സ്വയം തെരഞ്ഞെടുപ്പ്: മാതാപിതാക്കളുടെ തേങ്ങലുകളും കോടതിയുടെ നിസ്സഹായതയും

പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്നും 21 ലേക്ക് ഉയർത്തണമെന്ന ചർച്ച സമൂഹത്തിൽ ഭിന്നതരത്തിലുള്ള സംവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Update: 2022-09-21 13:27 GMT
Click the Play button to listen to article

അറിയപ്പെടുന്ന ഡോക്ടറുടെ ഒറ്റ മകളാണ്. പ്ലസ്ടുവിലെത്തിയ മകളെയും ഡോക്ടറാക്കണമെന്നാഗ്രഹിച്ചാണ് പിതാവ് പഠിപ്പിക്കുന്നത്. പ്ലസ്ടു പഠനത്തിനിടെ തമിഴ്നാട് സ്വദേശിയായ ഒരു യുവാവിനെ ഈ പെൺകുട്ടി പരിചയപെടുന്നു. പരിചയം പിന്നീട് പ്രണയമായി. അവസാനം ഒളിച്ചോട്ടമായി. കഴിഞ്ഞ ജനുവരി 24 മുതൽ പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതാകുന്നു. പിന്നീടുള്ള അന്വേഷണത്തിൽ മകൾ ചെൈന്നയിലെ പട്ടാഭിരാമത്തുള്ള യുവാവിനൊപ്പം പോയതായി പിതാവ് കണ്ടെത്തി. തുടർന്ന് പിതാവ് മകളെ അന്വേഷിച്ച് ചെൈന്നയിലെത്തി. യുവാവിന്റെ വീട്ടിലെത്തി മകളെ കണ്ടെത്തി. എങ്കിലും മകളുമായി സംസാരിക്കാൻ യുവാവ് അനുവദിച്ചില്ല. നിസ്സഹായനായ പിതാവ് ഉടുമ്പൻചോല പൊലിസിൽ പരാതി നൽകി. പൊലിസ് അന്വേഷണം അതിന്റെ വഴിക്കായതോടെ മകളെ തടഞ്ഞുവെച്ചിരിക്കുന്നതായി കാണിച്ച് പിതാവ് കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകി.


കോടതി ഹരജി വന്ന ഉടൻ തന്നെ സ്വമേധയാ തമിഴ്നാട് പൊലിസ് മേധാവിയെ കേസിൽ കക്ഷി ചേർത്തു. തുടർന്ന് ചെൈന്ന പട്ടാഭിരാം പൊലിസ് യുവാവിന്റെ വീട്ടിലെത്തി. പെൺകുട്ടിയുമായി ദീർഘ നേരെ സംസാരിച്ചു. താൻ ഇൗ യുവാവിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയാണ്. ഇയാളോടെപ്പം ജീവിക്കണമെന്ന് പറഞ്ഞെങ്കിലും ചെറിയ പ്രായത്തിലുള്ള പെൺകുട്ടിയുടെ ഈ  തീരുമാനം പോലിസ് വിശ്വസിക്കാൻ തയാറായില്ല. പെൺകുട്ടിയെ ഹൈക്കോടതിക്ക് മുമ്പാകെ ഹാജരാക്കാമെന്ന നിലപാടിൽ തമിഴ്നാട് പൊലിസെത്തി. പെൺകുട്ടിയും യുവാവുമായി പൊലിസ് ഹൈക്കോടതിയിലെത്തി. പെൺകുട്ടി എത്തുമ്പോൾ മാതാപിതാക്കളും മുത്തശ്ശിയും കോടതിയിലുണ്ടായിരുന്നു. കോടതി പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കി. തനിക്ക് തമിഴ്നാട്ടിൽ പഠിക്കണമെന്നും പഠിച്ച് ഡോക്ടറാണമെന്നും പെൺകുട്ടി അറിയിച്ചു. പക്ഷെ, കൂടെയുള്ള യുവാവിനെ തനിക്ക് വിവാഹം കഴിക്കണമെന്നും അറിയിച്ചു.


