'ആ സിനിമ ലക്ഷ്യത്തിലെത്താഞ്ഞത് വേദനിപ്പിച്ചു; പിന്നീട് സിനിമകൾ തിരഞ്ഞെടുത്തത് സൂക്ഷ്മതയോടെ'; മോഹൻലാലിന്റെ അഭിമുഖം
ബറോസിനെക്കുറിച്ചും, അതിനപ്പുറവും; മനസ് തുറന്ന് മോഹൻലാൽ
1978ൽ തന്റെ 18ാം വയസ് മുതൽ മലയാള സിനിമക്കായി ജീവിതമർപ്പിച്ച നടനാണ് മോഹൻലാൽ. നാല് പതിറ്റാണ്ടിന് മുകളിൽ 400ന് മുകളിൽ സിനിമ ചെയ്ത മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് ക്രിസ്മസിനാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ബറോസിനെക്കുറിച്ചും തന്റെ ആദ്യ സംവിധാനത്തിൽ നേരിട്ട കടമ്പകളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. ഗലാട്ട പ്ലസിന് വേണ്ടി പ്രമുഖ മാധ്യമപ്രവർത്തകനായ ഭരദ്വാജ് രംഗൻ നടത്തിയ അഭിമുഖത്തിലാണ് തന്റെ പുതിയ അനുഭവങ്ങളും കാഴ്ചപ്പാടുകളും മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്.
ബറോസ് എന്ന പേര് കേൾക്കാൻ തുടങ്ങി കാലമേറെയായെന്ന ചോദ്യത്തിന് സിനിമ അഭിമുഖീകരിച്ച പ്രശ്‌നങ്ങളെക്കുറിച്ച് മോഹൻലാൽ മനസുതുറന്നു
കൊവിഡ് സമയത്താണ് ബറോസിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രം പൂർത്തീകരിക്കാൻ നാല് വർഷമാണെടുത്തത്. മിക്കാവാറും വിദേശ താരങ്ങളെയാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പോർച്ചുഗൽ, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ അഭിനേതാക്കൾക്ക് പുറമെ മുഖ്യകഥാപാത്രമായ പെൺകുട്ടി യുഎസിൽ നിന്നാണ്. ആദ്യം ഈ പെൺകുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് മറ്റൊരു പെൺകുട്ടിയായിരുന്നു. എന്നാൽ കൊവിഡ് കാരണം ഈ പെൺകുട്ടിക്ക് തന്റെ രാജ്യത്തിലേക്ക് മടങ്ങേണ്ടിവന്നു. ഈ പെൺകുട്ടിക്ക് തിരിച്ചുവരാൻ സാധിക്കാതിരുന്നതിനാൽ മറ്റൊരു പെൺകുട്ടിയ കഥാപാത്രത്തിനായി തിരയേണ്ടിവന്നു. ഇതിന് സമയമെടുത്തെന്ന് മോഹൻലാൽ പറഞ്ഞു.
ഇത് കൂടാതെ 3Dയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സാങ്കേതികവിദ്യക്ക് സംഭവിച്ച മാറ്റങ്ങളെല്ലാം തന്നെ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.
കൂടാതെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സന്തോഷ് ശിവനാണെന്നും താനും സന്തോഷ് ശിവനും ചേർന്ന സിനിമകൾക്ക് ദേശീയ അവാർഡ് ലഭിച്ചതിനെക്കുറിച്ചും മോഹൻലാൽ പറഞ്ഞു. കാലാപാനി, യോദ്ധ, ഇരുവർ, വാനപ്രസ്ഥം എന്നിവയായിരുന്നു ഈ ചിത്രങ്ങൾ. ബറോസിലും സന്തോഷ് ശിവൻ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് മോഹൻലാൽ പറഞ്ഞു. താൻ സംഗീതം മനസിൽ കണ്ടാണ് സിനിമ നിർമിച്ചതെന്നും അതിന് ആവശ്യമായ താളം ഓരോ ഷോട്ടുകൾക്കും കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു. 3D ചിത്രമായതിനാൽ ദൈർഘ്യമേറിയ പല ഷോട്ടുകളും ഉപയോഗിച്ചിട്ടുണ്ടെന്നും കട്ട് ഷോട്ടുകൾ കുറവാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
സന്തോഷ് ശിവൻ ആത്മവിശ്വാസവും അർപ്പണബോധവുമുള്ള ചായാഗ്രഹകനാണെന്ന് പറഞ്ഞ മോഹൻലാൽ ഷോട്ടുകൾ ചിത്രീകരിക്കുമ്പോൾ ആശയക്കുഴപ്പമുണ്ടായതും പിന്നീട് അത് രസകരമായി പരിഹരിച്ചതും ഓർത്തെടുത്തു.
