ദിലീഷ് പോത്തൻ നായകനാകുന്നു
ബിജു ദാസ് സംവിധാനം ചെയ്യുന്ന ലിയാന്‍സ് എന്ന ചിത്രത്തിലൂടെയാണ് ദിലീഷിന്‍റെ നായകനായുള്ള അരങ്ങേറ്റം.
സംവിധായകനായും നടനായും പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറിയ ദിലീഷ് പോത്തൻ നായകനാകുന്നു. ബിജു ദാസ് സംവിധാനം ചെയ്യുന്ന ലിയാന്‍സ് എന്ന ചിത്രത്തിലൂടെയാണ് ദിലീഷിന്‍റെ നായകനായുള്ള അരങ്ങേറ്റം.
ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് വിഷ്ണു പൊന്‍കുന്നമാണ്. ഹരീഷ് പേരടിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിജുകുട്ടന്‍, കോട്ടയം പ്രദീപ്, നിരഞ്ജന്‍ എബ്രഹാം, ശരണ്യ ആനന്ദ്, രമ്യ പണിക്കര്‍, ആര്യ രമേശ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. തമിഴിലും മലയാളത്തിലുമായാകും സിനിമ ഒരുക്കുക. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ സംവിധായകനാണ് ദിലീഷ് പോത്തൻ.
റിയലിസത്തിന്റെ പുതിയ ഭാവം കാണിച്ചുതന്ന ദിലീഷിന്റെ സിനിമാരീതിയെ പോത്തേട്ടന്‍സ് ബ്രില്യന്‍സ് എന്ന് ആരാധകർ വിളിച്ചു. സോൾട്ട് ആന്‍ഡ് പെപ്പര്‍, ഇയ്യോബിന്റെ പുസ്തകം, ചന്ദ്രേട്ടൻ എവിടെയാ, റാണി പത്മിനി തുടങ്ങി പത്തിലധികം ചിത്രങ്ങളിൽ വേഷമിട്ടിരുന്നു.
സിനിമാ സംവിധാനത്തിനൊപ്പം അഭിനയത്തിലും സജീവമാണ് ഇപ്പോൾ ദിലീഷ് പോത്തൻ. ത്രില്ലര്‍ മൂഡിലുള്ള ഹൊറര്‍ ചിത്രമായ ലിയാന്‍സിന്റെ ചിത്രീകരണം ഊട്ടി, തൃശൂര്‍ എന്നിവിടങ്ങളിലായി ആരംഭിക്കും.