'അമ്മയേയും സഹോദരിയേയും അച്ഛന്‍ വെടിവെച്ച് കൊന്നു; അതേ വീട്ടില്‍ ഞാനിന്നും ജീവിക്കുകയാണ്': നടുക്കുന്ന ഓര്‍മ്മയുമായി നടന്‍ കമല്‍ സദന

'സര്‍ജറിക്ക് ശേഷം തന്നെ വീട്ടിലെത്തിക്കുമ്പോള്‍ കുടുംബം മുഴുവന്‍ വെള്ള പുതച്ചു കിടക്കുന്നതാണ് കണ്ടത്'

Update: 2024-04-12 14:43 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ബോളിവുഡിന്റെ പ്രിയ നായിക കജോള്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു 1992 ല്‍ പുറത്തിറങ്ങിയ ബെഖുദി. സിനിമ വലിയ വിജയമായില്ലെങ്കിലും അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ആളായിരുന്നു നായകനായി വേഷമിട്ട കമല്‍ സദന. ഇരുവരുടേയും ആദ്യ ചിത്രമായിരുന്നു ഇത്. എന്നാല്‍ സിനിമയേക്കാള്‍ വെല്ലുന്ന ഭയാനകമായ ജീവിതമാണ് താന്‍ വ്യക്തി ജീവിതത്തില്‍ നേരിട്ടതെന്നും തന്റെ കരിയറില്‍ മുന്നേറേണ്ട കാലത്ത് കുടുംബത്തില്‍ സംഭവിച്ച ദുരന്തം തന്നെ ഇപ്പോഴും അലട്ടുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.

കമല്‍ സദനയുടെ അച്ഛനും സിനിമാ സംവിധായകനും നിര്‍മ്മാതാവുമായിരുന്ന ബ്രിജ് സദന ഭാര്യയേയും മകളെയും വെടിവെച്ച് കൊലപ്പെടുത്തി സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. 1990 ല്‍ കമല്‍ സദനയുടെ 20ാം പിറന്നാള്‍ ദിനത്തിലായിരുന്നു ഈ ദാരുണ സംഭവം. അമ്മയും സഹോദരിയും വെടിയേറ്റ് കൊല്ലപ്പെടുകയും പിതാവ് സ്വയം വെടിവെച്ച് മരിക്കുകയും ചെയ്ത അന്നത്തെ ദിനത്തിന്റെ ഞെട്ടല്‍ ഇന്നും തനിക്ക് മാറിയിട്ടില്ലെന്ന് കമല്‍ സദന പറഞ്ഞു. അന്ന് കമല്‍ സദനക്കും പരിക്കേറ്റിരുന്നു.

കഴുത്തിനു പുറകിലായി തനിക്ക് വെടിയേറ്റെന്നും ഞരമ്പുകളെ തകര്‍ത്ത് വെടിയുണ്ട നീങ്ങിയത് തന്റെ ഓര്‍മ്മയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെടാന്‍ യുക്തിസഹമായ കാരണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ജീവിക്കാന്‍ എന്തോ ഒരു കാരണം തനിക്കു മുന്നിലെത്തിയെന്നും അത് എന്തെന്ന് കണ്ടെത്താനാണ് തന്റെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു.

'അന്നത്തെ ദിവസം നശിച്ച ഒരു ദിനമായിരുന്നു. എന്നാല്‍ തന്റെ കുട്ടിക്കാലം മുഴുവന്‍ മോശം അനുഭവമായിരുന്നില്ല. തന്റെ പിതാവ് പ്രശ്‌നക്കാരന്‍ ആയിരുന്നില്ല' അദ്ദേഹം പറഞ്ഞു. അന്ന് ചോര വാര്‍ന്നൊഴുകുന്ന അമ്മയേയും സഹോദരിയേയും താന്‍ ആശുപത്രിയിലെത്തിച്ചുവെന്നും ആശുപത്രിയില്‍ ബെഡ് ഒഴിവില്ലാത്തതിനാല്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുമ്പോഴും താന്‍ ഡോക്ടറോട് പറഞ്ഞത് അമ്മേയും സഹോദരിയേയും രക്ഷിക്കണം എന്നാണെന്നും അച്ഛനെയും ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

സര്‍ജറിക്ക് ശേഷം തന്നെ വീട്ടിലെത്തിക്കുമ്പോള്‍ കുടുംബം മുഴുവന്‍ വെള്ള പുതച്ചു കിടക്കുന്നതാണ് കണ്ടത്. വര്‍ഷങ്ങള്‍ കുറേ കഴിഞ്ഞും താന്‍ പിറന്നാള്‍ ആഘോഷിച്ചിരുന്നില്ലെന്നും പിന്നീട് ഈ അടുത്ത് തനിക്ക് താല്പര്യമില്ലെങ്കിലും സുഹൃത്തുക്കളെത്തിയാണ് ആഘോഷിക്കാറെന്നും അദ്ദേഹം പറഞ്ഞു. ദുരന്തം നടന്ന ആവീട്ടിലാണ് ഇന്നും താന്‍ താമസമെന്നും അദ്ദേഹം പറഞ്ഞു. നിരവധി സിനിമകളില്‍ വേഷമിടുകയും രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത അദ്ദേഹത്തിന്റെതായി അവസാന ചിത്രം 2023 ല്‍ പുറത്തിറങ്ങിയ പിപ്പയാണ്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News