''എന്നോട് ക്ഷമിക്കണം''; ട്രോളുകൾക്കു പിന്നാലെ പാൻ മസാല കമ്പനിയുടെ പരസ്യത്തിൽനിന്ന് പിന്മാറി അക്ഷയ് കുമാർ
ലഹരി ഉൽപന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിക്കില്ലെന്ന് അക്ഷയ് കുമാർ മുൻപ് വ്യക്തമാക്കിയിരുന്നു
മുംബൈ: വൻ വിമർശങ്ങൾക്കും ട്രോളിനും പിന്നാലെ പാൻ മസാല പരസ്യത്തിൽനിന്ന് പിന്മാറി ബോളിവുഡ് താരം അക്ഷയ്കുമാർ. പ്രമുഖ പാൻ മസാല കമ്പനി വിമൽ എലൈച്ചിയുടെ ബ്രാൻഡ് അംബാസഡറായി കരാറിൽ ഒപ്പുവയ്ക്കുകയും കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കുകയും ചെയ്തതിനു പിന്നാലെ താരത്തിനെതിരെ വൻ വിമർശമുയർന്നിരുന്നു.
ഷാറൂഖ് ഖാനും അജയ് ദേവഗണിനും ശേഷം വിമൽ പരസ്യത്തിലെത്തുന്ന ബോളിവുഡ് താരമാണ് അക്ഷയ്കുമാർ. എന്നാൽ, ലഹരി, പാൻ മസാല, പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിക്കില്ലെന്ന് അക്ഷയ് കുമാർ മുൻപ് വ്യക്തമാക്കിയിരുന്നു. ഇതിൻരെ വിഡിയോ ക്ലിപ്പുകൾ ഉയർത്തിക്കാട്ടിയായിരുന്നു ട്രോളും വിമർശവും. പിന്നാലെ പരസ്യത്തിൽനിന്നും കമ്പനിയുമായുള്ള കരാറിൽനിന്നും പൂർണമായി പിന്മാറുന്നതായി ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചിരിക്കുകയാണ്.
''എന്നോട് ക്ഷമിക്കണം. ആരാധകരോടും ഗുണകാംക്ഷികളോടുമെല്ലാം മാപ്പുപറയുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി നിങ്ങൾ നടത്തുന്ന പ്രതികരണം എന്നെ നന്നായി ബാധിച്ചിട്ടുണ്ട്. ഞാൻ പുകയിലയെ പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇനിയും അങ്ങനെ ചെയ്യില്ലെന്നതുകൊണ്ടുതന്നെ വിമൽ എലൈച്ചിയുമായുള്ള എന്റെ സഹകരണവുമായി ബന്ധപ്പെട്ട് പൊട്ടിയൊഴുകിയ നിങ്ങളുടെ വികാരങ്ങൾ ഞാൻ മാനിക്കുന്നു. എല്ലാ വിനയത്തോടെയും ഞാൻ പിൻവാങ്ങുകയാണ്.''- അക്ഷയ് കുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പരസ്യത്തിലൂടെ ലഭിച്ച തുക നല്ല കാര്യത്തിനു വേണ്ടി സംഭാവന ചെയ്യുമെന്നും അക്ഷയ് കുമാർ അറിയിച്ചിട്ടുണ്ട്. അതേസമയം, കരാറിന്റെ കാലാവധി തീരുംവരെ പരസ്യം തുടരും. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ഏറ്റെടുക്കുമ്പോൾ സൂക്ഷിക്കുമെന്നും നിങ്ങളുടെ സ്‌നേഹവും ആശംസയും എപ്പോഴും വേണമെന്നും താരം കൂട്ടിച്ചേർത്തു.
അക്ഷയ് കുമാറിനെ ഷാറൂഖ് ഖാനും അജയ് ദേവ്ഗണും വിമൽ പരസ്യത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ളതായിരുന്നു പുതിയ പരസ്യചിത്രം. പിന്നാലെ പരസ്യത്തിൽ പാൻ മസാല ചവച്ചുകൊണ്ട് താരം പ്രത്യക്ഷപ്പെടുന്നതാണ് പരസ്യത്തിന്റെ പ്രൊമോ.
Summary: Akshay Kumar steps back as Vimal ambassador after backlash and says will donate ad fee towards a worthy cause