മോഹന്‍ലാലിനെതിരായ നിവേദത്തില്‍ ഒപ്പുവെച്ചിട്ടില്ല: പ്രകാശ് രാജ്
ഇങ്ങനെയൊരു നിവേദനത്തെപ്പറ്റി അറിഞ്ഞിട്ടുപോലുമില്ല. അമ്മയുടെ ചില തീരുമാനങ്ങളില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നുള്ളത് സത്യമാണെന്നും പ്രകാശ് രാജ്
സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതിന് എതിരെയുള്ള നിവേദത്തില്‍ ഒപ്പുവെച്ചിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ്. ഇങ്ങനെയൊരു നിവേദനത്തെപ്പറ്റി അറിഞ്ഞിട്ടുപോലുമില്ല. അമ്മയുടെ ചില തീരുമാനങ്ങളില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നുള്ളത് സത്യമാണെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
ട്വിറ്റര്‍ അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പ്രകാശ് രാജിന്റെ പ്രതികരണം. ഇന്നലെയാണ് മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയാക്കരുത് എന്ന് ആവശ്യപ്പെട്ട് 107 പേര്‍ ഒപ്പിട്ട ഭീമ ഹരജി മുഖ്യമന്ത്രിക്ക് നല്‍കിയത്. അതില്‍ പ്രകാശ് രാജിന്‍റെ പേരുണ്ടായിരുന്നു.
കേരളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഏറ്റവും ഉന്നതമായ അവാര്‍ഡാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരമെന്നും അത് നല്‍കേണ്ടത് അത്രത്തോളം ഗൌരവത്തോടു കൂടിയായിരിക്കണമെന്നും ആവശ്യപ്പെട്ടാണ് സാംസ്കാരിക ചലച്ചിത്ര പ്രവര്‍ത്തകര്‍ ഭീമഹര്‍ജി നല്‍കിയത്. ദേശീയ പുരസ്കാരം രാഷ്ട്രപതി നല്‍കുന്നത് പോലെ മുഖ്യമന്ത്രി അവാര്‍ഡ് സമ്മാനിക്കുന്ന രീതിയാണ് കേരളത്തിലും വേണ്ടത്. മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും അവാര്‍ഡ് ജേതാക്കള്‍ക്കും പുറമെ മുഖ്യാതിഥികള്‍ ഉണ്ടാകുന്നത് പരിപാടിയുടെ ശോഭ കെടുത്തുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.