ഹിന്ദുത്വ രാഷ്ട്രീയം മറയില്ലാതെ സ്ക്രീനില്‍; 'ഹിന്ദുത്വ ചാപ്റ്റര്‍ വണ്‍' ട്രെയിലര്‍ പുറത്തിറങ്ങി

കോളജ് പശ്ചാത്തലത്തില്‍ ഹിന്ദുത്വ ദേശീയതയെ പ്രകീര്‍ത്തിക്കുകയും മുസ്‍ലിം വിരുദ്ധത പരക്കെ പ്രചരിപ്പിച്ചുമുള്ളതാണ് ചിത്രത്തിന്‍റെ ട്രെയിലര്‍

Update: 2022-09-23 14:01 GMT
Editor : ijas
Advertising

ഹിന്ദുത്വ രാഷ്ട്രീയം മറയില്ലാതെ ഉദ്ഘോഷിക്കുന്ന 'ഹിന്ദുത്വ ചാപ്റ്റര്‍ വണ്‍: മേം ഹിന്ദു ഹൂന്‍' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അജയ് ദേവ്ഗണ്‍ നായകനായ ദില്‍വാലേ(1994), ദീവാനേ(2000) എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനായ കരണ്‍ റസ്ദാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'സിയാ കേ രാം' എന്ന ടിവി ഷോയില്‍ ഭഗവാന്‍ രാമന്‍റെ വേഷം അഭിനയിച്ച ആശിഷ് ശർമ്മ ചിത്രത്തില്‍ നായക വേഷത്തിലെത്തും. 'ദേവോന്‍ കേ ദേവ് മഹാദേവ്' എന്ന ഹിറ്റ് ടിവി ഷോയിലെ മുന്‍ നിര താരം സൊണാറിക ബദോരിയ ചിത്രത്തിലെ നായികാ കഥാപാത്രത്തെയും അവതരിപ്പിക്കും.

Full View

വേദങ്ങളെയും ശ്ലോകങ്ങളെയും കുറിച്ച് അറിവുള്ള ഉത്തരേന്ത്യയിൽ നിന്നുള്ള ഒരു സാധാരണ ഹിന്ദു യുവാവ് കോളജില്‍ എത്തുന്നതും അവിടെ ഹിന്ദുത്വത്തിന്‍റെ സംരക്ഷകനാവുന്നതുമാണ് സിനിമയുടെ കഥ. കോളജ് പശ്ചാത്തലത്തില്‍ ഹിന്ദുത്വ ദേശീയതയെ പ്രകീര്‍ത്തിക്കുകയും മുസ്‍ലിം വിരുദ്ധത പരക്കെ പ്രചരിപ്പിച്ചുമുള്ളതാണ് ചിത്രത്തിന്‍റെ ട്രെയിലര്‍. കോളജിലെ ഹിന്ദുത്വ ഗ്രൂപ്പിന്‍റെ നേതാവായാണ് ആശിഷ് ശർമ്മ എത്തുന്നത്.

'ഹിന്ദുക്കളെ ഇവിടെ നിന്ന് പുറത്താക്കിയാൽ, അവർ വേറെ ഏത് ഹിന്ദു രാജ്യത്തില്‍ പോകുമെന്നുള്ള' സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയ ചിത്രം സമൂഹത്തില്‍ വിഭാഗീയത ലക്ഷ്യമിട്ട് നിര്‍മിച്ചതാണെന്ന് വ്യക്തമാണ്. ആശിഷ് ശർമ്മക്കും സൊണാറിക ബദോരിയക്കും പുറമേ അങ്കിത് രാജ്, അനൂപ് ജലോട്ട, ഗോവിന്ദ് നമദേവ്, ദീപിക ചികിലിയ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഉത്തരഖണ്ഡിലാണ് ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ഋഷികേഷില്‍ മാത്രം ചിത്രീകരിക്കുന്നതിനായി നാല്‍പ്പത് ദിവസത്തോളം എടുത്തതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രം ഒക്ടോബര്‍ ഏഴിന് തിയറ്ററുകളിലെത്തും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News