ടായിരുന്നത്. എന്നിട്ടും തന്റെ ദാരിദ്രത്തില്‍ നിന്നുകൊണ്ടുതന്നെ അയാള്‍ എന്നോട് കാട്ടിയ ഉദാരതയെയും സ്നേഹത്തെയും വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. അയാളുടെ കുടുസ്സുമുറിയില്‍ ഉപജീവനത്തിനെത്തിയ ഒട്ടേറെ മലയാളികള്‍ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്തു. പിറ്റേന്ന് തന്നെ മൊയ്തുണ്ണിയുമായി നിംഹാന്‍സിലേക്ക് വെച്ചടിച്ചു. പോരുമ്പോള്‍ നിംഹാന്‍സില്‍ മുന്‍പ് പ്രാക്ടീസ് ചെയ്തിരുന്ന തൃശൂരുള്ള ഒരു ഡോക്ടറില്‍ നിന്നും ഒരു കത്ത് സംഘടിപ്പിച്ചിരുന്നു. ആ ഡോക്ടര്‍ക്ക് എന്റെ കവിതകള്‍ വലിയ ഇഷ്ടമായിരുന്നു. ഇയാള്‍ തത്വശാസ്ത്രത്തില്‍ താല്‍പര്യമുള്ളയാളും പ്രതിഭയുള്ള ഒരു കവിയാണെന്നും മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് തന്ന കത്തില്‍ ആ ഡോക്ടര്‍ എഴുതിരുന്നു. ഇയാള്‍ക്ക് ചിന്താപരമായ ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഇയാളുടെ സംശയങ്ങള്‍ താങ്കള്‍ തീര്‍ത്ത് കൊടുക്കുമെന്ന് താന്‍ പ്രത്യാശിക്കുന്നതായും ഡോക്ടര്‍ ആ കുറിപ്പില്‍ കൂട്ടിചേര്‍ത്തു. ഒരു ഗുരുകുലത്തിലേക്കോ, സര്‍വ്വകലാശാലയിലേക്കോ പോകുന്ന ലാഘവത്തോടെയാണ് ഞാനെന്ന ജ്ഞാനാര്‍ഥി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പോയതെന്ന് ഓര്‍ക്കുമ്പോള്‍ അന്നും ഇന്നും ഉള്ളില്‍ ചിരിപൊട്ടും. പക്ഷേ, എന്തു ചെയ്യാം... മനസ്സിനെ പിടികൂടിയിരുന്ന പലതരം ബാധകള്‍ മാറേണ്ടേ... അസ്തിത്വവാദം, തീവ്രവിപ്ലവം, ആത്മീയവാദം, സെന്‍ബുദ്ധിസം, ഉത്തരാധുനികത എന്നിങ്ങനെയുള്ള ഒട്ടേറെ മാരണങ്ങളും അള്‍ത്തുസര്‍, ജീന്‍പോള്‍ സാര്‍ത്ര്, ഓഷോ രജനീഷ്, ജെ. കൃഷ്ണമൂര്‍ത്തി മുതലായ ഒടിയന്മാരും പറന്ന് നടന്ന് യുവാക്കളെ പിടികൂടിയിരുന്ന ഒരു കാലമായിരുന്നല്ലോ അത്.
