ചിദംബരം, ജിത്തു മാധവൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് വമ്പൻ സിനിമ

സൗത്ത് ഇന്ത്യയിലെ തന്നെ മുൻ നിര പ്രൊഡക്ഷൻ കമ്പനികളാണ് സിനിമയൊരുക്കുന്നത്

Update: 2025-01-02 09:30 GMT
Advertising

കൊച്ചി: രംഗണ്ണനിലൂടെയും കുട്ടേട്ടനിലൂടെയും മലയാള സിനിമയുടെ സീൻ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ്, ആവേശം സിനിമകളുടെ സംവിധായകരായ ചിദംബരവും ജിത്തു മാധവനും ഒന്നിക്കുന്നു. സൗത്ത് ഇന്ത്യയിലെ തന്നെ മുൻ നിര പ്രൊഡക്ഷൻ കമ്പനികളായ കെ വി എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഈ വർഷം തന്നെ സിനിമ റിലീസിനെത്തുമെന്നും ചിത്രത്തിന്റ പേര് വൈകാതെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിത്തു മാധവനാണ്. ഷൈജു ഖാലിദാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. മ്യൂസിക് സുഷിൻ ശ്യാം, എഡിറ്റിങ് വിവേക് ഹർഷൻ, ആർട്ട് ഡയറക്ടർ അജയൻ ചാലിശ്ശേരി, ദീപക് പരമേശ്വരൻ, ​ഗണപതി, കസാൻ അഹമ്മദ് എന്നിങ്ങനെ മലയാളത്തിലെ തന്നെ മികച്ച അണിയറ പ്രവർത്തകരാണ് ചിത്രം ഒരുക്കുന്നത്. ഇത്രയും വലിയ ടീമിനൊപ്പം പ്രവർത്തിക്കാൻ പോകുന്നതിന്റെ ത്രില്ലിലാണെന്നും മികച്ച സിനിമ തന്നെ ഒരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിദംബരവും ജിത്തു മാധവനും അറിയിച്ചു.

ഭാഷകൾക്കപ്പുറം എപ്പോഴും സിനിമയെ പുനർനിർവചിക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. മികച്ച സിനിമ സമ്മാനിച്ച് മലയാളത്തിലേക്കുള്ള ഞങ്ങളുടെ വരവ് ​ഗംഭീരമാക്കാനാണ് ആ​ഗ്രഹിക്കുന്നതെന്നും കെവിഎൻ പ്രൊഡക്ഷൻസിന്റെ സ്ഥാപകൻ വെങ്കട് നാരായണ അറിയിച്ചു. നിലവിൽ യാഷ് നായകനാകുന്ന ടോക്സിക്, ദളപതി 69, പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം എന്നിങ്ങനെ വമ്പൻ പ്രൊജക്ടുകളാണ് കെ വി എൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News