'ആവശ്യമുണ്ടെങ്കില്‍ അതുണ്ടാകും'; മമ്മൂട്ടിക്കൊപ്പം ബിലാലില്‍? ദുല്‍ഖറിന്‍റെ പ്രതികരണം

ബോളിവുഡ് ചിത്രം 'ഛുപി'ന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് 'ബോളിവുഡ് ലൈഫി'ന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ 'ബിലാലി'ല്‍ അഭിനയിക്കുന്നതില്‍‍ വ്യക്തത വരുത്തിയത്

Update: 2022-09-18 09:28 GMT
Editor : ijas
Advertising

2007ല്‍ അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി പുറത്തുവന്ന ചിത്രമാണ് 'ബിഗ് ബി'. 'ബിഗ് ബി'യുടെ അപ്രതീക്ഷിത വിജയം രണ്ടാം ഭാഗം പ്രഖ്യാപിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. 'ബിലാല്‍' എന്ന് പേരിട്ട രണ്ടാം ഭാഗത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നതായ അഭ്യൂഹങ്ങളും പരന്നിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍. താരത്തിന്‍റെ വരാനിരിക്കുന്ന ബോളിവുഡ് ചിത്രം 'ഛുപി'ന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് 'ബോളിവുഡ് ലൈഫി'ന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ബിലാലില്‍ അഭിനയിക്കുന്നതില്‍‍ വ്യക്തത വരുത്തിയത്.

ബിലാലില്‍ താന്‍ കൂടി ഭാഗമാകുന്നതായിട്ടുള്ള അഭ്യൂഹം കേട്ടിരുന്നതായും പക്ഷേ എവിടെ നിന്നാണ് ഇത് തുടക്കം കുറിച്ചതെന്ന് അറിയില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. സംവിധായകനും എഴുത്തുകാരനുമാണ് ഇതില്‍ വ്യക്തത വരുത്തേണ്ടത്. പിതാവിന്‍റെ വിജയചിത്രത്തിന്‍റെ തുടര്‍ച്ചയായി ഒരുക്കേണ്ട ചിത്രമായതിനാല്‍ തന്നെ തിരക്കഥ ആവശ്യപ്പെട്ടാല്‍ മാത്രമേ ഇക്കാര്യം സംഭവിക്കുകയുള്ളൂ. അങ്ങനെ സംഭവിച്ചാല്‍ വളരെ വലിയ കാര്യമാണ് എന്നാല്‍ അതിനാവശ്യമുണ്ടെങ്കിലേ അതുണ്ടാകൂവെന്ന് ദുല്‍ഖര്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ബോളിവുഡ് ചിത്രം 'ഛുപ്' സെപ്റ്റംബര്‍ 23നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. 'ചീനി കം', 'പാ', 'ഷമിതാഭ്', 'കി ആന്‍ഡ് ക', 'പാഡ് മാന്‍' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ആര്‍ ബൽക്കിയാണ് 'ഛുപ്' സംവിധാനം ചെയ്തിരിക്കുന്നത്. ബൽക്കിയും രാജ സെന്നും റിഷി വിര്‍മാനിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലായിരിക്കും 'ഛുപ്' എന്നും സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ. ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News