തിരശ്ശീലക്ക് ‘തീയിട്ട’ മലയാള സിനിമയുടെ ഒരു വർഷം
സാമ്പത്തിക നേട്ടത്തിനപ്പുറം നിലവാരമുള്ള സിനിമകൾ ലോകത്തിന് സമ്മാനിച്ചാണ് മോളിവുഡിന്റെ സഞ്ചാരം
കോവിഡിന് ശേഷം തകർച്ചയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് വിജയ കുതിപ്പിലേക്കെത്തിയ മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമാണ് പോയവർഷം കടന്നു പോയത്. ലോകസിനിമക്ക് പുതിയൊരു ദൃശ്യഭാഷ സമ്മാനിച്ച കാലഘട്ടമെന്ന് ചരിത്രം അടയാളപ്പെടുത്തും. സാമ്പത്തിക നേട്ടത്തിനപ്പുറം നിലവാരമുള്ള സിനിമകൾ ലോകത്തിന് സമ്മാനിച്ചാണ് മോളിവുഡിന്റെ സഞ്ചാരം.
പായൽ കപാഡിയയുടെ സംവിധാനത്തിൽ പിറന്ന ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റിലൂടെ’ദിവ്യ പ്രഭയും കനി കുസൃതിയും ചേർന്ന് ഉണ്ടാക്കിയ നേട്ടം മലയാളത്തിനും കൂടി അഭിമാനിക്കാവുന്നതാണ്. ഹോളിവുഡിലേത് പോലെയുള്ള വിവിധ ജോണറുകളിലുള്ള സിനിമകൾ മലയാളത്തിൽ പരീക്ഷിക്കപ്പെട്ടു. ആടുജീവിതവും, മഞ്ഞുമ്മൽ ബോയ്സും, സൂക്ഷ്മ ദർശിനിയും, പ്രേമലുവും, ആവേശവും മാർക്കോയും റൈഫിൾ ക്ലബുമൊക്ക മലയാളസിനിമയെ പുതിയൊരുതലത്തിൽ എത്തിച്ചു. ഇതിനിടയിൽ സിനിമാ ലോകത്തെ പിടിച്ചുലച്ച‘ഹേമ കമ്മിറ്റി റിപ്പോർട്ട്’പുറത്തുവരുന്നത്. അതിന്റെ അനുരണനങ്ങൾ തിരശീലക്ക് പുറത്തും അകത്തും ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണ്.
സാധാരണ തിയറ്റർ വിജയം കൈവരിക്കാതെ പോകുന്ന ത്രില്ലർ ജോണറുകൾ ഫാമിലി പ്രേക്ഷകരെപ്പോലും തിയറ്ററിലേക്കെടുപ്പിച്ചു. ഗോളം, കിഷ്കിന്ധാ കാണ്ഡം,തലവൻ, അന്വേഷിപ്പിൻ കണ്ടെത്തും, ഓസ്‌ലർ തുടങ്ങി നിരവധി ചിത്രങ്ങളാണ് പ്രേക്ഷക വിജയം നേടിയത്. ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ടത് ആസിഫലി എന്ന നടന്റെ വളർച്ചയെയാണ്. അഭിനയ മികവ് കൊണ്ട് മുൻപും അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൊമേഴ്സ്യൽ ഹിറ്റുകൾ ഉണ്ടാക്കാൻ കെൽപ്പില്ലാത്ത നായകനെന്ന പേരുദോഷം തിരുത്തിയാണ് ആസിഫലി തന്റെ ഇരിപ്പിടം ഉറപ്പിച്ചത്.
വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ ആസിഫലിയുടെ അഭിനയ മികവും കൂടെ ചേർന്നപ്പോൾ 2024 ആസിഫലിക്ക് നേട്ടങ്ങളുടെ വർഷമായി. ലെവൽ ക്രോസ്, കിഷ്‌കിന്ധാ കാണ്ഡം,അഡിയോസ് അമിഗോ എന്നിവയിൽ അസാമാന്യ പ്രകടനമാണ് ആസിഫലി കാഴ്ചവെച്ചത്. നായകനൊപ്പം സൈഡ് റോളിൽ ഒതുങ്ങി നിൽക്കേണ്ടി വരുന്ന ത്രില്ലർ സിനിമകളിലെ നായികമാർക്ക് വെല്ലുവിളിയായി മാറി കിഷ്കിന്ധയിലേ അപർണ ബാലമുരളിയുടെ കഥാപാത്രം.
വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും ജയറാം - മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ഓസ്‌ലർ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ‘പൂമാനമേ’ എന്ന പഴയ ഗാനത്തിന്റെ റീമേക്ക് 2024ൽ ആളുകൾ വീണ്ടും ഏറ്റുപാടി.
അമൽ നീരദിന്റെ ബോഗയ്‌ന്‍വില്ലയും ഡാർക് ത്രില്ലർ സ്വഭവത്തിലെത്തിയ സൂക്ഷമ ദർശിനിയുമാണ് കഴിഞ്ഞ വർഷത്തെ മികച്ച ത്രില്ലർ സിനിമകൾ. രണ്ട് സിനിമയിലും നായികമാർ ആണ് ലീഡ് റോള് എന്നതും സവിശേഷതയായി. ജ്യോതിർമയിയുടെയും നസ്രിയയുടേയും ഗംഭീര തിരിച്ച് വരവ് മലയാള സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് പുത്തൻ ഉണർവ്വ് നൽകി.
യഥാർത്ഥ കഥകളെ അടിസ്ഥാനമാക്കി പുറത്തു വന്ന സിനിമകളാണ് ‘ആടുജീവിതവും’ മഞ്ഞുമ്മൽ ബോയ്സും. ഒരുപാട് തവണ കണ്ടും വാ യിച്ചും അറിഞ്ഞ കഥാപാത്രങ്ങളെ തിരശ്ശീല യിലും പ്രേക്ഷകർ ഏറ്റെടുത്തു. എല്ലാവർക്കും അറിയാവുന്ന കഥയിൽ പുതുതായി എന്ത് എന്ന ചോദ്യത്തിന് ഉത്തരമായി ഇരുസിനിമകളുടെയും അസാധാരണ മേക്കിങ്. മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്കാണ് ആടുജീവിതം കൊണ്ടെത്തിച്ചത്. പൃഥ്വിരാജിന്റെ അസാമാന്യ ധൈര്യവും കഠിനാധ്വാനവും കൂടിചേർത്ത് വായിക്കപ്പെടും ആടുജീവിതമെന്ന സിനിമയ്ക്കൊപ്പം
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടം കൈവരിച്ച ചിത്രങ്ങളുടെ കൂട്ടത്തിലാണ് മഞ്ഞുമ്മൽ ബോയ്സിന്റെ സ്ഥാനം. ചിദംബരം എന്ന സംവിധായകന്റെ സംവിധാന ശൈലി പ്രേക്ഷകർക്കിടയിൽ ചർച്ചയായി. പൂമാനമേ എന്ന ഗാനത്തിന് ശേഷം കണ്മണി അൻപോട് എന്ന പഴയ ഗാനവും റീ മേക്കിലൂടെ തരംഗമായി. മലയാളക്കര മറികടന്ന് കൊച്ചിയിലെ മഞ്ഞുമ്മൽ ബോയ്‌സിന്റെ കഥ അയൽസംസ്ഥനങ്ങളിലും വമ്പൻ ഹിറ്റായി. ഒരു തമിഴ് പ്രണയ ഗാനത്തിന് സൗഹൃദത്തിന്റെയും അതിജീവനത്തിന്റെയും പുതിയ മാനം തീർത്തു ചിദംബരം എന്ന യുവ സംവിധായകൻ.