ഞാനും മൊയ്തുണ്ണിയും ജെ.ആര്‍. മാര്‍ക്കറ്റില്‍നിന്ന് ബസ്സുകേറി ഫ്രെയ്സ് ടൗണിനരികിലുള്ള നിംഹാന്‍സ് ഹോസ്പിറ്റലിലെത്തി. നിംഹാന്‍സിന്റെ മുമ്പില്‍ വെച്ചുപിടിപ്പിച്ചിരുന്ന പൂത്ത വാകമരങ്ങളാണ് എന്നെ ഏറ്റവും ആദ്യം ആകര്‍ഷിച്ചത്. വൃത്തിയും ഭംഗിയുമുള്ള ആ കെട്ടിടത്തിന്റെയുള്ളിലൂടെ കടന്ന് ഞങ്ങള്‍ ഒ.പിയിലെത്തി. നിംഹാന്‍സിലെ ഒന്നാമനായിരുന്ന തമിഴ്നാട് സ്വദേശി ഡോ. രഘുറാമിനായിരുന്നു തൃശൂര്‍ക്കാരന്‍ ഡോക്ടര്‍ കത്തുതന്നിരുന്നത്. ഡോ. രഘുറാമിന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. ഡോക്ടര്‍ രഘുറാം കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു. മാസത്തില്‍ രണ്ടാഴ്ച ബാംഗ്ലൂരും രണ്ടാഴ്ച അമേരിക്കയിലും അദ്ദേഹം കറങ്ങുന്നു. അദ്ദേഹത്തിന് മാറ്റാന്‍ കഴിയാത്ത ഒരു മാനസികരോഗവും ലോകത്തിലില്ല. അങ്ങിനെ ഞങ്ങള്‍ ഭവ്യതയോടെ കൈയ്യിലുണ്ടായിരുന്ന കത്ത് മേശപ്പുറത്ത് വച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഡോ. രഘുറാം എന്റെ പേര് വിളിച്ചു. തുടര്‍ന്ന് ഡോ. രഘുറാം നല്ല വളപ്പന്‍ ഇംഗ്ലീഷില്‍ ചെറിയൊരു സംഭാഷണം നടത്തി. അദ്ദേഹമിരുന്ന മുറിയില്‍ ഒരുപാട് മനഃശാസ്ത്രജ്ഞന്മാരും മനോരോഗവിദഗ്ധരും ഉണ്ടായിരുന്നു. ' നിങ്ങള്‍ ഒരു കവിയാണോ?' അദ്ദേഹം ചോദിച്ചു. അന്ന് എന്റെ കവിതകള്‍ വെളിച്ചം കണ്ടിട്ടില്ല, എന്നാലും എല്ലാം നല്ല കയ്യക്ഷരത്തിലാക്കി ഞാന്‍ സൂക്ഷിച്ചിരുന്നു. ഞാനാ കൈയ്യെഴുത്തു പുസ്തകം അദ്ദേഹത്തെ കാണിച്ചു. (ഈ കൈയ്യെഴുത്തു പുസ്തകത്തിലെ കവിതകള്‍ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു അതുല്യ സാഹിത്യകാരന്‍ പ്രസിദ്ധീകരണത്തിനായ് വാങ്ങുകയും അയാളുടെ കാര്‍മികത്ത്വത്താല്‍ അവ അച്ചടിമഷി പുരളുകയും ചെയ്തു).
'നിങ്ങളെന്തെങ്കിലും പണി കൃത്യമായി ചെയ്താല്‍ മതി എല്ലാ പ്രശ്നങ്ങളും മാറും'. മനോരോഗം പോയിട്ട് എനിക്ക് ഒരു ചുക്കുമില്ലെന്ന അര്‍ഥത്തില്‍ അല്‍പം പരിഹാസം കലര്‍ത്തി രഘുറാം പറഞ്ഞു. ഞാനെന്റെ ഏകാഗ്രതക്കുറവിനെപ്പറ്റിയും വിചിത്ര ചിന്തകളെക്കുറിച്ചും സമൂഹവുമായ് എനിക്ക് വല്ലാത്ത 'കമ്മ്യൂണിക്കേഷന്‍ ഗ്യാപ്' അനുഭവപ്പെടുന്നതിനെ പറ്റിയും ഞാനദ്ദേഹത്തോട് ഖേദത്തോടെ പറഞ്ഞു.
ഉടനെ അദ്ദേഹം എന്നെ കുറച്ചു നാളത്തേക്ക് അഡ്മിറ്റ് ചെയ്തു. വൃത്തിയും ഭംഗിയുമുള്ള ഒരു കെട്ടിടത്തിലായിരുന്നു എന്റെ വാര്‍ഡ്. രാവിലെ പ്രാതല്‍. ഉച്ചക്ക് പച്ചരിച്ചോറും സാമ്പാറും, രാത്രി ചപ്പാത്തിയും സാമ്പാറും. ഇതായിരുന്നു ഭക്ഷണക്രമം. തൊട്ടടുത്ത വാര്‍ഡുകളില്‍ ചെറിയ വട്ടുമാത്രമുള്ള ഒട്ടേറെ മനുഷ്യരുണ്ടായിരുന്നു. ഹണി ഒബ്റോയ് എന്ന പേരുള്ള ഓവല്‍ ആകൃതിയില്‍ ഗ്ലാസ്സുള്ള കണ്ണട വെച്ച ചെറുപ്പക്കാരിയായിരുന്നു എന്റെ തെറാപ്പിസ്റ്റ്. അവര്‍ വ്യവസായ പ്രമുഖരായ ഒബ്റോയ് ഫാമിലിയില്‍പ്പെട്ടവരായിരുന്നു.
