ലഹരി മനസ്സിലൊതുങ്ങില്ല, ആഘാതം ശരീരത്തിലും; ലഹരി നിഴൽ സ്വയം തിരിച്ചറിയാം - ഭാഗം 3
തലച്ചോറിന്റെ തകർച്ചയാണ് ലഹരി ഉപയോഗത്തിന്റ ഏറ്റവും വലിയ പാർശ്വഫലം. ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും വ്യക്തികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതു മുതൽ ഓർമ്മക്കുറവും അപകടകരമായ പെരുമാറ്റവും വരെ ഇതിന്റെ ഭാഗമായി സംഭവിക്കാം. എന്നാൽ ഇതിനേക്കാൾ അപകടകരമാണ് തലച്ചോറിലുണ്ടാക്കുന്ന ദീർഘകാല പ്രശ്നങ്ങൾ. തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലും അത് മാറ്റം വരുത്തും


മാനസികോല്ലാസത്തിനാണ് പലരും മയക്കുമരുന്നുപയോഗം ആരംഭിക്കുന്നത്. അതിന് അടിമപ്പെടുന്നതോടെ മാനസികനില തകരാറിലാകുമെന്ന കാര്യത്തിൽ പൊതുസമൂഹത്തിന് നല്ല ധാരണയുണ്ട്. എന്നാൽ ലഹരി ഉപയോഗം കടുത്ത ശാരീരിക പ്രത്യാഘാതങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ആഘാതം ഉപയോക്താവിനെ നിത്യരോഗിയാക്കി മാറ്റുന്ന തരത്തിലേക്കുവരെ എത്തും. ലഹരിയിൽ നിന്ന് മോചിതരായാലും പലർക്കും ശാരീരിക പ്രത്യാഘാതങ്ങളിൽനിന്ന് രക്ഷപ്പെടാൻ കഴിയാറില്ല.
മനസിനെയെന്നപോലെത്തന്നെ ശരീരത്തെയും ലഹരി തകർക്കും. ഓരോരുത്തരുടെയും ശരീരവും മനസ്സും വ്യത്യസ്ത രീതിയിലാണ് ലഹരിയോട് പ്രതികരിക്കുന്നത്. അതിനാൽ, പാർശ്വഫലങ്ങളും പരിഹാരമാർഗങ്ങളും ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. വിവിധ തരം ലഹരികൾ ഒരുമിച്ച് ഉപയോഗിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. കൗമാരപ്രായത്തിൽ ലഹരി ഉപയോഗിക്കുന്നത് വളർച്ചയെത്താത്ത ശരീരത്തിൽ അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. പെട്ടെന്നുള്ള ആഘാതം പോലെത്തന്നെ ദീർഘകാല ആരോഗ്യത്തെയും ഇത് ബാധിക്കാം.
തലച്ചോറിന്റെ തകർച്ചയാണ് ലഹരി ഉപയോഗത്തിന്റ ഏറ്റവും വലിയ പാർശ്വഫലം. ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും വ്യക്തികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതു മുതൽ ഓർമ്മക്കുറവും അപകടകരമായ പെരുമാറ്റവും വരെ ഇതിന്റെ ഭാഗമായി സംഭവിക്കാം. എന്നാൽ ഇതിനേക്കാൾ അപകടകരമാണ് തലച്ചോറിലുണ്ടാക്കുന്ന ദീർഘകാല പ്രശ്നങ്ങൾ. തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലും അത് മാറ്റം വരുത്തും. ഓർമ്മക്കുറവും പഠന ബുദ്ധിമുട്ടും ജീവിതകാലം പിന്തുടരാം.
ലഹരി ഉപയോഗം ഹൃദയത്തെയും കാര്യമായി ബാധിക്കും. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കൂടുക, ഹൃദയമിടിപ്പ് ക്രമരഹിതമായി മാറുക തുടങ്ങിയവ സാധാരണമാണ്. ഹൃദയാഘാത സാധ്യത വലിയ തോതിൽ വർധിപ്പിക്കുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഉയർന്ന രക്തസമ്മർദ്ദം ആജീവനാന്തം വരെ പിന്തുടരാം. ഹൃദയപേശികൾ ദുർബലമാകും. പക്ഷാഘാതം സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.