കോടതിക്ക് മുന്നിൽ ഇതൊരു വലിയ ചോദ്യ ചിഹ്നമായി. പ്ലസ്ടു വിദ്യാഭ്യാസം പൂർത്തിയാകാനിരിക്കുന്ന പെൺകുട്ടിയുടെ അഭിപ്രായത്തിന് മുന്നിൽ കോടതി ആശയ കുഴപ്പത്തിലായി. ജനന സർട്ടിഫിക്കറ്റിൽ പെൺകുട്ടിയുടെ പ്രായം 18 വയസ്സ്. അതിനാൽ നിയമപരമായി പെൺകുട്ടിയെ യുവാവിനൊപ്പം വിടുകയല്ലാത്തെ മറ്റ് വഴി കോടതിക്ക് മുന്നിലില്ല. പെൺകുട്ടിയോട് പല രീതിയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചുനോക്കി. ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ കുറിച്ച് മനസ്സിലാക്കാൻ പ്രായമായിട്ടില്ലെന്നും വീണ്ടും ആലോചിച്ച് തീരുമാനമെടുക്കണമെന്നും ജഡ്ജിമാരുടെ ചേംബറിൽ വിളിച്ച് നിർദേശിച്ചു. ആലോചിച്ച് മറുപടി പറയാൻ പെൺകുട്ടിക്ക് കൂടുതൽ സമയവും നൽകി. ഇതിനിടെ പലവിധത്തിലും മാതാപിതാക്കളും കുട്ടിയോട് സംസാരിച്ചു നോക്കി.




 


ഡോക്ടറായ പിതാവ് പറഞ്ഞത് മകൾ പഠനം തുടരണമെന്നും അതിന് ശേഷം സ്വന്തമായി വരുമാനമുണ്ടാകുമ്പോൾ ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാമെന്നുമായിരുന്നു. എന്നാൽ, ഇതൊന്നും ചെവികൊള്ളാൻ തയാറാകാതിരുന്ന മകൾ യുവാവിനൊപ്പം പോകണമെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു. ഇതോടെ കോടതിയും നിസ്സഹായരായി. തുടർന്ന് പെൺകുട്ടിയെ യുവാവിനൊപ്പം വിട്ട കോടതി പിതാവിന്റെ ഹരജിയും തീർപ്പാക്കി. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെയും ഉപദേശങ്ങൾ മറികടന്ന് പെൺകുട്ടി കാമുകനൊപ്പം ജീവിക്കാനുള്ള തീരുമാനത്തിൽ ഉറച്ച് നിന്നതോടെ കാമുകനൊപ്പം പോകാൻ അനുവദിച്ച് ഉത്തരവായി. വിദ്യാർഥിനിക്ക് 18 വയസ് പൂർത്തിയായി എന്ന് കണ്ടെത്തിയതിനാൽ ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഉത്തരവിട്ടത്. കോടതികളിൽ ഇതൊരു നിത്യ സംഭവങ്ങളാണ്. മാതാപിതാക്കളുടെ തേങ്ങലുകൾ പലപ്പോഴും ഇവിടെ നിന്നും കേൾക്കാറുണ്ട്. പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇൗ കോടതി ഉത്തരവും കൂടി ചേർത്തു വായിക്കേണ്ടതു തന്നെയാണ്.


