ദൈർഘ്യം കൂടുതലെന്ന് പ്രേക്ഷകർ; ഏഴ് മിനിറ്റ് വെട്ടിച്ചുരുക്കി 'അം അഃ' തിയറ്ററുകളിൽ
ഒരു മണിക്കൂർ 55 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്നതിൽ നിന്നും ഏഴ് മിനിറ്റാണ് ഇപ്പോൾ അണിയറ പ്രവർത്തകർ കുറച്ചിരിക്കുന്നത്.
![ദൈർഘ്യം കൂടുതലെന്ന് പ്രേക്ഷകർ; ഏഴ് മിനിറ്റ് വെട്ടിച്ചുരുക്കി അം അഃ തിയറ്ററുകളിൽ ദൈർഘ്യം കൂടുതലെന്ന് പ്രേക്ഷകർ; ഏഴ് മിനിറ്റ് വെട്ടിച്ചുരുക്കി അം അഃ തിയറ്ററുകളിൽ](https://www.mediaoneonline.com/h-upload/2025/01/29/1500x900_1460233-whatsapp-image-2025-01-28-at-181934.webp)
![AddThis Website Tools](https://cache.addthiscdn.com/icons/v3/thumbs/32x32/addthis.png)
മാതൃത്വത്തിന്റെ മഹത്വം അടിസ്ഥാനമാക്കി കാപി പ്രൊഡക്ഷൻസ് നിർമിച്ച് തോമസ് സെബാസ്റ്റിയൻ സംവിധാനം ചെയ്ത് തിയറ്ററുകളിൽ എത്തിയ 'അം അഃ' എന്ന ചിത്രത്തിന്റെ ദൈർഘ്യം കുറച്ചു. പ്രേക്ഷകരുടെ അഭിപ്രായം പരിഗണിച്ചാണ് ദൈർഘ്യം കുറച്ചതെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും ദേവദർശിനിയും പ്രധാന വേഷത്തിലെത്തിയ ചിത്രം ഈ മാസം 24നാണ് തീയറ്ററുകളിലെത്തിയത്.
ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച ഒരു കഥ പറഞ്ഞുവച്ചുവെന്ന അഭിപ്രായം നേടിയ ചിത്രത്തിന്റെ ദൈർഘ്യം വീണ്ടും അൽപ്പം കൂടി കുറച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു മണിക്കൂർ 55 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്നതിൽ നിന്നും ഏഴ് മിനിറ്റാണ് ഇപ്പോൾ അണിയറ പ്രവർത്തകർ കുറച്ചിരിക്കുന്നത്. ദൈർഘ്യം കുറച്ച പുതിയ പതിപ്പ് വരും ദിവസങ്ങളിൽ തന്നെ തീയറ്ററുകളിലെത്തും.
ഇടുക്കിയിലെ ഒറ്റപ്പെട്ട ഒരു മലയോരഗ്രാമത്തിലെ കുറച്ച് മനുഷ്യരിലൂടെയാണ് 'അം അഃ'-യുടെ കഥ പറഞ്ഞു പോകുന്നത്. റോഡുപണിയ്ക്കായി വരുന്ന സൂപ്പർവൈസർ സ്റ്റീഫനും സ്റ്റീഫന്റെ വരവോടെ നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിലുള്ളത്. സസ്‌പെൻസിന്റെയും വൈകാരികതയുടേയും അകമ്പടിയിലാണ് തോമസ് സെബാസ്റ്റ്യനും കൂട്ടരും ചിത്രം ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇമോഷണലായി തുടങ്ങുന്ന ചിത്രം പതിയെ സസ്‌പെൻസ് മൂഡിലേക്ക് മാറുന്നുണ്ട്. ഫീൽഗുഡ് എന്ന് തുടക്കത്തിൽ തോന്നിക്കുമെങ്കിലും ഒരു ഘട്ടത്തിൽ ആളുകളെ പിടിച്ചിരുത്തുന്ന രീതിയിലുള്ള സസ്‌പെൻസ് രീതിയിലേക്ക് 'അം അഃ' പ്രവേശിക്കുന്നു. പിന്നീട് ഇമോഷനും സസ്‌പെൻസും ഇടവിട്ട് ഇടവിട്ട് വരുന്നുണ്ട്. ഇടയ്ക്ക് സസ്‌പെൻസിനുമേൽ വൈകാരികത ആധിപത്യം സ്ഥാപിക്കുന്നുമുണ്ട്.
സ്റ്റീഫനായി എത്തുന്ന ദിലീഷ് പോത്തൻ, അമ്മിണിയമ്മയായെത്തുന്ന ദേവദർശിനി, ജിൻസിയായെത്തുന്ന ശൃതി ജയൻ, മെബറായി വരുന്ന ജാഫർ ഇടുക്കി എന്നിവരുടെ പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. ദേവദർശിനിയുടെ മലയാളത്തിലെ ആദ്യ നായിക കഥാപാത്രമാണ് 'അം അഃ'-യിലേത്. മീരാ വാസുദേവ്, ജയരാജൻ കോഴിക്കോട്, നവാസ് വള്ളിക്കുന്ന്, അലൻസിയർ, ടി.ജി.രവി, അനുരൂപ് തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ട്. കവിപ്രസാദ് ഗോപിനാഥാണ് ചിത്രത്തിന്റെ തിരക്കഥ. ഗോപി സുന്ദറാണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അനീഷ് ലാലും എഡിറ്റിംഗ് ബിജിത് ബാലയും നിർവഹിച്ചിരിക്കുന്നു.