കരൾ, ശ്വാസകോശം, വൃക്ക രോഗങ്ങൾക്കും ലഹരി ഉപയോഗം കാരണമാകുന്നുണ്ട്. ചെറിയ കരൾ രോഗങ്ങൾ മുതൽ കരൾ സിറോസിസ്, ഹെപ്പറ്റൈറ്റിസ് പോലുള്ള ഗുരുതര രോഗങ്ങൾക്ക് ഇത് കാരണമാണ്. ശ്വാസകോശ കാൻസറും വൃക്ക തകരാറുകളും ലഹരി ഉപയോക്താക്കളിൽ കണ്ടുവരുന്നുണ്ട്. മനുഷ്യന്റെ രോഗപ്രതിരോധശേഷി വലിയതോതിൽ കുറയാൻ ലഹരി കാരണമാണ്.
കുട്ടികളിലെ പ്രത്യാഘാതങ്ങൾ
കുട്ടിക്കാലത്തെ ലഹരി ഉപയോഗം ഭാവിയിൽ അവരിൽ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന മാനസിക പ്രശ്നങ്ങൾക്കും അനുബന്ധ വൈകല്യങ്ങൾക്കും അത് കാരണമാകും. കുട്ടിക്കാലത്ത് ലഹരി ഉപയോഗിച്ചവരിൽ കണ്ടുവരുന്ന ദീർഘകാല മാനസികാരോഗ്യ പ്രശ്നങ്ങൾ ഇവയാണ്:
1. ഉത്കണ്ഠയുടെ (anxiety )കെണിയിൽ: കൊക്കെയ്ൻ, മെത്ത്, LSD തുടങ്ങിയ ലഹരികൾ പരിഭ്രാന്തിയും ഭയവും കൂട്ടും.മാനസിക സമ്മർദ്ദം നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട് കുട്ടികൾ കൂടുതൽ ഉത്കണ്ഠാകുലരാകുകയും ലഹരി കിട്ടാതാകുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാനസിക സമ്മർദ്ദം കൂട്ടുകയും ചെയ്യുന്നു. ഇത് ജീവിതകാലം മുഴുവൻ അവരെ പിന്തുടരും.
2. വിഷാദത്തിന്റെ (depression) ആഴങ്ങളിൽ:
മദ്യം, ഒപിയോയിഡുകൾ എന്നിവ താൽക്കാലിക സന്തോഷം നൽകുമെങ്കിലും പിന്നീട് വിഷാദത്തിലേക്ക് തള്ളിവിടുന്നു. സന്തോഷം നൽകുന്ന ഹോർമോണുകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ ദുഃഖവും നിരാശയും തുടർകഥയാകും. ലഹരിക്ക് അടിമയാകുമ്പോൾ ഉണ്ടാകുന്ന ഒറ്റപ്പെടൽ വിഷാദം കൂട്ടും.
3. മാനസികാരോഗങ്ങളുടെ ലോകത്തേക്ക്:
LSD, മെത്ത് തുടങ്ങിയ ലഹരികൾ, ഇല്ലാത്ത കാര്യങ്ങൾ കാണാനും കേൾക്കാനും ഉള്ള തോന്നലുണ്ടാക്കുന്നു. മാനസിക രോഗങ്ങൾ വരാൻ ജനിതക സാധ്യതയുള്ള കുട്ടികളിൽ ലഹരി ഉപയോഗം രോഗം വേഗത്തിലാക്കുകയും രോഗത്തിന്റെ തീവ്രത കൂട്ടുകയും ചെയ്യും.
4. തകരുന്ന ബുദ്ധിയും പെരുമാറ്റവും:
ഓർമ്മക്കുറവ്, ഏകാഗ്രതയില്ലായ്മ എന്നിവ പഠനത്തെയും സാമൂഹിക ജീവിതത്തെയും ബാധിക്കുന്നു.
എടുത്തുചാട്ടവും ആക്രമണ സ്വഭാവവും അപകടങ്ങൾ വരുത്തിവക്കും. ആത്മവിശ്വാസം കുറയുകയും ലഹരിയില്ലാതെ മാനസിക സമ്മർദ്ദം നേരിടാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യും.
5. ആജീവനാന്ത മനോരോഗം:
മാനസിക പ്രശ്നങ്ങൾ ഉള്ള കുട്ടികൾ അവ മറയ്ക്കാൻ ലഹരി ഉപയോഗിക്കുന്നതായി കണ്ടുവരുന്നുണ്ട്. ADHD, PTSD തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ലഹരി ഉപയോഗം മൂലം കൂടുന്നു.കുട്ടികളുടെ തലച്ചോറ് പൂർണ്ണമായി വളർന്നിട്ടില്ലാത്തതിനാൽ, ചെറുപ്രായത്തിലെ ലഹരി ഉപയോഗം തലച്ചോറിനെ എന്നെന്നേക്കുമായി തകരാറിലാക്കുകയും ജീവിതകാലം മുഴുവൻ മാനസിക പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
സ്വയം തിരിച്ചറിയാം, രക്ഷപ്പെടാം.
