10 വർഷം മുൻപ് ഓട്ടോ ഡ്രൈവർ, ഇപ്പോള്‍ ആസ്തി 350 കോടി, കെട്ടിപ്പൊക്കുന്നത് 30 കോടിയുടെ വീട്; ഷൈബിൻ അഷ്‌റഫിന്റെ 'ക്വട്ടേഷൻ സാമ്രാജ്യം'

വിദേശത്ത് ഷൈബിൻ ജോലി തരപ്പെടുത്തിക്കൊടുത്ത യുവാക്കളാണ് പിന്നീട് ഇയാളുടെ ക്വട്ടേഷൻ സംഘത്തിന്റെ ഭാഗമായതെന്നാണ് നാട്ടുകാർ പറയുന്നത്

Update: 2022-05-13 09:04 GMT
Editor : Shaheer | By : Web Desk
Advertising

സുൽത്താൻ ബത്തേരി: മൈസൂരു രാജീവ് നഗറിലെ നാട്ടുവൈദ്യൻ ഷാബാ ശരീഫിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ അത്ഭുതകരമായ സാമ്പത്തിക വളർച്ചയെക്കുറിച്ച് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബത്തേരിക്കടുത്ത് മൈതാനിക്കുന്നിലെ കുടിലിൽനിന്ന് 350 കോടി രൂപയുടെ ആസ്തിയുള്ള 'പ്രവാസി വ്യവസായി'യിലേക്കുള്ള വളർച്ചയെക്കുറിച്ചാണ് പൊലീസും നാട്ടുകാരും സംസാരിക്കുന്നത്.

30 കോടിയുടെ 'കൊട്ടാരം'

നിലവിൽ വയനാട് സുൽത്താൻ ബത്തേരിയിൽ ഷൈബിൻ അഷ്‌റഫിനു വേണ്ടി കോടികളുടെ അത്യാഡംബര വീടിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഒരു ഏക്കറോളം വിസ്തൃതിയിൽ ഇപ്പോൾ പണിതുകൊണ്ടിരിക്കുന്ന വീടിന് 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതിഥി മന്ദിരങ്ങളും വാച്ച് ടവറും ഇടനാഴികളും താമരക്കുളവുമൊക്കെയായി അത്യാഡംബര രീതിയിൽ, അറേബ്യൻ കൊട്ടാരങ്ങളുടെ മാതൃകയിലാണ് വീടിന്റെ നിർമാണം പുരോഗമിക്കുന്നത്.

എട്ടുവർഷം മുൻപാണ് വീടിന്റെ നിർമാണപ്രവൃത്തി ആരംഭിച്ചത്. എന്നാൽ, ഇതിനിടയിൽ ലഹരി മരുന്ന് കടത്തുകേസിൽ ദുബൈയിൽ അറസ്റ്റിലാകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു. പിന്നാലെ വൃക്കരോഗവും വന്നതോടെ വീടിന്റെ നിർമാണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചുനാളായി വീടിന്റെ നിർമാണം പുനരാരംഭിച്ചതായിരുന്നു. ഇതിനിടെയാണ് പുതിയ കേസുകൾ ഒന്നിനു പിറകെ ഒന്നായി വരുന്നത്.


പത്തുവർഷംകൊണ്ടുണ്ടായ വളർച്ച

പത്തുവർഷത്തിനിടെയാണ് ഷൈബിൻ ഇത്രയും വലിയ സാമ്പത്തിക വളർച്ച കൈവരിച്ചത്. പത്തുവർഷം മുൻപുവരെ നാട്ടിൽ ഓട്ടോ ഓടിച്ചും ലോറി ക്ലീനറായുമെല്ലാം നടന്നിരുന്നയാളാണ്. അതിനിടെ, മാതാവ് ജോലി തേടി ഗൾഫിലേക്കു പോയി. മാതാവിന്റെ ബന്ധങ്ങൾ ഉപയോഗിച്ചാണ് ഷൈബിനും ഗൾഫിലെത്തിയത്. പിന്നീടുള്ള വളർച്ച അതിവേഗത്തിലായിരുന്നു.

