മോഷ്ടാവ് മകൻ; വൈദികന്റെ വീട്ടില്‍നിന്ന് 50 പവന്‍ കവര്‍ന്ന കേസില്‍ ട്വിസ്റ്റ്-അറസ്റ്റ്

തൃക്കോതമംഗലം സെന്റ് മേരീസ് ബത്‌ലഹേം പള്ളി വികാരിയായ പൂളിമൂട് ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് ചൊവ്വാഴ്ച വൈകീട്ട് വൻ കവർച്ച നടന്നത്

Update: 2022-08-11 16:41 GMT
Editor : Shaheer | By : Web Desk
Advertising

കോട്ടയം: കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽനിന്ന് 50 പവൻ സ്വർണവും പണവും മോഷ്ടിച്ച കേസിൽ ട്വിസ്റ്റ്. മോഷണം നടത്തിയത് വൈദികന്റെ മകൻ തന്നെ. കുറ്റം സമ്മതിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃക്കോതമംഗലം സെന്റ് മേരീസ് ബത്‌ലഹേം പള്ളി വികാരിയായ പൂളിമൂട് ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് ചൊവ്വാഴ്ച വൈകീട്ട് വൻ കവർച്ച നടന്നത്. വീടിനെക്കുറിച്ച് നല്ല ധാരണയുള്ളയാളാണ് മോഷ്ടാവെന്ന നിഗമനത്തിൽ കുടുംബവുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്. എന്നാൽ, ഇന്നു വൈകീട്ടോടെ പ്രതിയും വൈദികന്റെ മകനുമായ ഷൈൻ നൈനാൻ അച്ഛനോട് കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് വൈദികനും മകനും പൊലീസിനോട് വിവരം വെളിപ്പെടുത്തി.

പ്രതിയെ പാമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വർണം വച്ച കടയിൽ പ്രതിയുമായി തെളിവെടുപ്പ് നടന്നു. സാമ്പത്തിക ബാധ്യത തീർക്കാനാണ് മോഷണം നടത്തിയതെന്നാണ് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ചൊവ്വാഴ്ച വൈകീട്ട് ഫാ. ജേക്കബും ഭാര്യ സാലിയും വൈകീട്ട് 4.15ന് പള്ളിയിൽ പ്രാർത്ഥനയ്ക്കായി പോയ സമയത്തായിരുന്നു കവർച്ച നടന്നത്. വൈകീട്ട് ഏഴോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം ശ്രദ്ധയിൽപെട്ടത്. വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്നാണ് മോഷണത്തിനായി അകത്തുകടന്നിരുന്നത്.

തുടർന്ന് കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്ത് അലമാര തുറന്നാണ് പണവും ആഭരണങ്ങളും കവർന്നത്. 50 പവൻ സ്വർണത്തിനു പുറമെ 80,000 രൂപയും മോഷണം പോയിരുന്നു. മോഷണം പോയ സ്വർണത്തിന്റെ ഒരു ഭാഗം പിന്നീട് വീടിനു സമീപത്തുനിന്ന് കണ്ടെടുത്തിരുന്നു. വീട്ടിനകത്ത് തെളിവ് നശിപ്പിക്കാനായി മുളകുപൊടി വിതറിയതായും കണ്ടെത്തിയിരുന്നു.

Summary: Kottayam priest Fr. Jacob Nainan's son taken into police custody after he confessed in burglary of 50 sovereigns of gold and around ₹80,000 in Kooroppada, Kottayam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News