ആശുപത്രിയില്‍ എത്തിയപ്പോള്‍ നന്നായി വായിക്കാന്‍ പറ്റിയ ഒരിടം എന്നായിരുന്നു എന്റെ തോന്നല്‍. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, സാര്‍ത്രിന്റെ അസ്തിത്വദര്‍ശനം, വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം മുതലായ കൃതികള്‍ക്കൊപ്പം എ. അയ്യപ്പന്റെ ബലിക്കുറിപ്പുകളും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പതിനെട്ടു കവിതകളും എന്റെ തോള്‍സഞ്ചിയില്‍ ഉണ്ടായിരുന്നു. ഒരു രോഗിയെന്ന സുഖസംരക്ഷണത്വത്തില്‍ ഒരു ഭാരവുമില്ലാതെ ഒരു ഉത്തരവാദിത്വവും ഏല്‍ക്കാതെ ഭാവനയുടെ സാമ്രാജ്യത്തില്‍ അങ്ങിനെ സുഖിച്ചു കഴിയുക എന്നത് ബഹുരസമായിരുന്നു.
തെറാപ്പിസ്റ്റായ ഡോ. ഹണിയുമായി തനിക്ക് തോന്നുന്ന ഫാന്റസികളെപ്പറ്റി തുറന്നു സംസാരിക്കുക, മനസ്സിന്റെ വികല്‍പങ്ങള്‍ എങ്ങനെ മാറ്റാമെന്ന് സ്വയം മനസ്സിലാക്കുക, അതിന് തെറാപ്പിസ്റ്റിന്റെ ഗൈഡ്ലൈന്‍ സ്വീകരിക്കുക. ഇതായിരുന്നു ചികിത്സയുടെ രീതി. ചിലപ്പോള്‍ ഉന്നതനായും മറ്റു ചിലപ്പോള്‍ അധമനായും തോന്നുന്ന ഒട്ടും ബാലന്‍സില്ലാത്ത ജീവിത അവബോധം... ഒരിടത്ത് 'പൂജ്യ'വും വേറൊരിടത്ത് 'നൂറു' മാകുന്ന വ്യത്യസ്ത സത്വബോധങ്ങള്‍... സ്വന്തം ചിന്താലോകവും പ്രായോഗിക ലോകവും തമ്മില്‍ വേറിട്ടു നില്‍ക്കുന്ന ഭീതിദാവസ്ഥ... ഒക്കെ അവരോട് തുറന്നു സംസാരിച്ചു.
ആഴത്തിലുള്ള മനുഷ്യസ്നേഹവും ഉയര്‍ന്ന ചിന്താനിലവാരവും പുലര്‍ത്തിയിരുന്ന ഒരു ചികിത്സകയായിരുന്നു ഡോ. ഹണി ഒബ്റോയ്. ഞാന്‍ നിംഹാന്‍സ് വിട്ടതില്‍ പിന്നെയും അഞ്ചാറു വര്‍ഷം അവര്‍ എനിക്ക് തുടര്‍ച്ചയായി എഴുതി. സൈക്കോ തെറാപ്പിയില്‍ അവരോടുള്ള നിരന്തര ചോദ്യങ്ങളും അതിന് മറുപടി പറയാനുള്ള അവരുടെ വൈഷമ്യവും കൊണ്ട് അവരാകെ കുഴഞ്ഞു. 'ചെറിയ ഒരു ഒക്കുപ്പേഷന്‍ തെറാപ്പി (തൊഴില്‍ ചിന്ത) നന്നായിരിക്കും' അവര്‍ പറഞ്ഞു.
ഇതിനിടയിലാണ് നാടകീയമായി പലതും സംഭവിച്ചത്. ഡോക്ടര്‍ രഘുറാം മൂന്നുമാസം അമേരിക്കയിലായിരിക്കും എന്നറിഞ്ഞു. ആശുപത്രിയില്‍ മേധാവിത്വം കന്നടക്കാരായ നഴ്സുമാര്‍ക്കും മറ്റു സ്റ്റാഫുകള്‍ക്കുമായിരുന്നു. ഡോക്ടര്‍മാര്‍ വെറും പാവകള്‍ മാത്രമായിരുന്നു. അവര്‍ക്ക് മലയാളികളോട് കടുത്ത വിദ്വേഷമായിരുന്നു. ആ വാര്‍ഡിന്റെ ചുമതല ജാനിക എന്ന ഹെഡ് നഴ്സിനായിരുന്നു. അവര്‍ എന്നെ ജനറല്‍ വാര്‍ഡിലേക്ക് മാറ്റി.
