'സിനിമ റിലീസ് ചെയ്തു, ഇനി തടയാനാകില്ല'; 'കുറുപ്പി'നെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി

2021 നവംബര്‍ 12നാണ് 'കുറുപ്പ്' തിയറ്ററുകളില്‍ റിലീസ് ചെയ്തത്

Update: 2022-09-23 11:26 GMT
Editor : ijas
Advertising

കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്‍റെ ജീവിതം പശ്ചാത്തലമായ 'കുറുപ്പ്' സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സിനിമ റിലീസ് ചെയ്തതിനാല്‍ ഇനി പ്രദര്‍ശനം തടയുനാകില്ലെന്ന് കോടതി അറിയിച്ചു. എറണാകുളം സ്വദേശി സെബിന്‍ തോമസ് ആണ് ചിത്രത്തിന്‍റെ പ്രദര്‍ശനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

കുറ്റവാളിയായ സുകുമാരക്കുറുപ്പിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യത ലംഘിക്കുമെന്ന് ആരോപിച്ചാണ് സെബിന്‍ ഹര്‍ജി നല്‍കിയത്. ജനുവരിയില്‍ നല്‍കിയ ഹര്‍ജി ഇന്നാണ് കോടതിയുടെ പരിഗണനയില്‍ വന്നത്. ചിത്രം റിലീസ് ചെയ്തതിനാല്‍ ഹര്‍ജിക്ക് പ്രസക്തി നഷ്ടമായെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയം ഇപ്പോഴും പ്രസക്തമാണെന്ന ഹര്‍ജിക്കാരന്‍റെ വാദം തള്ളിയാണ് കോടതി ഹര്‍ജി തള്ളിയത്.

2021 നവംബര്‍ 12നാണ് 'കുറുപ്പ്' തിയറ്ററുകളില്‍ റിലീസ് ചെയ്തത്. 505 തിയറ്ററുകളിലായി വേൾഡ് വൈഡ് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 6 കോടി സ്വന്തമാക്കിയിരുന്നു. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിന്‍റെ ജീവിതകഥ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രമാണ് 'കുറുപ്പ്'. ദുൽഖർ സൽമാനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ സുധാകര കുറുപ്പായി എത്തുന്നത് . കുറുപ്പ് എട്ട് ലക്ഷത്തിന്‍റെ പോളിസി എടുക്കുകയും, പോളിസി തുക തട്ടിയെടുക്കാൻ ഇയാളും സംഘവും നടത്തുന്ന നാടകവും, അത് പിന്നീട് സമാനതകളില്ലാത്ത ക്രൂരമായ കുറ്റകൃത്യത്തിലേക്കും നയിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News