ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ വിമര്‍ശനമുയരുന്നു
ജനറല്‍ ബോഡിയില്‍ ദിലീപിനെ പുറത്താക്കണമെന്ന ഉറച്ച നിലപാട് സ്വീകരിച്ച ഡബ്ല്യൂസിസി അംഗങ്ങളോ പൃഥ്വിരാജ് ഉള്‍പ്പടെയുള്ള യുവ നടീ നടന്മാരോ പങ്കെടുത്തില്ല.
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെത്തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയരുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് പുറത്താക്കിയ ദിലീപിനെ ഇന്നലെ ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗമാണ് തിരിച്ചെടുത്തത്. ദിലീപിനെ പുറത്താക്കിയെന്ന പ്രസ്താവനയും അമ്മ പിന്‍വലിച്ചിരുന്നു. അതേസമയം ഇടത് സര്‍ക്കാരിന്റെ ഭാഗമായ രണ്ട് എംഎഎല്‍മാര്‍ അടങ്ങിയ സംഘടന കൈക്കൊണ്ട നിലപാട് സംബന്ധിച്ചും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 17നാണ് നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ചലച്ചിത്ര നടീനടന്മാരുടെ സംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയത്. ജനറല്‍ സെക്രട്ടറിയായിരുന്ന മമ്മുട്ടിയുടെ വസതിയില്‍ ചേര്ന്ന അവൈലബില്‍ എക്സിക്യൂട്ടീവ് കമ്മറ്റിയുടേതായിരുന്നു തീരുമാനം. എന്നാല്‍ ഇത് സംഘടനയുടെ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തിരിച്ചെടുക്കാന്‍ അമ്മ തീരുമാനിച്ചത്. അതേസമയം ഇന്നലെ നടന്ന ജനറല്‍ ബോഡിയില്‍ ദിലീപിനെ പുറത്താക്കണമെന്ന ഉറച്ച നിലപാട് സ്വീകരിച്ച ഡബ്ല്യൂസിസി അംഗങ്ങളോ പൃഥ്വിരാജ് ഉള്‍പ്പടെയുള്ള യുവ നടീ നടന്മാരോ പങ്കെടുത്തില്ല.
അജണ്ടയിലില്ലാതിരുന്ന കാര്യമായിട്ടും ദിലീപിനെ പുറത്താക്കിയത് സംബന്ധിച്ച നടി ഊര്‍മിള ഉണ്ണി ഉള്‍പ്പടെയുള്ളവരുടെ ചോദ്യങ്ങള്‍ക്ക് പുറത്താക്കല്‍ നടപടി പൂര്‍ത്തിയാക്കിയിട്ടില്ലെന്നും പ്രസ്താവന പിന്‍വലിക്കുകയാണെന്നുമുള്ള മറുപടിയാണ് ഭാരവാഹികള്‍ക്ക് നല്കാനായത്. പകുതിയോളം മാത്രം അംഗങ്ങളാണ് വാര്‍ഷിക ജനറല്‍ ബോഡിയില്‍ പങ്കെടുക്കാനെത്തിയത്. ഇതില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോഹന്‍ലാല്‍ യോഗത്തില്‍ നീരസം പ്രകടിപ്പിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചയാണ് നടക്കുന്നത്.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായ രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടുന്ന സംഘടന, സ്ത്രീ വിരുദ്ധ നിലപാടാണെടുക്കുന്നതെന്ന ആക്ഷേപവും ശക്തമായി. നിരപരാധിത്വം തെളിയിക്കാത്ത ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ കൂട്ടുനിന്ന മുതിര്‍ന്ന നടന്‍മാര്‍ക്കെതിരെയും പ്രതിഷേധം പുകയുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം തുടക്കം മുതല്‍ ഉറച്ചു നിന്ന നടന്‍ ആസിഫലി ഇത്തവണയും എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായി. എന്നാലും സംഘടനയുമായി അകന്നു നില്ക്കുന്നവരെ കൂട്ടിയോജിപ്പിക്കുക എന്നതാവും മോഹന്‍ലാല്‍ അടക്കമുള്ള ഭാരവാഹികള്‍ക്കു മുന്നിലെ തലവേദന.