അടിമയാവാന്‍ ഇന്ദുചൂഡന്‍ വേറെ ആളെ നോക്കിക്കോ; സ്ത്രീ വിരുദ്ധ ഡയലോഗുകളുടെ പൊളിച്ചെഴുത്തുമായി വനിത ശിശുക്ഷേമ വകുപ്പ്
‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന പ്രമുഖ ക്യാമ്പയിന്‍റെ ഭാഗമായാണ് ഡയലോഗുകള്‍ പൊളിച്ചെഴുതുന്ന പുതിയ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്
മലയാള സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. പഴയ സിനിമകളിലെ നായകന്‍ 2021ലേക്ക് എത്തുമ്പോള്‍ വില്ലനും വില്ലത്തി നായികയുമാകുന്നു. അങ്ങനെ സിനിമയെ ഇഴ കീറിയെടുത്ത് പൊളിച്ചെഴുത്ത് നടത്തുകയാണ് വിമര്‍ശകര്‍. ഈ സാഹചര്യത്തില്‍ സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ പൊളിച്ചെഴുതാന്‍ ക്യാമ്പയിനുമായി വനിത -ശിശുക്ഷേമ വകുപ്പ്. 'ഇനി വേണ്ട വിട്ടുവീഴ്ച' എന്ന പ്രമുഖ ക്യാമ്പയിന്‍റെ ഭാഗമായാണ് ഡയലോഗുകള്‍ പൊളിച്ചെഴുതുന്ന പുതിയ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.
''സ്ത്രീവിരുദ്ധമായ ചിന്തകളുടെ പൊളിച്ചെഴുത്തുകൾ ലിംഗസമത്വത്തിലേക്കുള്ള ചുവടുവെപ്പുകളാണ്. വലിയൊരു വിഭാഗം ജനങ്ങൾ വിനോദോപാധിയായി കാണുന്ന സിനിമയിലും അത്തരം പൊളിച്ചെഴുത്തുകൾക്ക് പ്രസക്തിയുണ്ട്. ജനപ്രിയ സിനിമകളിലെ സ്ത്രീവിരുദ്ധമായ ഡയലോഗുകൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? എങ്കിൽ അവ പൊളിച്ചെഴുതി കമന്‍റ് ചെയ്യൂ. തിരഞ്ഞെടുക്കുന്നവ വനിത ശിശുവികസന വകുപ്പിന്‍റെ പേജിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും.'' #പൊളിച്ചെഴുത്ത് #ഇനിവേണ്ട വിട്ടുവീഴ്ച'' വനിത ശിശുക്ഷേമ വകുപ്പ് പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
മോഹന്‍ലാല്‍ ചിത്രം നരസിംഹത്തിലെ ഹിറ്റ് ഡയലോഗിനെ അടിസ്ഥാനമാക്കിയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. അടിമയാവാന്‍ ഇന്ദുചൂഡന്‍ വേറെ ആളെ നോക്കണമെന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.