ബി ടൗണിനെ ഞെട്ടിച്ച ആക്രമണം; സെയ്ഫ് അലി ഖാന് കുത്തേറ്റത് എങ്ങനെ?
താരത്തിന് ആറു കുത്തുകൾ ഏറ്റതായാണ് റിപ്പോർട്ട്. അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതും ഒരു മുറിവ് നട്ടെല്ലിനോട് ചേർന്ന് അപകടകരമായ നിലയിലുമായിരുന്നു
മുംബൈ: നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ വാർത്തയറിഞ്ഞാണ് ബി-ടൗൺ വ്യാഴാഴ്ച ഉറക്കമുണർന്നത്. എന്താണ് സംഭവിച്ചതെന്നതിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ലെങ്കിലും മോഷണശ്രമമാണ് പൊലീസ് സംശയിക്കുന്നത്. പുലർച്ചെ രണ്ടരയോടെ മുംബൈ ബാന്ദ്രയിലെ സെയ്ഫ് അലി ഖാന്റെ ഫ്ലാറ്റിലേക്ക് കടന്നുകയറിയ അജ്ഞാതനാണ് താരത്തെ കുത്തി പരിക്കേല്പിച്ചത്.
ജീവിതപങ്കാളി കരീന കപൂർ, മക്കളായ തൈമൂർ അലി ഖാൻ, ജെ അലി ഖാൻ എന്നിവർക്കൊപ്പം ബാന്ദ്രയിലെ ഫ്ലാറ്റിന്റെ പതിനൊന്നാം നിലയിലാണ് സെയ്ഫ് അലി ഖാൻ കഴിഞ്ഞിരുന്നത്. അവിടേക്ക് വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെ കടന്നുകയറിയ അജ്ഞാതൻ, വേലക്കാരിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടുവെന്നാണ് ആദ്യഘട്ടത്തിലെ മുംബൈ പൊലീസ് വിശദീകരണം. തർക്കം കേട്ട് അവിടേക്കെത്തിയ സെയ്ഫ് അലി ഖാൻ, അജ്ഞാതനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അക്രമിക്കപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞിരുന്നു.
എന്നാൽ സെയ്ഫ് അലി ഖാന്റെ അടുത്ത വൃത്തങ്ങൾ പുറത്തിറക്കിയ കുറിപ്പിൽ മോഷണശ്രമമാണെന്നാണ് ആരോപിക്കുന്നത്. കരീന കപൂറും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. മോഷണം തടയാനെത്തിയ താരത്തെ മല്പിടുത്തത്തിനൊടുവിൽ മോഷ്ടാവ് കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്. അക്രമി ഉടൻ തന്നെ അവിടെനിന്ന് കടന്നുകളഞ്ഞുവെന്നും പ്രതിക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസും വിശദീകരിക്കുന്നു.
" ഏകദേശം രാത്രി 2.30ഓട് കൂടി ഫ്ലാറ്റിലേക്ക് കടന്നുകയറിയ മോഷ്ടാവിനെ ആദ്യം കണ്ട വേലക്കാരി, ബഹളമുണ്ടാക്കി. അതുകേട്ട് പുറത്തേക്ക് വന്ന സെയ്ഫ് അലി ഖാനും മോഷ്ടാവും തമ്മിൽ ചെറിയ അടിപിടി ഉണ്ടാകുന്നതിനിടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് താരത്തെ കുത്തുകയായിരുന്നു. ആ സമയം വീട്ടിൽ ആരൊക്കെ ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല"- സെയ്ഫ് അലി ഖാനുമായി അടുത്തബന്ധമുള്ള സ്രോതസ്സ് മാധ്യമങ്ങളോട് പറഞ്ഞു.
താരത്തിന് ആറു കുത്തുകൾ ഏറ്റതായാണ് റിപ്പോർട്ട്. അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതും ഒരു മുറിവ് നട്ടെല്ലിനോട് ചേർന്ന് അപകടകരമായ നിലയിലുമായിരുന്നു. പരിക്കേറ്റ താരത്തെ ഏകദേശം 3.30 ഓട് കൂടിയാണ് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ന്യൂറോസർജന്മാർ ഉൾപ്പെടുന്ന സംഘമാണ് താരത്തിന് ശസ്ത്രക്രിയ നടത്തിയത്. സെയ്ഫ് അലി ഖാന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് കൃത്യമായ വിവരം ലഭിക്കാൻ കുറച്ചുകൂടി സമയം വേണ്ടി വന്നേക്കുമെന്നാണ് അനുമാനം.
അതേസമയം, മാധ്യമങ്ങളും ആരാധകരും ക്ഷമയോടെ കാത്തിരിക്കാനും താരത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും സെയ്ഫ് അലി ഖാന്റെ അടുത്ത ബന്ധുക്കൾ അഭ്യർത്ഥിച്ചു. അക്രമിയെ എത്രയും വേഗം പിടികൂടുമെന്ന് മുംബൈ പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. അക്രമിയെന്ന് സംശയിക്കുന്ന ചിലരെ പൊലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫ്ലാറ്റിലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.