ജനറല്‍ വാര്‍ഡില്‍ ശത്രുത കുറെക്കൂടി രൂക്ഷമായിരുന്നു. എല്ലാ കന്നടക്കാരായ സ്റ്റാഫും ഏതോ പ്രതികാരവാഞ്ചയോടുകൂടിയാണ് പെരുമാറിയിരുന്നത്. ജനറല്‍ വാര്‍ഡ് പലതരം വട്ടന്മാരുടെ കേളീരംഗമായിരുന്നു. ഒരുത്തന്‍ സൗഹൃദത്തില്‍ ചുമലില്‍ ഒരറ്റയടി! അതേറ്റ് പ്രാണന്‍ പകുതി പോകും. ഒരു താടിക്കാരന്‍ ഫക്കീര്‍ അയാളുടെ ബെഡ്ഡില്‍ പുറത്ത് കേറി എല്ലാ നേരവും നമസ്‌കാരത്തോട് നമസ്‌കാരം! തലക്ക് കടന്നല്‍ കൂട് വെച്ചതുപോലെ പുതിയ വാര്‍ഡില്‍ കന്നട നഴ്സുമാരുടെ പ്രതികാരം ഭംഗിയായി തന്നെ എന്നില്‍ ഏറ്റു.
ഡോ. ഹണി മൂന്നുനേരം ജനറല്‍ വാര്‍ഡിലെത്തും. എനിക്ക് ഇഡ്ഡലിയും ഉപ്പുമാവും വാങ്ങി തന്നു. എപ്പോഴും എന്നോട് സാന്ത്വനത്തിന്റെ വാക്കുകള്‍ പറയും. പക്ഷേ, നഴ്സുമാരുടെ ബ്യൂറോക്രസിയെ മറികടന്ന് പഴയ എക്സിക്യൂട്ടീവ് വാര്‍ഡിലേക്ക് എന്നെ മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ബന്ധുവായ മൊയ്തുണ്ണി ആഴ്ചയിലൊരിക്കല്‍ വരുമായിരുന്നു. അയാള്‍ വരുമ്പോള്‍ കുറച്ചു പണം തന്നു. അയാളും നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. ഞാനാകെ കുഴഞ്ഞു. എനിക്ക് കിട്ടിയിരുന്ന ഭക്ഷണം അറ്റന്‍ഡര്‍മാര്‍ വളരെ വെട്ടികുറച്ചിരുന്നു. എന്റെ പാത്രത്തില്‍ 'ഇത്തിരി മാത്രം' അവര്‍ തോണ്ടിവച്ചു. (ഈയിടെ പോളീഷ് സംവിധായകനായ പൊളന്‍സ്‌കി സംവിധാനം ചെയ്ത ഒലിവര്‍ ട്വിസ്റ്റിന്റെ ചലച്ചിത്ര സാക്ഷാല്‍ക്കാരം കണ്ടപ്പോള്‍, അനാഥശാലയിലെ വിളമ്പുകാര്‍ ഒലിവര്‍ ട്വിസ്റ്റിന്റെ പാത്രത്തില്‍ അല്‍പം ഭക്ഷണം മാത്രം തോണ്ടിവെക്കുന്നതു കണ്ടപ്പോള്‍ പഴയ ഓര്‍മകള്‍ തികട്ടി വന്നു)
വീട്ടിലേക്ക് കത്തയച്ചെങ്കിലും ഉമ്മ എന്നെയോര്‍ത്ത് വല്ലാത്ത മാനസികാസ്വസ്ഥതയില്‍ ആയിരുന്നതിനാല്‍ മറുപടി ഒന്നും വന്നില്ല. ബന്ധുക്കളം മറുപടി അയച്ചില്ല. അവരില്‍നിന്നും അല്‍പം പണം നേടാമെന്ന ആശയും തകര്‍ന്നു. എല്ലാ ദിവസവും ആശുപത്രിയില്‍ പലതരം ആളുകള്‍ സന്ദര്‍ശനം നടത്തിയിരുന്നു. പാതിരിമാര്‍, മിഷണറി പ്രവര്‍ത്തകര്‍, ബാംഗ്ലൂരിലെ മറ്റു ഹോസ്പിറ്റലുകളിലെ നഴ്സുമാര്‍. മലയാളിയായ ഒരു പാതിരി ഇടയ്ക്ക് ഭക്ഷണം കൊണ്ടു തരുമായിരുന്നു. സെന്റ് ജോണ്‍ ഹോസ്പിറ്റലില്‍നിന്നും പ്രാക്ടീസിനു വന്ന നഴ്സുമാരില്‍ ജൂലി എന്ന ഒരു അങ്കമാലിക്കാരി ഉണ്ടായിരുന്നു. ഞാനവളുമായ് ഗാഡസൗഹൃദം പങ്കുവച്ചു. അവള്‍ക്ക് ഒരു കന്യാസ്ത്രീ ആകാനാണ് ഇഷ്ടമെന്നവള്‍ എന്നോട് പറഞ്ഞു. ഞാനവളെക്കുറിച്ച് ഒരു കവിതയെഴുതി. വര്‍ഷങ്ങള്‍ക്കുശേഷം ഒരു പ്രസിദ്ധീകരണത്തില്‍ അത് വെളിച്ചം കണ്ടു.
