സുനിൽ ന​രേനെന്ന സൈലന്റ് കില്ലർ

Update: 2024-04-04 13:24 GMT
Editor : safvan rashid | By : Web Desk
Advertising

ക്രീസിൽ നിൽക്കുന്നിടത്തോളം അടിച്ചുപറത്തുക. അതിന് പറ്റുന്നില്ലെങ്കിൽ ഔട്ടായി മടങ്ങുക. സുനിൽ നരൈന്റെ ബാറ്റിങ് ഫിലോസഫി വളരെ ലളിതമാണ്. കാരണം അയാളുടെ പണി ബാറ്റ് ചെയ്യലല്ല. പന്തെറിയലാണ്. അത് അയാൾ ഒരു പതിറ്റാണ്ടിലേറെയായി വൃത്തിക്ക് ചെയ്യുന്നുണ്ട്. അയാളുടെ ബാറ്റിൽ നിന്നും കിട്ടുന്നതെന്തും ബോണസായാണ് ടീം കാണുന്നത്. അതേ സമയം നരേൻ അടിക്കുന്ന ഓരോ റൺസും എതിരാളിയുടെ ആത്മവിശ്വാസത്തെ തകർക്കുന്നതുമാണ്. സീസൺ 3 മത്സരം പിന്നിട്ടപ്പോഴേക്കും ആർ.സി.ബിയും ഡൽഹിയും ആ ബാറ്റിന്റെ ചൂട് അറിഞ്ഞു.സുനിൽ ന​രേനെന്ന സൈലന്റ് കില്ലർ

കളിക്കളത്തിൽ വൈകാരികമായി പ്രതികരിക്കുന്ന കരീബിയൻ താരങ്ങളിൽ നിന്നും വ്യത്യസ്തനാണിയാൾ. പന്തെറിയുമ്പോൾ ഹാട്രിക്ക് നേടിയാലും ബാറ്റുചെയ്യുമ്പോൾ ഹാട്രിക്ക് സിക്സ് നേടിയാലും കാര്യമായ ഭാവങ്ങൾ ഒന്നുമുണ്ടാകില്ല. ഒരൊറ്റ മുഖഭാവം മാത്രം. സുനിൽ നരേൻ ചിരിക്കുന്ന വിഷ്വൽ ലഭിക്കാൻ വേണ്ടി മാത്രം ഇന്റർവ്യൂവിൽ ആങ്കർമാർ അവസരമുണ്ടാക്കാറുണ്ട്.

കരീബിയൻ ദ്വീപുകളുടെ ഭാഗമായ ട്രിനിഡാഡ്& ടു​ബാഗോയിൽ 1988ലാണ് നരൈൻ ജനിക്കുന്നത്. ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്കറുടെ പേരിനോടുള്ള ആദര സൂചകമായാണ് അച്ഛൻ സുനിലെന്ന് പേരിട്ടതെന്ന് പറയപ്പെടുന്നു. 2011ലാണ് നരൈൻ വെസ്റ്റിൻഡീസിന്റെ മെറൂൺ കുപ്പായത്തിൽ ഏകദിനത്തിൽ അരങ്ങറു​ന്നത്. വിരാട് കോഹ്‍ലിയുടെ വികറ്റെടുത്ത് ഏകദിനത്തിലെ വേട്ട തുടങ്ങി. 2012ൽ ഐ.സി.സിയുടെ എമേർജിങ് പ്ലയർ ഓഫ് ദി ടൂർണമെന്റ് നേടിയതോടെ ശ്രദ്ധിക്കപ്പെട്ടു. 700,000 ഡോളറിന് ആവർഷം തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നരേനെ ടീമിലെടുത്തു. കൊൽക്കത്തക്കൊപ്പമുള്ള ആ യാത്ര ഒരു പതിറ്റാണ്ട് പിന്നിട്ടും ശക്തിയോടെ തുടരുന്നു. 165 ഐ.പി.എൽ മത്സരങ്ങളിൽ കളത്തിലിറങ്ങിയ സുനിൽ നരേന്റെ ബൗളിങ് ഇ​ക്കണോമി 6.75 മാത്രം.