മോഹൻലാൽ അഭിനയത്തിന് റഫറൻസുകൾ സ്വീകരിക്കാറില്ല എന്ന് സന്തോഷ് ശിവൻ പറഞ്ഞതിനെക്കുറിച്ചായിരുന്നു അടുത്ത ചോദ്യം
തന്റെ മനസിൽ ഒരദൃശ്യ ശക്തി ഉണ്ടെന്നും അത് അഭിനയത്തിൽ മാത്രമല്ല ജീവിതത്തിലെ എല്ലാ തലങ്ങളിലും തനിക്ക് ഊർജം പകരുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. താൻ സിനിമ സംവിധാനം ചെയ്യുന്നതിന് മുമ്പ് ആ അദൃശ്യ ശക്തിയോട് പ്രാർഥിക്കുകയാണ് ചെയ്തത്. വളരേയേറെ സങ്കീർണമായ സങ്കേതികത്വമുള്ള ബറോസിലും ഈ പ്രപഞ്ച ശക്തികൾ തന്നോടൊപ്പം നിൽക്കണമെന്നായിരുന്നു തന്റെ പ്രാർഥനയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. സിനിമയുടെ ഫൈനൽ പ്രൊഡക്ട് എങ്ങനെ വരുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും അതത് സമയങ്ങളിൽ അതിനനുസരിച്ചുള്ള ആശയങ്ങൾ മനസിൽ വന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.
ബറോസിന്റെ സീനുകളെ മറ്റൊരു സിനിമയുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് പറഞ്ഞ മോഹൻലാൽ ബോധപൂർവം താൻ സിനിമയിൽ ഒരു ദൃശ്യങ്ങളും അനുകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ഇത് കൂടാതെ ബറോസിന്റെ യൂണിവേഴ്‌സും ചായാഗ്രഹണരീതിയുമെല്ലാം മറ്റൊരിടത്തുനിന്ന് പടർത്തുക സാധ്യമല്ലെന്നും അദേഹം പറഞ്ഞു.
കഥാപാത്രങ്ങൾക്കായി മോഹൻലാൽ ഹോംവർക്കുകൾ ചെയ്യാറില്ലെന്ന് പറയപ്പെടുന്നു എന്ന ചോദ്യത്തിന് എങ്ങനെ ഉത്തരം പറയണമെന്ന് അറിയില്ലെന്നായിരുന്നു മോഹൻലാലിന്റെ മറുപടി. കർണഭാരം എന്ന സംസ്‌കൃത നാടകത്തിനായി തനിക്ക് നേരിടേണ്ടിവന്ന കടമ്പകളെക്കുറിച്ചും അധ്വാനത്തെക്കുറിച്ചും മോഹൻലാൽ ഓർത്തു.
നാടകത്തിന്റെ സ്‌ക്രിപ്റ്റ് ലഭിച്ചപ്പോൾ താൻ പകച്ചുപോയെന്നും കാവാലം നാരായണ പണിക്കർ തനിക്ക് ആത്മവിശ്വാസം നൽകിയെന്നും മോഹൻലാൽ പറഞ്ഞു. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരിചിതമല്ലാത്ത ഭാഷയുള്ള നാടകത്തിൽ അഭിനയിക്കാൻ തനിക്ക് സാധിച്ചു. അത് എങ്ങനെയെന്ന് തനിക്കറിയില്ല. അതിന് മുൻപും പിൻപും അത്തരമൊരു സംസ്‌കൃത നാടകം ആരെങ്കിലും അവതരിപ്പിച്ചതായി തനിക്കറിയില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
പിന്നീടൊരിക്കൽ കർണഭാരത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ താൻ എങ്ങനെയാണ് അത് ചെയ്തതെന്ന് അത്ഭുതപ്പെട്ട് പോയെന്നും അങ്ങനെ ചെയ്യാനായത് ഒരു അത്ഭുതമാണെന്നും മോഹൻലാൽ പറഞ്ഞു.
