ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു
ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാളം ചിത്രം 'ഫെമിനിച്ചി ഫാത്തിമ' പുരസ്‌കാരങ്ങൾ വാരിക്കൂട്ടി
തിരുവനന്തപുരം: ഏഴു ദിനരാത്രങ്ങൾ നീണ്ടുനിന്ന 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി. പെഡ്രോ ഫിയറെ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രം 'മാലു'വിനാണ് സുവർണ ചകോരം. ഫർശദ് ഹാഷ്മിക്കും(മികച്ച സംവിധായകൻ) ക്രിസ്ടോബൽ ലിയോണിനും(മികച്ച നവാഗത സംവിധായകൻ) രജതചകോരവും ലഭിച്ചു. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാളം ചിത്രം 'ഫെമിനിച്ചി ഫാത്തിമ' പുരസ്‌കാരങ്ങൾ വാരിക്കൂട്ടി.
വൈകീട്ട് ആറിനു നിശാഗന്ധിയിൽ നടന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാര സമർപ്പണം നിർവഹിച്ചു. ചലച്ചിത്രമേളയില്‍ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാളം ചിത്രം 'ഫെമിനിച്ചി ഫാത്തിമ'യാണ് പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ശ്രദ്ധ നേടിയത്. മികച്ച മലയാളം സിനിമ, ഫിപ്രസി പുരസ്‌കാരം, ജനപ്രിയ ചിത്രം, മികച്ച തിരക്കഥ എന്നീ അംഗീകാരങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. മേളയ്ക്കിടെ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണുമായുള്ള വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ സംവിധായിക ഇന്ദുലക്ഷ്മിക്കും പുരസ്കാരം ലഭിച്ചു. 'അപ്പുറം' എന്ന ചിത്രത്തിലൂടെ ഇന്ത്യയിൽനിന്നുള്ള മികച്ച നവാഗത സംവിധായികയായി അവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
68 രാജ്യങ്ങളിൽനിന്നുള്ള 177 ചിത്രങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിച്ചത്. രണ്ടാം ദിവസമാണ് മത്സര വിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചത്. മലയാളത്തിൽനിന്നെത്തിയ രണ്ട് ചിത്രങ്ങൾക്കും മികച്ച പ്രതികരണം ലഭിച്ചു. ഏഷ്യൻ സിനിമയുടെ വളർച്ചയുടെ ദിശ സൂചിപ്പിക്കുന്നതായിരുന്നു മൂന്നാം ദിവസം. സംവിധായക ആൻ ഹുഴിയുമായുള്ള പ്രത്യേക സംഭാഷണ പരിപാടിയും നടന്നു. നാലാം ദിവസം മലയാള സിനിമയിലെ മുതിർന്ന നടിമാർക്ക് ആദരമർപ്പിച്ച ചടങ്ങും ശ്രദ്ധേയമായി.
ഫെസ്റ്റിവൽ ഫേവറേറ്റ് വിഭാഗത്തിലെ ചിത്രങ്ങളാണ് അഞ്ചാം ദിവസം ചർച്ചയായത്. കാനിൽ ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റും' സംവിധായക പായൽ കപാഡിയയും ആറാം ദിവസം തിളങ്ങിനിന്നു.
Summary: 29th International Film Festival of Kerala concludes in Thiruvananthapuram