"ആര്യനിത് താങ്ങാനാകില്ല.. എന്തുവേണമെങ്കിലും ചെയ്യാം, ഒരു പിതാവിന്റെ അപേക്ഷയാണ്": ഷാരൂഖുമായുള്ള ചാറ്റ് പുറത്തുവിട്ട് വാങ്കഡെ
ആര്യൻ ഖാന്റെ നിരപരാധിത്വം തെളിയിക്കാനും ജയിലിലേക്ക് അയക്കാതെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും വാങ്കഡെ പറയുന്നു
മുംബൈ: നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായിരുന്ന ലഹരിമരുന്ന് കേസിൽ പണം തട്ടാൻ ശ്രമിച്ചുവെന്ന സിബിഐയുടെ ആരോപണങ്ങൾക്കെതിരെ മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ കോടതിയിൽ. ആര്യന്റെ നിരപരാധിത്വം തെളിയിക്കാൻ ഷാരൂഖ് ഖാനൊപ്പം നിൽക്കുകയായിരുന്നു താനെന്നും 25 കോടി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വാങ്കഡെ കോടതിയെ അറിയിച്ചു. ഇത് തെളിയിക്കാൻ ഷാരൂഖുമായുള്ള വാട്‌സ്ആപ്പ് സംഭാഷണങ്ങളും സമീർ വാങ്കഡെ കോടതിയിൽ ഹാജരാക്കി.
സിബിഐ റിപ്പോർട്ടിനെതിരായി നൽകിയ ഹാരാജിക്കൊപ്പമാണ് സമീർ വാങ്കഡെ വാട്‌സ്ആപ്പ് സംഭാഷണങ്ങളും ഹാജരാക്കിയിരിക്കുന്നത്. ആര്യൻ രക്ഷിക്കണമെന്ന് ഷാരൂഖ് ആവശ്യപ്പെടുന്നതിന് സ്ക്രീൻഷോട്ടുകളാണിത്. ഒരു കൊടുംകുറ്റവാളിയെ പോലെ ജയിലിൽ കഴിയാൻ ആര്യന് അർഹതയില്ലെന്നും അവനെ രക്ഷിക്കണമെന്നും ഷാരൂഖ് വാങ്കഡേയോട് പറയുന്നത് ചാറ്റുകളിൽ കാണാം.
"ദൈവത്തെ ഓർത്ത് നിങ്ങൾ ഒരൽപം പതുക്കെ നീങ്ങൂ. എല്ലാ ഘട്ടത്തിലും ഞാൻ നിങ്ങൾക്കൊപ്പം നിൽക്കും. ഇതെന്റെ വാക്കാണ്, എന്നെ നിങ്ങൾക്ക് അറിയാമല്ലോ. എന്നോടും എന്റെ കുടുംബത്തോടും കരുണ കാണിക്കണം. വളരെ സാധാരണ ആളുകളാണ് ഞങ്ങൾ. എന്റെ മകൻ കുറച്ച് വഴിതെറ്റി പോയി എന്നത് ശരിയാണ്. എന്നാൽ, ഒരു കൊടുംകുറ്റവാളിയെ പോലെ ജയിലിൽ കഴിയേണ്ട തെറ്റൊന്നും അവൻ ചെയ്യില്ല. അത് നിങ്ങൾക്കും നന്നായി അറിയാം. കുറച്ച് കരുണ കാണിക്കൂ, ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്"; ഷാരൂഖ് പറയുന്നു.
ദയവായി അവനെയാ ജയിലിലേക്ക് അയക്കരുത്, ആര്യൻ തകർന്നുപോകും. അവനെ ജയിലിലേക്ക് അയച്ചാൽ പൂർണമായും തകർന്നാകും അവൻ തിരിച്ച് വരികയെന്നും ഷാരൂഖ് വാങ്കഡേയോട് പറയുന്നതായി ചാറ്റുകളിൽ കാണാം.
"ഒരു നിയമ ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള നിങ്ങളുടെ സത്യസന്ധത നഷ്ടപ്പെടാതെ, സാധ്യമായ രീതിയിൽ നിങ്ങൾക്ക് എന്നെ സഹായിക്കാനാകും. അങ്ങനെയെങ്കിൽ എന്നും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കും. നിങ്ങളുടെ ടീമിന് എന്തൊക്കെ നിബന്ധനകൾ ഉണ്ടെങ്കിലും നിങ്ങളുടെ അധികാരം ഉപയോഗിച്ചൊരു മറുപടി നൽകിയാൽ മതിയാകുമല്ലോ. ഏത് രീതിയിൽ സഹകരിക്കാനും ഞാൻ തയ്യാറാണ്. ഒരു കുപ്രസിദ്ധ ജയിലിൽ കുറ്റവാളിയായി മുദ്രകുത്തപ്പെടാതെ അവനെ ഞങ്ങൾക്ക് തിരിച്ചുതരണം. അവന്റെ ഭാവി തകർക്കരുത്. ഒരു പിതാവിന്റെ അപേക്ഷയാണിത്"; ഷാരൂഖ് ആവർത്തിച്ച് പറയുന്നു.