മുക്കട്ടയിലെ വീട് രണ്ടുകോടി രൂപ നൽകിയാണ് വാങ്ങിയത്. നാല് ആഡംബര കാറും മറ്റു വാഹനങ്ങളും ഇയാൾക്ക് സ്വന്തമായുണ്ട്. തമിഴ്‌നാട്ടിൽ ഹെക്ടർ കണക്കിന് ഭൂമിയുമണ്ട്.

അബൂദബിയിൽ അറബിയുമായി ഒന്നിച്ച് ഡീസൽ വ്യവസായമാണെന്നാണ് വിവരം. ഹൂതി വിമതർക്ക് ഇന്ധനം എത്തിക്കലായിരുന്നു ഇടപാടെന്നും റിപ്പോർട്ടുണ്ട്.

ക്വട്ടേഷൻ ഗ്യാങ്

'സ്റ്റാർ വൺ ഗ്രൂപ്പ്' എന്ന പേരിലാണ് ഷൈബിൻ അഷ്‌റഫിന്റെ വ്യവസായ ശൃംഖല പ്രവർത്തിക്കുന്നത്. സ്റ്റാർ വൺ ഗ്രൂപ്പ് ക്വട്ടേഷൻ രീതിയിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നതെന്നും നാട്ടുകാർ പറയുന്നു. 2014, 15 കാലഘട്ടത്തിൽ റഹ്‌മത്ത് നഗർ, പുത്തൻകുന്ന്, കൽപഞ്ചേരി എന്നിവിടങ്ങളിൽനിന്ന് നിരവധി യുവാക്കളെ ഇദ്ദേഹം ജോലിക്കായി വിദേശത്തേക്ക് കൊണ്ടുപോയിരുന്നു. ഇവരിൽ പലർക്കും വിദേശത്തും നാട്ടിലുമായി ജോലി തരപ്പെടുത്തിനൽകുകയും ചെയ്തു.

എന്നാൽ, നാട്ടിലേക്ക് തിരിച്ചെത്തിയ പലരും പിന്നീട് ഷൈബിന്റെ ക്വട്ടേഷൻ സംഘത്തിന്റെ ഭാഗമാകുകയായിരുന്നു. ഷൈബിൻ നാട്ടിലെത്തുമ്പോഴെല്ലാം ഇദ്ദേഹം വലിയ ആഡംബര വാഹനങ്ങളിൽ പുറത്തിറങ്ങുമ്പോൾ മുന്നിലും പിന്നിലും എസ്‌കോർട്ടായി ഈ യുവാക്കളുണ്ടാവാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.


ഏറ്റവുമൊടുവിൽ ഷൈബിൻ അഷ്‌റഫ് സ്‌പോൺസർ ചെയ്ത വടംവലി ടീമിനെതിരെ മത്സരിച്ചു ജയിച്ച ടീമിലെ സംഘാംഗങ്ങളെ ഇദ്ദേഹം ക്വട്ടേഷൻ നൽകി മർദിച്ചിരുന്നു. മർദനമേറ്റ കൂട്ടത്തിലുള്ള ഒരു യുവാവ് പിന്നീട് മരിച്ചു. കൊട്ടാരസമാനമായ വീട്ടിൽ കെട്ടിത്തൂക്കി തന്നെ മർദിച്ചുവെന്ന് ഇദ്ദേഹം പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. വീടിനകത്ത് സിംഹാസനത്തിൽ ഒരാളുണ്ടായിരുന്നു. അയാൾക്കു ചുറ്റും ആജ്ഞാനുവർത്തികൾ പോലെ നിരവധി പേർ അംഗരക്ഷകരായും ഉണ്ടായിരുന്നുവെന്നും മൊഴിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. മർദിച്ച് അവശനാക്കിയ ശേഷം കണ്ണുകെട്ടി ഒരു കാപ്പിത്തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ഈ കേസ് ഇപ്പോഴും എവിടെയും എത്തിയിട്ടില്ല.