കുറഞ്ഞ ബജറ്റിൽ ചെയ്ത പ്രേമലു പോയ വർഷത്തെ വമ്പൻ ഹിറ്റായി മാറി. വലിയ സാമ്പത്തിക ഹിറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകനും നായികയുമായി മാറി നെസ്ലിനും മമിത ബൈജുവും. ചെറിയ കുട്ടികൾ മുതൽ പ്രായ ഭേദമന്യേയുള്ള പ്രേക്ഷകർ ചേർന്ന് തിയറ്ററിൽ ചിരിയുടെ മാലപ്പടക്കം തീർത്തു. ചെറിയ ആശയം കൊണ്ടും വമ്പൻ താരങ്ങളില്ലാതെയും സിനിമക്ക് കോടികൾ വാരാൻ സാധിക്കുമെന്ന് ഗിരീഷ് എ ഡി എന്ന സംവിധായകൻ കാണിച്ചു തന്നു. 136 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത്. ലാഭം കൊയ്യലിൽ ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിയ ചിത്രമായിരുന്നു പ്രേമലു. പുഷ്പ 2, കൽക്കി 2898 എഡി, സ്ത്രീ 2 എന്നീ ചിത്രങ്ങളേയും പിന്തള്ളിയാണ് പ്രേമലുവിന്റെ ലാഭനേട്ടം.
പരീക്ഷണ ചിത്രങ്ങളുടെ 2024
മലയ്ക്കോട്ടെ വാലിബൻ, ഭ്രമയുഗം, അജയന്റെ രണ്ടാം മോഷണം (ARM) തുടങ്ങിയ ചിത്രങ്ങൾ പുതിയ കാഴ്ചാനുഭവമായി. സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും വ്യത്യസ്ത രീതിയിൽ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് വാലിബൻ. എല്ലാത്തരം എൽജെപി സിദ്ധാന്തവും എൽജെപി മാജിക് ആയി മാറില്ലെന്ന ബോധ്യപ്പെടുത്തൽ കൂടിയായിരുന്നു വാലിബൻ.
അമർചിത്രക്കഥകളെ പോലെയുള്ള സിനിമ പക്ഷേ ബഹുഭൂരിപക്ഷത്തിനും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. സിനിമയുടെ പരാജയത്തിൽ അണിയറക്കാർക്കുണ്ടായ കടുത്ത നിരാശ ഇൻഡസ്ട്രിയിലെ പ്രധാന വാർത്തയായി. ബ്ലാക്ക് ആൻഡ് വൈറ്റിൽ പുറത്ത് വന്ന അടിമുടി പരീക്ഷണ ചിത്രമായിരുന്നു മമ്മൂട്ടിയുടെ ഭ്രമയുഗം. വ്യത്യസ്ത കഥാപാത്ര തെരഞ്ഞെടുപ്പിൽ എന്നും വിസ്മയിപ്പിച്ച മമ്മൂട്ടി ഭ്രമയുഗത്തിലും പ്രേക്ഷകനെ ഒട്ടും നിരാശപ്പെടുത്തിയില്ല. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ തന്നെ പൊൻതൂവലായി ഭ്രമയുഗത്തിലെ ചാത്തൻ വേഷം.
കോമഡിയും ആക്ഷനും ചേർന്ന ഒന്നൊന്നര മാസ് ചിത്രം ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ 2024 ൽ, സിനിമയുടെ പേരു പോലെ തന്നെ തിയറ്ററിൽ ആവേശമായി മാറിയ ആവേശം. ഫഹദ് എന്ന നടന്റെ വെർസറ്റയിൽ അഭിനയത്തിന് ഒരു തെളിവ് കൂടെയായിരുന്നു ചിത്രം. നായികമാർക്ക് ഒട്ടും പ്രാധാന്യം ഇല്ലെങ്കിലും ഉള്ള സ്ത്രീ കഥാപാത്രങ്ങളെ മനോഹരമായി സിനിമ അവതരിപ്പിച്ചു. സിനിമയിൽ ലൈംഗിക തൊഴിലാളികൾ ആ അർത്ഥത്തിൽ ഏറെ ചർച്ചയായി. രംഗണ്ണൻ എന്ന ഫഹദ് കഥാപാത്രം മലയാളത്തിലെ മികച്ച മാസ് കഥാപാത്രങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചു.
