'പറയാനുള്ളതെല്ലാം സിനിമയായി സംവിധാനം ചെയ്യും, ഞാനുമൊരു അതിജീവിത';- പാർവതി തിരുവോത്ത്
'അമ്മ'യിൽ പ്രശ്‌നങ്ങൾ തുറന്നുപറഞ്ഞപ്പോൾ സദ്യ കഴിച്ച് വീട്ടിൽ പോകാമെന്ന് ഒരു മുതിർന്ന നടൻ പറഞ്ഞു'


വയനാട്: സിനിമാ ഇൻഡസ്ട്രിയുടെ ചരിത്രം തിരുത്തി തുടങ്ങിയത് അതിജീവിതയുടെ തുറന്നുപറച്ചിലിന് ശേഷമെന്ന് നടി പാർവതി തിരുവോത്ത്. മാനന്തവാടി ദ്വാരകയിൽ പുരോഗമിക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലെ ചർച്ചയിലായിരുന്നു പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ സങ്കടവും വിഷമവും കലർന്ന സന്തോഷമാണ് തനിക്കുണ്ടായതെന്നും അവർ പറഞ്ഞു.
പത്ത് വർഷം കൊണ്ട് പരമാവധി സിനിമകൾ ചെയ്യണമെന്ന ഉപദേശമാണ് സിനിമാ ഫീൽഡിലേക്ക് ചുവടുവെച്ച അന്നുമുതൽ കേൾക്കാൻ തുടങ്ങിയത്. ഇവിടെ നിലനിൽക്കാൻ സ്ത്രീകൾക്ക് ഒരു പ്രത്യേക കാലയളവ് ഉണ്ട്, അതിന് ശേഷം അമ്മ, ആന്റി തുടങ്ങിയ റോളുകളിലേക്ക് മാറ്റിനിർത്തപ്പെടുമെന്നായിരുന്നു കിട്ടിയ ഉപദേശം. അന്നത് കേട്ടില്ലെന്ന് വെച്ചു. പിന്നീട് കുറേ കാലം കഴിഞ്ഞ് കേൾക്കാൻ തുടങ്ങി, സ്ത്രീകൾ ഒരുപാട് നല്ല സിനിമകൾ ചെയ്‌ത് അതിന് മാർക്കറ്റ് വാല്യൂ കൂടി അവർ നല്ല സൂപ്പർഹിറ്റായി കഴിഞ്ഞാൽ പിന്നെ അവരെ കാണില്ല. അന്വേഷിച്ച് പോയാൽ ഒന്നുകിൽ അവർ കല്യാണം കഴിഞ്ഞ് പോയിട്ടുണ്ടാവും. അല്ലെങ്കിൽ അവർ അഭിനയം തന്നെ നിർത്തിയിട്ടുണ്ടാവും. പോകെപ്പോകെ എനിക്ക് മനസിലായി അതുമൊരുതരം അടിച്ചമർത്തലാണ്. ഇവിടെ നിലനിൽക്കുമെന്ന ഒരേയൊരു തീരുമാനം മാത്രം മതി ചരിത്രം സൃഷ്‌ടിക്കാൻ.
എന്നാൽ, താൻ സിനിമാ മേഖലയിൽ എത്തിയിട്ട് 18 വർഷം കഴിഞ്ഞു. ചെയ്യുന്ന കഥാപാത്രങ്ങൾ ആളുകൾക്ക് ഇഷ്‌ടപ്പെടുമോ സിനിമ ഹിറ്റാകുമോ എന്നതല്ല പ്രധാനം. അടിച്ചമർത്തപ്പെടാതെ ഇന്നും ഇവിടെ താൻ നിലനിൽക്കുന്നുണ്ട്. ഒരു അഭിനേത്രി എന്ന നിലയിൽ ഞാനിവിടെ നിലനിൽക്കുന്നു എന്ന ഒരേയൊരു ചെയ്‌തിയിലൂടെയാണ് ഞാൻ ചരിത്രം സൃഷ്‌ടിക്കുന്നത്.