കൂടുതൽ കൊലയ്ക്ക് പദ്ധതിയിട്ടു?

ഷൈബിൻ അഷ്‌റഫും സംഘവും കൂടുതൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. അബൂദബിയിൽ ഹാരിസ് എന്നയാളെയും ഒരു സ്ത്രീയെയും കൊല്ലാനായി തയാറാക്കിയ പദ്ധതി രൂപരേഖയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. പ്രതികളായ ഷൈബിൻ അഷ്റഫും കൂട്ടാളികളും സംസ്ഥാനത്ത് വിവിധ കുറ്റകൃത്യങ്ങൾക്കും തട്ടിക്കൊണ്ടുപോകലിനും പദ്ധതിയിട്ടതായി പുറത്തുവന്ന ശബ്ദസന്ദേശങ്ങളിൽ വ്യക്തമാണ്.

ഷൈബിൻ അഷ്റഫിന്റെ ലാപ്ടോപ്പിൽനിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ആത്മഹത്യയെന്നു തോന്നുന്ന രീതിയിൽ രണ്ടുപേരെ കൊലപ്പെടുത്തുന്നതിന്റെ വിശദമായ പദ്ധതിരേഖയാണ് വിഡിയോയിലുള്ളത്. ഹാരിസ് എന്നു പേരുള്ള ഒരാളെയും ഒരു സ്ത്രീയെയും കൊല്ലുന്നതിക്കുറിച്ചുള്ള മീഡിയവണിന് ലഭിച്ച രൂപരേഖയുടെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് ഷൈബിന്റെ കൂട്ടാളിയായ നൗഷാദാണ്.

തട്ടികൊണ്ടുപോകലും ഭവനഭേദനവും ഉൾപ്പെടെ ഒട്ടേറെ ആസൂത്രിത കുറ്റകൃത്യങ്ങൾ ഷൈബിനും സംഘവും നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇതുവരെ പുറത്തുവന്ന ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും. ഓരോ കുറ്റകൃത്യവും നടപ്പാക്കുന്നതിനെക്കുറിച്ച് വിശദമായ പദ്ധതികളാണ് സംഘം തയാറാക്കിയിരുന്നത്.

'അതിർത്തി കടന്ന് പ്രതികൾ'

അതിനിടെ, കേസിലെ രണ്ടു പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഇവർ ഉൾപ്പെടെ പിടിയിലാകാനുള്ള അഞ്ചുപേർക്കായി അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള നൗഷാദുമായി ഇന്ന് തെളിവെടുപ്പ് നടത്തും.


അഞ്ചു ദിവത്തെ കസ്റ്റഡിയിൽ ലഭിച്ച കൈപ്പഞ്ചേരി നൗഷാദിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വീണ്ടും ചോദ്യം ചെയ്തു. കൊലപാതകം നടന്ന ഷൈബിന്റെ വീട്ടിലും മൃതദേഹം പുഴയിലേക്കെറിഞ്ഞ എടവണ്ണ പാലത്തിലും ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ നൗഷാദിനെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. കൊലക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫാണെങ്കിലും കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചത് നാഷാദിൽനിന്നാണ്. അതാണ് നൗഷാദിനെ മാത്രം ആദ്യം കസ്റ്റഡിയിൽ വാങ്ങിയത്. ഇയാളിൽനിന്ന് ലഭിച്ച കൂടുതൽ തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ മറ്റ് പ്രതികളെയും അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.

തമിഴ്നാട്ടിലേക്ക് കടന്ന രണ്ടുപേരുൾപ്പെടെ പിടിയിലാകാനുള്ള അഞ്ചുപേരെക്കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. മൈസൂരുവിൽനിന്ന് ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുപോരാൻ സഹായിച്ച ഇവരും മലയാളികളാണ്. മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് പുറമെ അറസ്റ്റിലായ നിഷാദ്, ഷിഹാബുദ്ദീൻ എന്നിവരും മഞ്ചേരി സബ് ജയിലിലാണുള്ളത്.

Summary: Shybin Ashraf owns assets worth RS 350 crore

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News