ആട്ടവും ഉള്ളൊഴുക്കും കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സ്ത്രീ പക്ഷ ചിത്രങ്ങളായി.12 ആണുങ്ങളും ഒരു സ്ത്രീയും ഉൾപ്പെടുന്ന നാടക സംഘത്തിന്റെ കഥ പറഞ്ഞ ആട്ടം സകല സദാചാര വേലിക്കെട്ടുകളെയും പൊട്ടിച്ചെറിഞ്ഞ് സമൂഹത്തിൽ ഇന്നും നില നിൽക്കുന്ന സ്ത്രീ വിരുദ്ധതയ്ക്കെതിരെയുള്ള ചാട്ടുളിയായി. അതേസമയം പുരുഷ കേന്ദ്രീകൃത കാഴ്ചപ്പാട് തന്നെയാണ് ആട്ടം അടയാളപ്പെടുത്തുന്നതെന്ന വായനകളും മറുവശത്തുണ്ടായി.
മനുഷ്യനെന്ന വൈകാരിക ജീവിയുടെ വിവിധ തലങ്ങളിലൂടെ സഞ്ചരിച്ച സിനിമയായിരുന്നു ഉള്ളൊഴുക്ക്. ഉർവ്വശിയും പാർവതിയും മത്സരിച്ച് അഭിനയിച്ച ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച സ്ത്രീപക്ഷ സിനിമയായി തീർന്നു. ശരി തെറ്റുകൾക്കിടയിലൂടെ സഞ്ചരിക്കുന്ന രണ്ട് സ്ത്രീകളുടെ മനസ്സിന്റെ അടിയൊഴുക്കുകൾ സിനിമ സംവദിച്ചു.
ആഷിക് അബുവിന്റെ തിരിച്ചുവരവിലൂടെയാണ് 2023 കൊടിയിറങ്ങിയത്. റൈഫിൾ ക്ലബെന്ന ആക്ഷൻ പടത്തിലൂടെ സിനിമയിലെ ചെറിയ കഥാപാത്രം കൂടി മാസ് കാണിച്ചു. മാർക്കോ എന്ന സിനിമയിലൂടെ ഉണ്ണിമുകുന്ദനെ ബോക്സ് ഓഫീസ് ഹിറ്റിലേക്കെത്തിച്ച അത്ഭുതത്തിനും മലയാള സിനിമ സാക്ഷ്യം വഹിച്ചു. അതിഭീകരമായ വയലൻസ് കാണാനും ഇവിടെ പ്രേക്ഷകരുണ്ടെന്ന് ബോധ്യപ്പെടുത്തി തന്ന സിനിമയാണ് മാർക്കോ. അങ്ങനെ വ്യത്യസ്ത ആഖ്യാന പരീക്ഷണങ്ങളിലൂടെയും പ്രമേയങ്ങളിലൂടെയും കാഴ്ചപ്പാടുകളിലൂടെയും മലയാള സിനിമ ലോകോത്തരസിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് തലയുയർത്തി നിന്ന വർഷം കൂടിയാണ്. അഞ്ചക്കള്ളക്കോക്കാൻ അടക്കം ശ്രദ്ധേയമായ പരീക്ഷണ സമാന്തര ചിത്രങ്ങൾ ഐഎഫ്എഫ്‌കെയിലെത്തിയതോടെ നവീകരിക്കപ്പെടുക മാത്രമല്ല, അത് അടയാളപ്പെടുത്തുക കൂടിയാണ് മലയാളസിനിമയുടെ കഴിഞ്ഞ ഒരു വർഷം. അങ്ങനെ തുടക്കം മുതൽ ൈക്ലമാക്സ് വരെ കൈയ്യടി നേടിയാണ് 2025 വിടപറയുന്നത്.