കേരള രാജ്യാന്തര ചലച്ചിത്ര മേള മാർച്ച് 18 മുതൽ
ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ മുതൽ ആരംഭിക്കും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ 5,000 പാസുകളാണ് ഇത്തവണ വിതരണം ചെയ്യുക
ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള മാർച്ച് 18 മുതൽ 25 വരെ നടക്കും. ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ മുതൽ ആരംഭിക്കും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ 5,000 പാസുകളാണ് ഇത്തവണ വിതരണം ചെയ്യുക. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നാളെ രാവിലെ 10 മണി മുതൽ www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. പൊതു വിഭാഗത്തിന് 1000 രൂപയും വിദ്യാർഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ച ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം. ഈ വർഷം മുതൽ വിദ്യാർഥികൾക്കും ഓഫ്‌ലൈൻ രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചു.മേളയിലെ തെരഞ്ഞെടുത്ത ചിത്രങ്ങൾ ഉൾപെടുത്തി ഏപ്രിലിൽ കൊച്ചിയിൽ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു
മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. എട്ടു ദിവസത്തെ മേളയില്‍ 14 തിയറ്ററുകളിലായി 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള മേളയില്‍ റെട്രോസ്പെക്റ്റീവ് ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.