ഞാൻ ചെയ്യേണ്ടിയിരുന്ന സിനിമയാണ് അനിയത്തിപ്രാവ്, ചാക്കോച്ചൻ അനിയത്തിപ്രാവിന്‍റെ 25ാം വാർഷികം ആഘോഷിച്ചപ്പോൾ വിഷമം വന്നു; നടൻ കൃഷ്ണ

ഞാനും ചാക്കോച്ചനും ഒരു സമയത്താണ് സിനിമയിലേക്ക് എന്‍റര്‍ ചെയ്യുന്നത്

Update: 2022-03-31 03:23 GMT
Editor : Jaisy Thomas | By : Web Desk
Advertising
Click the Play button to listen to article

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് പ്രണയചിത്രം അനിയത്തിപ്രാവ് പ്രേക്ഷകരിലേക്കെത്തിയിട്ട് 25 വര്‍ഷം തികഞ്ഞിരിക്കുകയാണ്. 1996 മാര്‍ച്ച് 26നായിരുന്നു ചിത്രം പുറത്തിറങ്ങിയത്. പുതുമുഖമായ കുഞ്ചാക്കോ ബോബന്‍റെയും നായികയായിട്ടുള്ള ശാലിനിയുടെയും ആദ്യചിത്രം കൂടിയായിരുന്നു അനിയത്തിപ്രാവ്. ഒരുപാട് അന്വേഷണങ്ങള്‍ക്ക് ശേഷമായിരുന്നു നായകനായി ഫാസില്‍ ചാക്കോച്ചനെ തീരുമാനിച്ചത്. അത് ഒരു ഹിറ്റിലേക്കുള്ള തുടക്കം കൂടിയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് തന്നെയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നടന്‍ കൃഷ്ണ. നിര്‍ഭാഗ്യവശാല്‍ അതുകൈവിട്ടു പോയെന്നും കൃഷ്ണ പറയുന്നു. ബിഹൈന്‍ഡ്‍വുഡ്സിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍റെ തുറന്നുപറച്ചില്‍.

'ഞാനും ചാക്കോച്ചനും ഒരു സമയത്താണ് സിനിമയിലേക്ക് എന്‍റര്‍ ചെയ്യുന്നത്. ചാക്കോച്ചന്‍ അനിയത്തിപ്രാവിന്റെ ഇരുപത്തഞ്ചാമത്തെ വാര്‍ഷികമാഘോഷിച്ചപ്പോള്‍ എനിക്ക് ഒരുപാട് വിഷമം വന്നു. കാരണം, അത് ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണ്. എന്തോ നിര്‍ഭാഗ്യവശാല്‍ എനിക്കാ പടം പോയി. ഞാനും സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷമായി. ഞാനും സീനിയറായി ആ ലെവലിൽ നിൽക്കേണ്ട ആളാണ്. സിനിമ എന്നുപറയുന്നത് ഒരു ഭാഗ്യമാണ്. ആഗ്രഹിച്ചിട്ട് കാര്യമില്ല, നമുക്ക് ദൈവും കൊണ്ടുതരുന്ന ഒരു അവസരമാണ്. ഇപ്പോഴത്തെ സിനിമയിൽ നമ്മളൊന്നും അത്ര മസ്റ്റല്ല, കാരണം ഒരപാട് ആക്ടേഴ്സുണ്ട്. കൃഷ്ണയ്ക്ക് സമയമില്ലെങ്കിൽ അടുത്തയാൾ അത്രയുള്ളൂ.

നമ്മളങ്ങനെ രണ്ട് മൂന്ന് സിനിമകൾ സെറ്റ് ചെയ്ത് വെക്കും, പിന്നെയായിരിക്കും, ആ ആർട്ടിസ്റ്റിനെ മാറ്റിയിട്ടുണ്ടാകും എന്നറിയുന്നത്. അതിലേക്ക് വലിയ ഏതെങ്കിലും താരം എത്തിക്കാണും. അനിയത്തിപ്രാവിൽ എന്റെ കാര്യത്തിൽ എന്തോ ഒരു കൺഫ്യൂഷൻ വന്നു ആ സമയത്താണ് കുഞ്ചാക്കോ ബോബൻ കേറിപോയത്. അന്ന് തുടങ്ങിയ സമയദോഷമാണ് എന്റേത്. ആ സമയദോഷം ഇന്നും നിലനിന്ന് പോവുന്നുണ്ടെന്നും കൃഷ്ണ പറയുന്നു.

നെപ്പോളിയന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടനാണ് കൃഷ്ണ. തുടര്‍ന്ന് അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. ദയ,ഋഷിശൃംഗന്‍, ഇന്‍ഡിപെന്‍ഡന്‍സ്, വാഴുന്നോര്‍, മേലേവാര്യത്തെ മാലാഖക്കുട്ടികള്‍, തില്ലാന തില്ലാന, സ്നേഹിതന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ദൃശ്യം 2വിലാണ് ഒടുവില്‍ വേഷമിട്ടത്. പത്തൊന്‍പതാം നൂറ്റാണ്ടാണ് കൃഷ്ണയുടെതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും സജീവമാണ് കൃഷ്ണ. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News