രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; കങ്കണയ്ക്ക് ക്ഷണമില്ല
സിനിമാ മേഖലയിൽനിന്ന് അക്ഷയ്കുമാറിനും അമിതാഭ് ബച്ചനും ക്ഷണം
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിലേക്ക് ബോളിവുഡ് നടിയും ബിജെപി സഹയാത്രികയുമായ കങ്കണ റണാവട്ടിന് ക്ഷണമില്ല. സിനിമാ മേഖലയിൽനിന്ന് അക്ഷയ്കുമാർ, അമിതാഭ് ബച്ചൻ എന്നിവർക്ക് ക്ഷണം ലഭിച്ചപ്പോഴാണ് കങ്കണയെ രാമ ജന്മഭൂമി തീർഥ് ക്ഷേത്ര ഒഴിവാക്കിയതെന്ന് മഹാരാഷ്ട്ര ടൈംസ് റിപ്പോർട്ടു ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി, രോഹിത് ശർമ, വ്യവസായികളായ മുകേഷ് അംബാനി, രത്തൻ ടാറ്റ, ഗൗതം അദാനി തുടങ്ങി ആറായിരത്തിലേറെ പേർക്കാണ് ചടങ്ങിലേക്ക് ക്ഷണം.
ക്ഷണം ലഭിച്ച 75 ശതമാനം പേരും ഹിന്ദുമത നേതാക്കളാണ്. ബാക്കി വരുന്നവർ സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവരും. അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ച മുതിർന്ന മാധ്യമപ്രവർത്തകർക്കും ക്ഷണം ലഭിച്ചു.
1990 ന് ശേഷം വിവിധ സംഭവങ്ങളിൽ കൊല്ലപ്പെട്ട 50 കർസേവകരുടെ ബന്ധുക്കൾക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ഇവർക്ക് സൗജന്യ യാത്രയും താമസവും ഒരുക്കുമെന്ന് ഒരു പ്രാദേശിക വിഎച്ച്പി നേതാവ് പറഞ്ഞു.