എന്നാൽ 2014 ചാമ്പ്യൻസ് ലീഗ് ട്വന്റി 20ക്കിടെ ബൗളിങ് ആക്ഷനിൽ സംശയം തോന്നിയതിനെത്തുടർന്ന് ഐ.സി.സി ​അദ്ദേഹത്തെ സസ്​പെൻഡ് ചെയ്തിരുന്നു. ഏതാനും മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നെങ്കിലും ബൗളിങ് ആക്ഷനിൽ നേരിയ വ്യതിയാനം വരുത്തി വെസ്റ്റിൻഡീസ് ടീമിലേക്ക് തിരിച്ചെത്തി. തുടർന്നും പലകുറി ആക്ഷനെക്കുറിച്ച് വിവാദമുയർന്നെങ്കിലും നരേൻ അന്നും ഇന്നും സൂപ്പർ സ്റ്റാറാണ്.

ഓരോവറിലെ ആറുപന്തും ആറ് വേരിയേഷനുകളിൽ എറിയാനാകും എന്നതാണ് നരേന്റെ പ്രത്യേകത. ബൗളർമാരുടെ ശവപ്പറമ്പായ കരീബിയൻ​ പ്രീമിയർ ലീഗിൽ മെയ്ഡൻ സൂപ്പർഓവർ എറിഞ്ഞു എന്നതിൽ തന്നെ അദ്ദേഹത്തിന്റെ റേഞ്ച് നമുക്ക് ഊഹിക്കാം. ഐ.പി.എല്ലിന് പുറമെ ബംഗ്ലദേശ് പ്രീമിയർ ലീഗ്, കരീബിയൻ പ്രീമിയർ ലീഗ്, പാകിസ്താൻ സൂപ്പർ ലീഗ്, ദി ഹൻഡ്രഡ് അടക്കമുളള ലോകത്തെ ഏതാ​​ണ്ടെല്ലാ ട്വന്റി 20 ലീഗുകളിലും നരേൻ പൊന്നുംവിലയുള്ള താരമാണ്. അതുകൊണ്ടുതന്നെ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡുമായി അത്ര രസത്തിലായിരുന്നില്ല. പോയവർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുകയും ചെയ്തു.

വാലറ്റത്ത് ഇടക്കിടെ മിന്നലാട്ടങ്ങൾ തീർന്ന സുനിൽ നരേന് ബാറ്റിങ്ങിലും പിടിപാടുണ്ടെന്ന് തെളിയിച്ചത് 2018 ഐ.പി.എൽ സീസണാണ്. 189.89 സ്ട്രൈക്ക് റേറ്റിൽ ആഞ്ഞടിച്ച നരേൻ സീസണിൽ അടിച്ചെടുത്തത് 357 റൺസാണ്. കൂടെ 17 വിക്കറ്റുകളും നേടി. ഒരു വിശ്വസ്ത ബാറ്ററായി നരേ​നെ ടീം മാനേജ്മെന്റോ അല്ലെങ്കിൽ നരേൻ സ്വന്തം തന്നെയോ കാണുന്നില്ല. ബാറ്റിങ്ങിൽ ഒരുപാട് പരിമിതികളുമുണ്ട്. പക്ഷേ അടിച്ചുതുടങ്ങിയാൽ ഇതൊന്നും ഒരു പ്രശ്നമല്ല. ഇനി ഫോമായില്ലെങ്കിലും ആരും ചോദിക്കാനും പോകുന്നില്ല. കാരണം മുമ്പ് പറഞ്ഞതുപോലെ അയാളുടെ പണി അതല്ല. ​

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Web Desk

contributor

Similar News