എമിലിയാനോ മാർട്ടിനസ് സൈക്കാർട്ടിസ്റ്റിനെ കാണണമെന്ന് ഫ്രഞ്ച് ഇതിഹാസം; കൂവിവിളിച്ച് പിഎസ് ജി ആരാധകർ


പാരിസ്: അർജൈന്റൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനോട് ഫ്രഞ്ച് ആരാധകർക്കുള്ള കലിപ്പ് തീരുന്നില്ല. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയുമായുളള മത്സരത്തിനെത്തിയ ആസ്റ്റൺ വില്ല ഗോൾകീപ്പറെ ഫ്രഞ്ച് കാണികൾ കൂവി വിളിച്ചും അസഭ്യ പ്രയോഗങ്ങൾ നടത്തിയുമാണ് വരവേറ്റത്.
മത്സരത്തിന് മുന്നോടിയായി എമിലിയാനോയെ രൂക്ഷമായി വിമർശിച്ച് 1998 ലോകകപ്പ് നേടിയ ടീമിലെ അംഗമായ ഫ്രഞ്ച് ഇതിഹാസം ഇമ്മാനുവൽ പെറ്റിറ്റ് രംഗത്തെത്തി. ‘‘ഈ പ്രശ്നങ്ങൾ അതിരുകടന്നതിന്റെ ഉത്തരവാദി മാർട്ടിനസാണ്. കഴിഞ്ഞത് കഴിഞ്ഞു. കളിയാക്കുന്നത് ഫുട്ബോളിലും ജീവിതത്തിലും നടക്കുന്നത് തന്നെയാണ്. പക്ഷേ അത് അപകീർത്തിപ്പെടുത്തുന്നതിലേക്കും അനാദരവിലേക്കും നീങ്ങരുത്. അവൻ ഒരു മനശാസ്ത്രജ്ഞനെ കണ്ട് ചികിത്സയിലൂടെ കടന്നുപോകണം. അവൻ വികാരങ്ങൾ നിയന്ത്രിക്കാൻ പഠിക്കേണ്ടതുണ്ട്’’ -പെറ്റിറ്റ് പ്രതികരിച്ചു.
ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ എമിലിയാനോയെ കൂവി വിളിച്ച പിഎസ്ജി അസഭ്യ പ്രയോഗങ്ങൾ നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച രാത്രി നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യപാദത്തിൽ ആസ്റ്റൺവില്ലയെ പിഎസ്ജി 3-1ന് തോൽപ്പിച്ചിരുന്നു.
2022 ലോകകപ്പ് വിജയത്തിന് പിന്നാലെ എംബാപ്പെയെ പരിഹസിച്ച് കൊണ്ടുള്ള എമിലിയാനോയുടെ ആഘോഷ പ്രകടനം വലിയ വിവാദമായിരുന്നു. കൂടാതെ 2024ൽ കോപ്പ അമേരിക്കയിൽ വിജയിച്ച ശേഷം ഫ്രഞ്ച് താരങ്ങൾക്കെതിരെ അർജന്റീന കളിക്കാർ വംശീയ ചാന്റുകൾ ചൊല്ലിയതും ഫ്രാൻസ് ചൊടിപ്പിച്ചിരുന്നു. പോയവർഷം യുവേഫ കോൺഫറൻസ് ലീഗിൽ ലില്ലെക്കെതിരെ പന്തുതട്ടാൻ എത്തിയപ്പോഴും ഫ്രഞ്ച് കാണികൾ പ്രതിഷേധമുയർത്തിയിരുന്നു.