മയക്കുമരുന്നിന്റെ അപകടം പലപ്പോഴും തുടക്കത്തിൽ തിരിച്ചറിയാൻ കഴിയില്ല. എന്നാൽ ലഹരിയുടെ നിഴലിലായാൽ ചില ലക്ഷണങ്ങളിലൂടെ അത് പ്രകടമാകും. ഇത് സ്വയം പരിശോധിച്ച് തിരിച്ചറിയാനും രക്ഷപ്പെടാനും കഴിയും. ലഹരി പരീക്ഷണത്തിലേക്കോ ഉപയോഗം തുടങ്ങിയവർ ആസക്തിയിലേക്കോ നീങ്ങുന്നുണ്ടോയെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഏതാനും ചോദ്യങ്ങളാണ് ചുവടെ. ഇവ സ്വയം ചോദിച്ചാൽ ഉത്തരം കണ്ടെത്താം.
1. ശാരീരിക മാറ്റങ്ങൾ.
- കാരണമില്ലാതെ തൂക്കം കൂടുകയോ കുറയുകയോ ചെയ്യുന്നുണ്ടോ?
- തലവേദന, ഓക്കാനം, തലകറക്കം എന്നിവ പതിവാണോ?
- ഹൃദയമിടിപ്പിൽ മാറ്റങ്ങൾ തോന്നുന്നുണ്ടോ?
- ഉറക്കക്കുറവ്, ക്ഷീണം എന്നിവ അനുഭവപ്പെടുന്നുണ്ടോ?
- രോഗങ്ങൾ പെട്ടെന്ന് വരുന്നുണ്ടോ?
- ശരീരം വിറയ്ക്കുക, പേശികൾ വലിയുക എന്നിവയുണ്ടോ?
- ചർമ്മത്തിൽ മാറ്റങ്ങൾ ശ്രദ്ധയിൽ പെടുന്നുണ്ടോ?
2. മാനസിക പ്രശ്നങ്ങൾ.
- കാരണമില്ലാതെ ദുഃഖം, നിരാശ, ഉത്കണ്ഠ എന്നിവ തോന്നുന്നുണ്ടോ?
- ശ്രദ്ധിക്കാനും ഓർമ്മിക്കാനും ബുദ്ധിമുട്ടുണ്ടോ?
- ഇഷ്ടപ്പെട്ട കാര്യങ്ങളിൽ താൽപ്പര്യം കുറയുന്നുണ്ടോ?
- പെട്ടെന്ന് ദേഷ്യം വരുന്നുണ്ടോ?
- സംശയങ്ങളും പേടിയും തോന്നുന്നുണ്ടോ?
- എടുത്തുചാടിയുള്ള പെരുമാറ്റം ശ്രദ്ധയിൽ പെടുന്നുണ്ടോ?
3. പെരുമാറ്റവും കൂട്ടുകെട്ടും
- കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും അകന്നുമാറുന്നുണ്ടോ?
- പഠനത്തിൽ താൽപ്പര്യം കുറയുന്നുണ്ടോ?
- പണം കടം ചോദിക്കുക, മോഷ്ടിക്കുക, കള്ളം പറയുക എന്നിവ ചെയ്യുന്നുണ്ടോ?
- ലഹരി ഉപയോഗിക്കുന്നവരുമായി കൂടുതൽ സമയം ചെലവഴിക്കുന്നുണ്ടോ?
- ഭാവിയിൽ താൽപ്പര്യമില്ലാതാകുന്നുണ്ടോ?
ഈ ചോദ്യങ്ങളിൽ പലതിനും ഉത്തരം 'ഉണ്ട്' എന്നാണെങ്കിൽ, നിങ്ങൾ ലഹരിയുടെ നിഴലിലാണെന്നാണ് അർഥം. ഏതുസമയത്തും ലഹരിയിലേക്ക് ആകൃഷ്ടരാകാം. വല്ലപ്പോഴുമൊക്കെ ലഹരി പരീക്ഷിക്കുന്നവരാണെങ്കിൽ നിങ്ങൾ അതിന്റെ ആസക്തിയിലേക്ക് നീങ്ങുന്നുവെന്നാണ് അത് നൽകുന്ന സൂചന. ഈ സൂചനകൾ കണ്ടെത്തിയാൽ വിശ്വസ്തരായ മുതിർന്നവരുമായി സംസാരിച്ച് സ്വയം രക്ഷാവഴികൾ കണ്ടെത്തണം. ആവശ്യമെങ്കിൽ ചികിത്സ തേടുകയും വേണം.
-തുടരും-
Reena V R
Sr. psychologist
The Insight Centre
Trivandrum
8590043039