ജനറല്‍ വാര്‍ഡിലെ അറ്റന്‍ഡര്‍മാര്‍ വളരെ ക്രൂരന്മാര്‍ ആയിരുന്നു. അവര്‍ മദ്യപിച്ചുവന്ന് രോഗികളെ മര്‍ദിക്കുമായിരുന്നു. ഒരു ദിവസം പ്യാരിലാല്‍ എന്ന മുളകു വ്യാപാരി വാര്‍ഡില്‍ പാഞ്ഞു നടക്കുന്ന അയാളുടെ മകനെ എന്നോടോന്ന് ശ്രദ്ധിക്കണം എന്നുപറഞ്ഞ് പുറത്തേക്ക് പോയി. 'വൈകുന്നേരമേ വരൂ' എന്ന് പറഞ്ഞിരുന്നു. ഞാന്‍ വാര്‍ഡിന് പുറത്തുള്ള ലൈബ്രറിയില്‍പോയി തിരിച്ചുവരുമ്പോള്‍ പ്യാരിലാലിന്റെ മുപ്പതു വയസ്സുള്ള എല്‍പിച്ച മകനെ വാര്‍ഡിലെ സ്ഥിരം ഗുണ്ടയായ അറ്റന്‍ഡര്‍ വിജയപ്പ മദ്യപിച്ച് വന്ന് മര്‍ദിക്കുന്നു.
ഞാനയാളോട് അരുതെന്ന് പറഞ്ഞു. പെട്ടെന്ന് എന്റെ തലയ്ക്ക് ഒരടി വന്നു. ഞാനും കൊടുത്തു തിരിച്ചൊന്ന്! ഞങ്ങള്‍ പരസ്പരം സംഘട്ടനമായി. വിശപ്പുകൊണ്ട് ദുര്‍ബല ശരീരനായിരുന്നതിനാല്‍ അയാള്‍ക്കെന്നെ വേഗം കീഴ്പ്പെടുത്താനായി. അയാളെന്നെ ഇടിച്ച്, ഇടിച്ച് ഒതുക്കി ഒരു ഭിത്തിയില്‍കൊണ്ടുപോയി ചേര്‍ത്തുവെച്ച് തല കൊണ്ട് മൂക്കിലേക്ക് ശക്തമായ ഒരിടി! പെട്ടെന്ന് രക്തം എന്റെ മൂക്കിലൂടെ വാര്‍ന്നൊലിച്ചു. ഞാന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതാ വിജയപ്പയും മറ്റ് രണ്ട് അറ്റന്‍ഡര്‍മാരും വലിയ മുട്ടന്‍ വടികളുമായ് വീണ്ടും വരുന്നു.
