'അറഞ്ചം പുറഞ്ചം തെറിവിളിക്കുക, മോഹൻലാലിന്റെ കേണൽ പദവി തിരിച്ചെടുക്കണം’; എംപുരാനെതിരെ ഇന്നും സൈബർ ആക്രമണം

എംപുരാനിലെ ഗുജറാത്ത് വംശഹത്യയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള സീനുകളാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്

Update: 2025-03-28 07:40 GMT
Editor : സനു ഹദീബ | By : Web Desk
അറഞ്ചം പുറഞ്ചം തെറിവിളിക്കുക, മോഹൻലാലിന്റെ കേണൽ പദവി തിരിച്ചെടുക്കണം’; എംപുരാനെതിരെ ഇന്നും സൈബർ ആക്രമണം
AddThis Website Tools
Advertising

എറണാകുളം: മോഹൻലാൽ ചിത്രം എംപുരാനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ഇന്നും രൂക്ഷമായ സൈബർ ആക്രമണം. ചിത്രത്തിലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെയാണ് സംഘ്പരിവാർ അനുകൂല ഹാൻഡിലുകൾ അധിക്ഷേപങ്ങളും തെറിവിളികളും നടത്തുന്നത്. എംപുരാനിലെ ഗുജറാത്ത് വംശഹത്യയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള സീനുകളാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്.

മോഹൻലാലിനെ അറഞ്ചം പുറഞ്ചം തെറിവിളിക്കുക, മോഹൻലാലിന്റെ കേണൽ പദവി തിരിച്ചെടുക്കാൻ രാഷ്ട്രപതിക്ക് എല്ലാവരും കൂടി നിവേദനം നൽകണം, മോഹൻലാൽ രാമക്ഷേത്രവും കുംഭമേളയും സന്ദർശിക്കാത്തത് ആരെ സുഖിപ്പിക്കാനാണ് തുടങ്ങിയ കമന്റുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. അടുത്തിടെ മോഹൻലാൽ മമ്മൂട്ടിക്ക് വേണ്ടി  ശബരിമലയിൽ വഴിപാട് കഴിച്ചതിനെയും ചിലർ പരാമർശിക്കുന്നുണ്ട്. മോഹൻലാലിനും പൃഥ്വിരാജിനും നേരെ വ്യക്തി അധിക്ഷേപങ്ങളും ഭീഷണികളും സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.

ഇരുവരും രാജ്യദ്രോഹികളാണെന്നാണ് ചില സാമൂഹ്യമാധ്യമ ഉപയോക്താക്കളുടെ കണ്ടെത്തൽ. കുടുംബത്തോടെ എംപുരാൻ കാണാൻ ഇരുന്നതാണെന്നും, എന്നാൽ ഇനി ഈ രാജ്യദ്രോഹികൾക്ക് പണം നൽകില്ലെന്നും പലരും കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്. എംപുരാൻ സിനിമ ബഹിഷ്കരിക്കാനും ഇന്നലെ മുതൽ സംഘ്പരിവാർ അനുകൂലികൾ ആഹ്വാനം ചെയ്യുന്നുണ്ട്. ഹിന്ദുത്വനേതാവ് പ്രതീഷ് വിശ്വനാഥ്, ബിജെപി പ്രവർത്തക ലസിത പാലക്കൽ അടക്കമുള്ളവർ പൃഥ്വിരാജിനെതിരെ സോഷ്യൽമീഡിയയിൽ കുറിപ്പുമായി രം​ഗത്തെത്തിയിരുന്നു.

രാജപ്പനും മോഹൻലാലും അണിയറ പ്രവർത്തകരും ഭാരതത്തിലെ ഹൈന്ദവരുടെ ക്ഷമയെയും സഹനശക്തിയെയും വീണ്ടും പരീക്ഷിക്കുകയാണ്, ജിഹാദികളുടെ പണത്തിന് കീഴെ പറക്കുന്ന കടലാസ് പരുന്തായി മോഹൻലാൽ എങ്ങനെ മാറി എന്നത് ചിന്തിക്കേണ്ട വിഷയമാണ്, ജിഹാദികളേ ഓർക്കുക; നിങ്ങൾ നരകത്തിലെ വിറക് കൊള്ളി കൊണ്ടാണ് തല ചൊറിഞ്ഞിരിക്കുന്നത് തുടങ്ങിയ കമന്റുകൾ ഇന്നലെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാൽ ചിത്രത്തെ അഭിനന്ദിച്ചും നിരവധി പേർ രംഗത്ത് വന്നിരുന്നു. ഗുജറാത്ത് കലാപവും 2002ൽ ഇന്ത്യയെ പിടിച്ചുകുലുക്കിയ മുസ്ലീം വംശഹത്യയും അതിന് പിന്നിൽ ആരാണെന്നും ഉള്ളത് സിനിമ ധീരതയോട് കാണിച്ച് തന്നുവെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News