അങ്ങനെ ഒരു അവസരത്തിലാണ് ഡബ്ലുസിസിയും ഉണ്ടാവുന്നത്. അതൊരു തീരുമാനമായിരുന്നില്ല. ചെയ്യേണ്ടി വന്നതാണ്. പ്രതിരോധിക്കാൻ തുടങ്ങുന്ന നിമിഷം മുതൽ ജനസമൂഹം കൂടെ ഉണ്ടാകുമെന്നതിനുള്ള മികച്ച ഉദാഹരണമാണ് ഡബ്ല്യുസിസി. ഒരു വാട്‍സ്ആപ് ഗ്രൂപ്പിൽ നിന്നാണ് ഈ മൂവ്മെന്റിന്റെ തുടക്കം. നടി ആക്രമിച്ച സംഭവം റിമ കല്ലിങ്കലാണ് ആദ്യം വിളിച്ചുപറയുന്നത്. സങ്കടം പങ്കുവെക്കാൻ 16 പേരുള്ള ഒരു വാട്‍സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി. അവിടെ നിന്ന് ഒരു കൂട്ടായ്‌മ ഉണ്ടാവുകയായിരുന്നു.
പ്രതിരോധിക്കാൻ തുടങ്ങുന്ന നിമിഷം മുതൽ ജനസമൂഹം കൂടെയുണ്ടാകും എന്നതിനുള്ള മികച്ച ഉദാഹരണമാണ് ഡബ്യുസിസിയും അവരുടെ കൂട്ടായപ്രവർത്തനങ്ങളും. അനീതിയെ കുറിച്ച് പറയുന്നത് ആളുകള്‍ വിശ്വസിച്ച് തുടങ്ങാൻ ഏഴ് വർഷത്തോളം എടുത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ഡബ്ല്യുസിസി അംഗങ്ങളുടെ നിലപാട് ശരിയാണെന്ന് പലരും പറഞ്ഞപ്പോള്‍ ആശ്വാസം തോന്നിയെന്നും പാർവതി പറഞ്ഞു.
അമ്മ നേതൃത്വത്തിനെതിരെയും പാർവതി വിമർശനം ഉന്നയിച്ചു. സംഘടനയിൽ അംഗമായിരുന്നപ്പോള്‍ ഉന്നയിച്ച പ്രശ്‌നങ്ങളൊന്നും പരിഹരിക്കാൻ നേതൃത്വത്തിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. ആഘോഷങ്ങൾ നടത്തി മുന്നോട്ട് പോയാൽ പോരെ എന്നായിരുന്നു മറുപടി. അഭിനയിച്ച് വീട്ടിൽ പോവുക എന്നത് തന്നെയായിരുന്നു സിനിമാ ഫീൽഡിലേക്ക് കടന്നുവന്നപ്പോൾ മനസ്സിൽ ഉണ്ടായിരുന്നത്. പക്ഷേ, എല്ലാം ചെയ്യേണ്ടി വന്നു, അടിച്ചമർത്തപ്പെടാതെ ജീവിച്ചുപോകാൻ പലതും ചോദ്യംചെയ്യേണ്ടത് അത്യാവശ്യമായിരുന്നു. സ്വന്തം കാര്യം മാത്രം നോക്കി മുന്നോട്ട് പോയാൽ പോര. എന്റെ കൈകൾ ഇപ്പോൾ വലുതാണ്... ചേർത്തുനിർത്തേണ്ടവരെ ചേർത്തുനിർത്തി ഒരുമിച്ച് വേണം മുന്നോട്ട് പോകാൻ. സിനിമയിൽ സ്ത്രീ കൂട്ടായ്‌മക്ക് സാധ്യത ഉണ്ടാകുമെന്ന് ഡബ്ല്യുസിസിക്ക് മുന്നേ കരുതിയിരുന്നില്ല. എന്നാൽ, ആ അവസ്ഥ മാറിയെന്ന് പാർവതി പറഞ്ഞു.
ഷൂട്ടിങ് സ്ഥലത്ത് ശുചിമുറി വേണമെന്ന ആവശ്യത്തിന് അമ്മയിൽ നിന്ന് പിന്തുണ ലഭിച്ചത് തന്നെ മുതിർന്ന പുരുഷ താരങ്ങളിൽ ചിലർക്ക് പ്രോസ്ട്രേറ്റ് പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടായിരുന്നു. ആ സംഭവത്തോടെ 'ബാത്റൂം പാർവതി' എന്ന പേര് വരെ വീണു. അസോസിയേഷനിൽ ഉണ്ടായിരുന്ന സമയത്ത് ഓരോ തവണ പല പ്രശ്‌നങ്ങളും ഉന്നയിക്കുമ്പോൾ അത് വിട് പാർവതി, നമ്മളൊരു കുടുംബമല്ലേ. നമുക്ക് ഓണമൊക്കെ ആഘോഷിച്ച് നല്ല ഡ്രസൊക്കെയിട്ട് സദ്യയൊക്കെ കഴിച്ച് പോകാം എന്നായിരുന്നു ഒരു മുതിർന്ന നടൻ നൽകിയ മറുപടി.