പല അഭിനേതാക്കളും തങ്ങളുടെ കഥാപാത്രത്തിനായി വലിയ തയ്യാറെടുപ്പുകൾ നടത്തുന്നത് കണ്ടിട്ടുണ്ട്. കഥാപാത്രത്തിന്റെ പല ഭാവങ്ങളും അത്തരത്തിൽ അവർ റിഹേഴ്‌സൽ ചെയ്യും, അത് തന്നെയായിരിക്കും അവരുടെ മനസിൽ. എന്നാൽ ഒരു ഷോട്ട് കഴിഞ്ഞാൽ താൻ സാധാരണ മനുഷ്യനാണ്. ക്യാമറയ്ക്ക് മുന്നിൽ മാത്രമാണ് താൻ കഥാപാത്രമാകുന്നത് എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ഈ കാലഘട്ടത്തിലും മമ്മൂട്ടിയും മോഹൻലാലും കരുത്തരായി നിലനിൽക്കുന്ന പ്രതിഭാസത്തെക്കുറിച്ചായിരുന്നു അടുത്ത ചോദ്യം
തങ്ങൾക്ക് പത്മരാജനും ഭരതനും മണിരത്‌നവും അരവിന്ദനും പോലുള്ള മഹാന്മാരായ സംവിധായകരായ സിനിമകളിൽ അഭിനയിക്കാനായിട്ടുണ്ട്. ഒരു വർഷം 36 സിനിമകൾ വരെ തങ്ങൾക്ക് അഭിനയിച്ചിട്ടുണ്ട്. പല തരത്തിലുള്ള സിനിമകളായിരുന്നു ഇവ. ഒരു സ്ഥിരനിക്ഷേപം പോലെ ചെയ്തുവച്ച ഈ സിനിമകളുടെ പലിശയ്ക്കാണ് തങ്ങൾ ജീവിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.
പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയിൽ അഭിനയിച്ച അനുഭവത്തെക്കുറിച്ചും മോഹൻലാൽ അനുഭവം പങ്കുവെച്ചു.
ജോലി ചെയ്യാൻ പ്രയാസമുള്ള വണ്ടർഫുളായ സംവിധായകനാണ് പൃഥ്വിരാജെന്ന് മോഹൻലാൽ ഓർത്തു. ഒരു തരത്തിലുള്ള ഈഗോയുമില്ലാത്ത അദേഹത്തിന് ഓരോ കഥാപാത്രങ്ങൾക്കും എന്താണ് വേണ്ടതെന്ന് അറിയാം. അദേഹം അത് ചോദിച്ച് വാങ്ങും. സിനിമയുടെ പൂർണരൂപം അദേഹത്തിന്റെ മനസിലുണ്ടാകുമെന്നും മോഹൻലാൽ പറഞ്ഞു.
പുതിയ സംവിധായകർ സിനിമയ്ക്കായി തന്നെ സമീപിക്കാറുണ്ട്. എന്നാൽ പല കഥാപാത്രങ്ങളിലും താൻ കാണുന്നത് മോഹൻലാലിനെയാണ്. അങ്ങനെയല്ലാത്ത പ്രോജക്ടുകളാണ് താൻ തിരിഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത്. മലൈക്കോട്ടൈ വാലിബൻ മികച്ച സിനിമയായി താൻ കരുതുന്നെന്നും അത് ലക്ഷ്യത്തിലെത്തിയില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഇത് പലരേയും ദുഖത്തിലാഴ്‌ത്തെയെന്നും അതിന് ശേഷം ഓരോ സിനിമയും തെരഞ്ഞെടുക്കുന്നത് സൂക്ഷ്മതയോടെയാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
അത്ഭുതപ്പെടുത്തിയ നടൻമാരെക്കുറിച്ചുള്ള ചോദ്യത്തിന് ഭരത് ഗോപിയെക്കുറിച്ചും നെടുമുടി വേണുവിനെക്കുറിച്ചുമായിരുന്നു മോഹൻലാലിന്റെ പ്രതികരണം. മറ്റാർക്കും മറികടക്കാൻ സാധിക്കാത്ത ഉയരങ്ങളിലാണ് അവരുടെ പ്രകടനമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ബറോസിനെക്കുറിച്ച് പ്രേക്ഷകരോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് താൻ പറയുന്നത് ശരിയല്ല തന്റെ സിനിമ പ്രേക്ഷകരോട് സംസാരിക്കുമെന്നായിരുന്നു മോഹൻലാലിന്റെ മറുപടി.