പെട്ടെന്ന് എപ്പോഴോ ഡോ. ഹണി പ്രത്യക്ഷപ്പെട്ടു. അവരെ കണ്ടപാടെ മര്‍ദകര്‍ അപ്രത്യക്ഷമായി. ഹണിയുടെ നേത്രൃത്വത്തില്‍ വാര്‍ഡിലെ മറ്റുള്ളവര്‍ ചേര്‍ന്ന് എന്നെ പൊക്കിയെടുത്ത് ഡ്യൂട്ടിറൂമില്‍ കൊണ്ടുപോയി ഡോക്ടര്‍മാരെകൊണ്ട് പരിശോധിപ്പിച്ചു. ഡോക്ടര്‍ എക്സ്റേ എടുക്കാന്‍ നിര്‍ദേശിച്ചു. എന്നെ കൂടെ കൊണ്ട്പോരേണ്ടത് ആ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന വിജയപ്പ തന്നെയായിരുന്നു. എക്സ് റേ പ്രിന്റിനായ് കാത്തുനില്‍ക്കുമ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം കൂട്ടിമുട്ടി. ആ ക്രൂരന്റെ മനസ്സിലും ചെറിയ ഒരു കുറ്റബോധം നാമ്പെടുക്കുന്നത് ആ കണ്ണുകളിലൂടെ ഞാന്‍ കണ്ടു.
വിശപ്പിന് വേണ്ടത്ര ഭക്ഷണം കിട്ടാത്ത അവസ്ഥ. നിംഹാന്‍സില്‍ കൊണ്ടു ചേര്‍ത്ത മൊയ്തുണ്ണിയേയും കാണുന്നില്ല. വീട്ടുകാരും ബന്ധുക്കളുമായുള്ള ബന്ധം തല്‍ക്കാലം മുറിഞ്ഞ്പോവുകയും ചെയ്തിരിക്കുന്നു. അപ്പോഴാണ് വാര്‍ഡിലുള്ള ഒരു മലയാളി സുഹൃത്ത് അയാള്‍ക്ക് എം.ജി റോഡില്‍ റെക്സ് തിയേറ്റരിനരികിലുള്ള ഒരു മലയാളിയെ പരിചയമുണ്ടെന്ന് പറഞ്ഞത്. അയാള്‍ ഫോണില്‍ മാനേജരെ വിളിക്കുകയും എനിക്ക് അവിടെ എത്തിച്ചേരാനുള്ള വിലാസം തരികയും ചെയ്തു.
ഇങ്ങനെയുള്ള ഒരു യാത്രയിലാണ് ലാല്‍ബാഗ് വഴി ഞാന്‍ നടന്നു പോകുമ്പോള്‍ അതിന്റെയുള്ളിലുളള പാര്‍ക്കില്‍ ഒരു കല്യാണമേളം കേട്ടത്. ഗേറ്റ് കടന്നപ്പോള്‍ അത് സമ്പന്നരായ രാജസ്ഥാനികളുടെ കല്യാണമേളമായിരുന്നെന്ന് മനസ്സിലായി. വരനും വധുവും അലങ്കരിച്ച രണ്ടു കുതിരപ്പുറത്തായിരുന്നു. ബാന്‍ഡ്മേളവും ഒട്ടേറെ സംഗീത ഉപകരണങ്ങളും നിറുത്താതെ മുഴങ്ങിക്കൊണ്ടിരുന്നു. കോട്ടും സൂട്ടുമണിഞ്ഞ രാജസ്ഥാനികള്‍ ഏവര്‍ക്കും മധുര പലഹാരം നല്‍കുന്നുണ്ടായിരുന്നു. വര്‍ണ്ണസാരി ധരിച്ച രാജസ്ഥാനി സ്ത്രീകള്‍ നൃത്തം ചെയ്യുകയും ചിലര്‍ കയ്യടിച്ച് പാടുകയും ചെയ്തിരുന്നു. സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും പാരമ്യത്തില്‍ ഏതാനും രാജസ്ഥാനികള്‍ നോട്ടുകെട്ടുകളെടുത്ത് മുകളിലേക്കെറിയുന്നുണ്ടായിരുന്നു. അവര്‍ വധുവിന്റെ ബന്ധുക്കളാകാം... അല്ലെങ്കില്‍ വരന്റേത്. ആ പൈസയ്ക്കായി ഞാന്‍ തമിഴ് പിള്ളേരോടൊപ്പം മത്സരിച്ചു. വേഗം വേഗം നോട്ടുകള്‍ കൈകള്‍ കൊണ്ട് പിടിക്കാന്‍ ഞാന്‍ ശ്രമിച്ചു. നോട്ട് വിതറല്‍ കഴിയുമ്പോള്‍ എന്റെ പക്കല്‍ 720 രൂപയുണ്ടായിരുന്നു. അതുമായ് നിംഹാന്‍സിലേക്ക് ഞാന്‍ തിരിച്ചുവന്നു.