പഞ്ചായത്തിൽ പണ്ടൊക്കെ കണ്ടുവരുന്ന രീതിയിലുള്ള വോട്ടെടുപ്പ് ആണ് അവിടെ നടക്കുന്നത്. നേരത്തെ തന്നെ ഒരാളെ തീരുമാനിക്കും, ഉച്ചയൂണിന് പോകുന്ന സമയം വോട്ടെടുപ്പ് നടത്തും, ആ സമയം കൂടുതൽ ആളുകളും അവിടെ ഉണ്ടാവില്ല. കൈപൊക്കി കാണിക്കാനാണ് പറയുക. ഇതൊക്കെ വെറും പ്രഹസനം മാത്രമാണെന്ന് ഒരു ഘട്ടം കഴിയുമ്പോൾ നമുക്ക് സ്വാഭിമാനം കൊണ്ട് മനസിലാകും. ഇതോടെയാണ് ആ സംഘടന വിട്ടുപോകാൻ തോന്നിയത്.
2017ൽ നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയായ ആളെ സംഘടനയിൽ തിരിച്ചെടുത്തത് വൻ തിരിച്ചടിയായിരുന്നു. എന്തായിരുന്നു അത് ചെയ്‌തതിന്റെ ഉദ്ദേശം? നമ്മളെ മനസിലാക്കണമെന്ന പ്രാഥമിക ഉദ്ദേശം പോലുമില്ലാത്തവരോട് സംസാരിക്കേണ്ട കാര്യമില്ല എന്ന് മനസിലായത് അതിന് ശേഷമാണ്. അന്നത്തെ അമ്മ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സിനെ വിമർശിക്കുകയല്ല, ഇതൊരു സത്യം മാത്രമാണെന്നും പാർവതി പറഞ്ഞു.
സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുമ്പോൾ പുരുഷന്മാരുടെ എല്ലാ അവകാശങ്ങളും നശിപ്പിക്കാനുള്ള ശ്രമങ്ങളാണെന്നാണ് വിശ്വസിപ്പിക്കുന്നത്. നമുക്കുള്ള സുഖസൗകര്യങ്ങൾ ഒക്കെ പോകുമോ എന്നാണ് അവരുടെ ചിന്ത. വളരെ കംഫർട്ട് സോണിൽ നിൽക്കുന്ന ഒരു സൂപ്പർ സ്റ്റാർ എന്നോട് വന്നുപറഞ്ഞിരുന്നു 'പാർവതീ, റിലാക്സ് ചെയ്യൂ... കൂടുതൽ ചിരിക്കൂ എന്ന്. നിങ്ങൾ നിങ്ങളുടെ പണി മര്യാദക്ക് എടുത്താൽ ഞാൻ കൂടുതൽ ചിരിക്കാൻ തുടങ്ങും എന്ന്നായിരുന്നു എന്റെ മറുപടി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നിൽ ഡബ്ല്യുസിസിയുടെ പ്രയത്‌നം ആണെന്ന് പലരും പറഞ്ഞത് കണ്ടു. ഇത് കേട്ടപ്പോൾ സന്തോഷം തോന്നി. ഞാനും വലിയ നടന്മാരുടെയും സംവിധായകരുടെയും സിനിമകൾ കണ്ട് വളർന്നുവന്നതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമയിലെ പുരുഷ വിഗ്രഹങ്ങൾ ഉടഞ്ഞപ്പോൾ വേദന തോന്നിയിരുന്നു. എങ്കിലും, നന്നാവാനും കൂടുതൽ മെച്ചപ്പെടാനുമുള്ള അവസരമാണ് ചോദ്യം ചെയ്യുക എന്നുള്ളത്. ഹേമ കമ്മിറ്റിക്ക് മുന്നിൽ തുറന്നു പറഞ്ഞ ഒരു അതിജീവിതയാണ് താനെന്നും പാർവതി വെളിപ്പെടുത്തി. ഒരു സിനിമ സംവിധാനം ചെയ്യാൻ നാലുവർഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പറയാനുള്ളതെല്ലാം പറഞ്ഞ് ഒരു സിനിമ വരുന്നുണ്ടെന്നും പാർവതി പറഞ്ഞു. വയനാട് സാഹിത്യോത്സവത്തിൽ ‘അവൾ ചരിത്രമെഴുതുകയാണ്’ എന്ന സെഷനിൽ മാധ്യമപ്രവർത്തക അന്ന എം.വെട്ടിക്കാടുമായി സംവദിക്കുകയായിരുന്നു പാർവതി.