വിദേശ രാജ്യങ്ങളിൽ പലതും വിവാഹപ്രായം കുറക്കുകയാണ്. കാരണമായി ചൂണ്ടികാണിക്കുന്നത് കുട്ടികളിലെ കാഴ്ചപ്പാടുകളിലുണ്ടാകുന്ന വ്യത്യാസങ്ങളാണ്. അവർ ജീവിത്തെ സമീപിക്കുന്ന രീതിയിൽ മാറ്റം വന്നതോടെ മാതാപിതാക്കളും കോടതികളുമൊക്കെ നിസ്സഹായരാകുന്നുണ്ട്. പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്നും 21 ലേക്ക് ഉയർത്തണമെന്ന ചർച്ച സമൂഹത്തിൽ ഭിന്നതരത്തിലുള്ള സംവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിവാഹ പ്രായം ഉയർത്തൽ പെൺകുട്ടികളുടെ അവകാശങ്ങളെ കവർന്നെടുക്കലാണെന്ന് വാദിക്കുന്നവരുണ്ട്. പെൺകുട്ടികൾക്ക് സ്വയം തീരുമാനമെടുക്കാനുള്ള പ്രായം 18 വയസ്സാണോയെന്നതിൽ സംശയം ഉന്നയിക്കുന്നവരുണ്ട്. അതോടൊപ്പം  പഠനവും ജോലിയും നേടി സ്വന്തം കാലിൽ ജീവിക്കേണ്ടവരായ പെൺകുട്ടികളെ കുടുംബത്തിലേക്ക് ഒതുക്കുന്നതാണ് ഇൗ 18 വയസ്സ് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.


എന്നാൽ, പലപ്പോഴും അക്കങ്ങൾക്കൊണ്ട് വയസ്സ് തികയുകയും പ്രായപൂർത്തിയായതിന്റെ പേരിൽ നിയമത്തിന് മുന്നിൽ ആറ്റുനോറ്റു വളർത്തുന്ന മക്കൾക്ക് പക്വതയെത്തും മുൻപ് നിസ്സഹായരേണ്ടി വരുന്ന മാതാപിതാക്കളുടെ അവസ്ഥയും പരിതാപകരമാണ്. അതു പരിഗണിച്ചാൽ മാത്രമേ ഇൗ വിഷയത്തിലെ ചർച്ചകൾ ഗുണകരമാകുവെന്നതാണ് ഹൈക്കോടതി വിധിയിലെ പല ഭാഗത്തുനിന്നും മനസ്സിലാകുന്നത്.




 


നിയമപരമായി പറഞ്ഞാൽ വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയർത്തി എല്ലാ സമുദായങ്ങൾക്കും ബാധകമാക്കിയാൽ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടി വരും. ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി വിവാഹനിയമങ്ങൾ മാറും. മുസ്ലിം ശരിഅത്ത് നിയമത്തിന് മുകളിലായിരിക്കും


ഈ പുതിയ നിയമവും. ബാലവിവാഹ നിരോധന നിയമത്തിൽ ഇത് എഴുതിച്ചേർക്കും. പുതിയ നിയമം വരുന്നതോടെ ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്പെഷ്യൽ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആൻഡ് ഗാർഡിയൻ ഷിപ്പ് ആക്ട് - 1956, ഫോറിൻ മാരേജ് ആക്ട്, ബാല


വിവാഹ നിരോധന നിയമം അടക്കം ഏഴ് നിയമങ്ങൾ മാറ്റേണ്ടി വരുന്നതായും നിയമവ്യത്തങ്ങൾ പറയുന്നുണ്ട്. ഇത്രയും നിയമങ്ങളിൽ മാറ്റം വരുത്തി അക്കങ്ങളുടെ കണക്കുകളാൽ പെൺകുട്ടികളുടെ പക്വത നിശ്ചയിക്കുന്നതിന് പകരം അവരെ ശാക്തീകരിക്കുകയും ബോധവൽക്കരിക്കുയുമാണ് സർക്കാരുകൾ ചെയ്യേണ്ടതെന്ന വാദത്തോട് തന്നെ ചേർന്ന് നിൽക്കലാണ് ഗുണകരം.


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - ഷബ്ന സിയാദ്

സ്പെഷ്യൽ കറസ്പോണ്ടൻറ്, മീഡിയവണ്‍

Similar News