പിന്നീട് വലിയ ഒരു സ്റ്റാര്‍ ഹോട്ടലില്‍ എനിക്ക് ഉയര്‍ന്ന ജോലി കിട്ടുകയും ഞാന്‍ അതിന്റെ ഉടമസ്ഥന്റെ ഇഷ്ട പാത്രമാവുകയും ചെയ്തു... അവിടെ വലിയ ഒരു സമ്പന്നനാകാന്‍ എനിക്കു കഴിയുമായിരുന്നു. മൂന്നുമാസം പണി ചെയ്ത് ഞാനവിടെനിന്നും നാട്ടിലേക്ക് തിരിച്ചുവന്നു. അന്നെഴുതിയ പ്രസിദ്ധികരിക്കാത്ത രണ്ടു കവിതകള്‍ താഴെ...,
കവിതകള്‍:
നിംഹാന്‍സിലെ ജീവിതകാലം
നിംഹാന്‍സിലെ ജീവിതകാലം
ദുഃഖിതന്റെ നിശ്വാസം പോലെ
പെട്ടെന്ന് കടന്നുപോയി
അന്ന്, നിംഹാന്‍സിലെ
വാകമരങ്ങള്‍
ഒരു സ്‌കിസോഫ്രേനിക് ദൃശ്യംപോലെ
ചുവപ്പിന്റെ കടലായിരുന്നു
കവിതയും വിശപ്പും തുന്നിച്ചേര്‍ത്ത്
ഞാനാറു മാസങ്ങള്‍ പിന്നിട്ടു
ഓ...പ്രഫസര്‍ രഘുറാം...ഡോ. ഹണി
മറക്കാനാകാത്ത മുഖങ്ങള്‍
മറക്കാനാകാത്ത ആതുരാലയത്തിലെ
കൂട്ടുകാര്‍
നിഷ്‌കളങ്കത മനോരോഗത്തിന്റെ
കൂടപ്പിറപ്പാണെന്ന്
ഞാനവിടെ നിന്നും പഠിച്ചു-
പോരുമ്പോള്‍ പ്രഫസര്‍ പറഞ്ഞു.
നീ അസ്ത്രങ്ങളറ്റ ഒരു പടയാളിയായിരുന്നു
ഞങ്ങള്‍ നിനക്ക് അസ്ത്രങ്ങളേകി
ഇതാ നിന്റെ കാല്‍ചുവട്ടിനുമുന്നില്‍ ജീവിതം
ബാംഗ്ലൂരിനോട്
ബാംഗ്ലൂര്‍
നിന്റെ വാതായനങ്ങള്‍ എനിക്കായ് തുറക്കുക
ഹേമന്തത്തിന്റെ കുളിര്‍ പകര്‍ന്നുതരിക
ഞാനിതാ അവസാന വണ്ടിയിലെത്തിയിരിക്കുന്നു
പഴയപോല്‍ നിസ്സഹായനായ്
ഗതി കെട്ടവനായ്.
ഞാനെന്റെ കവിതകളില്‍
മനുഷ്യസ്നേഹം പ്രസരിപ്പിച്ചു
ചിന്തകളില്‍ മനുഷ്യര്‍ക്ക്
അല്പം കൂടി നന്നായ് ജീവിക്കാനുള്ള
വഴികള്‍ അന്വേഷിച്ചു.
പക്ഷേ, ഭൂമിയിലെ സോദരരാല്‍
ഞാന്‍ പീഡിപ്പിക്കപ്പെട്ടു
ജന്മനാടും എന്നെ അപഹസിച്ചു
നീണ്ട പിറുപിറുക്കലുകളില്‍
എന്റെ കവിതയുടെ സമുദ്രഗര്‍ജ്ജനങ്ങള്‍
നിശ്ചലമാകുന്നത് ഞാനറിഞ്ഞു.
ബാംഗ്ലൂര്‍,
ഞാനിതാ നിന്നിലെത്തിയിരിക്കുന്നു
ജീവിതവിഷാദത്തിന്റെ വരികള്‍
എഴുതുന്ന ഈ കവിക്കുവേണ്ടി
നിന്റെ മുള്ളാണികള്‍
അല്പനേരം മാറ്റിവെയ്ക്കുക
ചൂടാറാത്ത അല്പം ഭക്ഷണവും
ഒരു പുതപ്പും നല്‍കുക.
16-05-2022, മീഡിയവണ്‍ ഷെല്‍ഫ്