ഇതിന് മറുപടിയായി ഷാരൂഖിനോട് വാങ്കഡെ പറയുന്നതും ചാറ്റുകളിൽ വ്യക്തമാണ്. നിങ്ങളൊരു നല്ല മനുഷ്യനാണെന്ന് തനിക്കറിയാമെന്നും പ്രതീക്ഷ കൈവിടരുതെന്നും വാങ്കഡെ ഷാരൂഖിനെ ആശ്വസിപ്പിക്കുന്നുണ്ട്. ആര്യൻ തന്റെ സ്വന്തം മകനെ പോലെയാണെന്നും അവനെ രക്ഷിക്കാൻ കഴിയുന്നത് ചെയ്യാമെന്നും വാങ്കഡെ പറയുന്നു. എത്രയും പെട്ടെന്ന് ഇത് അവസാനിക്കുമെന്ന പ്രതീക്ഷയും വാങ്കഡെ ഷാരൂഖിന് നൽകുന്നുണ്ട്.
ലഹരിമരുന്ന് കേസിൽ ആര്യൻഖാൻ കുറ്റവിമുക്തനായെങ്കിലും സമീർ വാങ്കഡെക്കെതിരായ കുരുക്കുകൾ മുറുകുകയാണ്. എൻസിബി മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെ ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചെന്ന് സിബിഐ റിപ്പോർട്ടിൽ ആരോപണം ഉന്നയിച്ചിരുന്നു. ആര്യനെ ലഹരിക്കേസിൽ പെടുത്തി ഷാരൂഖ് ഖാനോട് പണം വാങ്ങാനായിരുന്നു നീക്കമെന്നും ഇതിനായി സമീർ സാക്ഷിയായ ഗോസാവിക്കിനൊപ്പം ഗൂഢാലോചന നടത്തിയെന്നും സിബിഐ ആരോപിച്ചു.
ആര്യൻ ഖാനെ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് 25 കോടി രൂപ തട്ടാൻ ശ്രമിച്ചുവെന്നാണ് സിബിഐയുടെ പ്രാഥമിക എഫ്ഐആറിൽ സൂചിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് സിബിഐയുടെ തീരുമാനം. സമീർ വാങ്കഡെ ഇതിനോടകം 15 ലക്ഷം തട്ടിയെടുത്തുവെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ ആരോപണങ്ങൾ ഉയരുന്നതിന് പിന്നാലെ സമീർ വാങ്കഡെയെ സോണൽ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. തുടർന്ന്, എൻസിബിയുടെ മുതിർന്ന അന്വേഷണസംഘം സമീർ വാങ്കഡെക്കെതിരെ അന്വേഷണം നടത്തുകയും ചെയ്തു. ആര്യൻ ഖാനെ കുടുക്കിയതാണെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. എട്ട് എൻ.സി.ബി ഉദ്യോഗസ്ഥർ അന്വേഷണത്തിൽ ക്രമക്കേട് കാട്ടിയതായും റിപ്പോർട്ടിലുണ്ട്.ഇതിന് ശേഷമാണ് സിബിഐ കേസ് ഏറ്റെടുത്തത്. പിന്നാലെയാണ് സമീർ വാങ്കഡെക്കെതിരെ ഗുരുതരമായ ആരോപണവുമായി റിപ്പോർട്ട് പുറത്തുവന്നത്.
2021 ഒക്ടോബർ രണ്ടിനാണ് ആര്യൻ ഖാനടക്കം 20 പേരെ ഗോവിയലേക്ക് പോവുകയായിരുന്ന കപ്പൽ റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ചതിനോ കൈവശം വച്ചതിനോ തെളിവില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എൻ.സി.ബി പിന്നീട് ആര്യൻ ഖാനും മറ്റ് അഞ്ച് പേർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് വിജിലൻസ് അന്വേഷണം നടന്നത്. റിപ്പോർട്ട് ഡൽഹി ഹെഡ്ക്വാർട്ടേഴ്സിലേക്ക് അയച്ചിട്ടുണ്ട്.