സ്ഥിരം കാമുകനായാണ് എല്ലാവരും കണ്ടത്... പ്ര.തു.മു അത് പൊളിച്ചടുക്കി

"ഈ പടം കഴിഞ്ഞാൽ നിന്‍റെ ടൈം മാറുമെന്ന് അന്നേ ജിതിൻ പറഞ്ഞു. പിന്നെ ഫോൺ കോളുകൾ വന്നപ്പോഴാണ് ഇതെവിടെയോ കേറി കൊളുത്തി എന്ന് മനസിലായത്..." ഫ്രീ‍‍ഡം ഫൈറ്റിലെ പ്ര.തു.മു എന്ന ചിത്രത്തിന്‍റെ വിശേഷങ്ങളുമായി നടന്‍ ഉണ്ണിലാലു

Update: 2022-03-23 10:13 GMT
Advertising

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളുടെ കഥപറയുന്ന അഞ്ചു സിനിമകള്‍... വിഷയങ്ങളുടെ സാമൂഹിക പ്രസക്തികൊണ്ട് വന്‍ തോതില്‍ ചര്‍ച്ചയാവുകയാണ് ആന്തോളജി വിഭാഗത്തില്‍പ്പെട്ട ഫ്രീഡം ഫൈറ്റ് എന്ന സിനിമ. ആത്യന്തികമായി സ്വാതന്ത്ര്യ സമരമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും അ‍ഞ്ചു സിനിമകളുടെയും കഥാപശ്ചാത്തലവും കഥ പറഞ്ഞ രീതിയും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ മികച്ച സിനിമ അനുഭവമാണ് ജിയോ ബേബി അവതരിപ്പിച്ച ഫ്രീഡം ഫൈറ്റ് നല്‍കുന്നത്. ആന്തോളജിയിലെ അവസാന ചിത്രമായ പ്ര. തു. മു (പ്രജാപതിക്ക് തൂറാന്‍ മുട്ടി) സമൂഹത്തിന്റെ മുഖ്യധാരയിൽ ഇടമില്ലാതെ ഇന്നും അധികാര വര്‍ഗത്തിന്‍റെ ചൂഷണത്തിന് വിധേയരാകുന്ന തോട്ടികളുടെ ജീവിത യാഥാര്‍ത്ഥ്യമാണ് തുറന്നുകാട്ടുന്നത്. അ‍ഞ്ചു സിനിമകളില്‍ ഏറ്റവും തീവ്രമായതും ജിതിന്‍ ഐസക് തോമസ് ഒരുക്കിയ പ്ര.തു.മു തന്നെ. സിനിമ ഏറെ ചര്‍ച്ചയാകുമ്പോള്‍ താന്‍ ആദ്യമായി അവതരിപ്പിച്ച ഒരു പ്രധാന വേഷം വളരെ ശ്രദ്ധിക്കപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് നടന്‍ ഉണ്ണിലാലു. പ്ര.തു.മുവിന്‍റെയും ലക്ഷമണനെന്ന കഥാപാത്രത്തിന്‍റെയും വിശേഷങ്ങള്‍ പങ്കുവെച്ച് ചേരുകയാണ് ഉണ്ണി....

ലക്ഷ്മണനാകാന്‍ എന്തും ചെയ്യാന്‍ തയ്യാറായി, ലുക്കൊന്നും വിഷയമായില്ല

കുറേക്കാലമായി സിനിമയുടെ പുറകെ നടന്നിട്ട്, ആദ്യമായി ചെയ്ത ഒരു പ്രധാന കഥാപാത്രം തന്നെ ഇത്രയും അഭിനന്ദനങ്ങള്‍ നേടുമ്പോള്‍ വളരെ സന്തോഷം. എന്‍റെ സുഹൃത്തും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ആഷ്‌ലി മുഖേനയാണ് ഞാന്‍ പ്ര.തു.മുവിനെക്കുറിച്ച് അറിയുന്നത്. അന്ന് സംവിധായകന്‍ ജിതിനെ കാണാന്‍ പോകാന്‍ അവന്‍ പറഞ്ഞു. ഞാന്‍ വസ്ത്രം മാറി സുന്ദരനായി വരാം എന്ന് അവനോട് പറഞ്ഞപ്പോള്‍, ഏയ് അതൊന്നും വേണ്ട, ഒരു കറുപ്പ് ടീ ഷര്‍ട്ടും ട്രാക്ക്സ്യൂട്ടും മതിയെന്നായിരുന്നു മറുപടി. പക്ഷെ അന്നെനിക്ക് മുടിയൊക്കെയുണ്ട്. ഒരു ഫ്രീക്കന്‍ ലുക്കിലാണെന്ന് പറയാം. അതുകൊണ്ട് തന്നെ ജിതിനും മറ്റ് ടീമംഗങ്ങള്‍ക്കും ഞാന്‍ ശരിയാകുമെന്ന് തോന്നിയില്ല. എന്നാല്‍, എന്‍റെ ലുക്കൊക്കെ എങ്ങനെ വേണമെങ്കിലും മാറ്റാന്‍ തയ്യാറാണ്, എനിക്ക് സിനിമയുടെ ഭാഗമായാല്‍മതിയെന്ന ആഗ്രഹം ഞാന്‍ ജിതിനോട് പറഞ്ഞു. പിന്നീടെന്തുകൊണ്ടോ അവര്‍ തീരുമാനമെടുക്കുകയും ഞാന്‍ ലക്ഷ്മണനാവുകയുമായിരുന്നു. പക്ഷെ ഒടുക്കം ഞാനും ഹാപ്പിയാണ്, അവരും ഹാപ്പിയാണ്...

കാര്യം നടനൊക്കെ ആണെങ്കിലും ഓഡീഷന് പോയാല്‍ ഞാന്‍ പൊട്ടും

പ്ര.തു.മുവിന് മുന്നോടിയായി ഓഡീഷന്‍ പരിപാടിയൊന്നുമുണ്ടായില്ല. നാല് വര്‍ഷത്തോളം വെബ് സീരീസുകളും ഹ്രസ്വചിത്രങ്ങളുമൊക്കെയായി യൂട്യൂബിലൊക്കെ സജീവമാണെങ്കിലും ഓഡീഷന് പോയാല്‍ ഞാന്‍ പൊട്ടും. പക്ഷെ, സ്ക്രിപ്റ്റും കഥാപാത്രവുമൊക്കെയായി ചെയ്യുമ്പോള്‍ അതാകില്ല അവസ്ഥ. ലക്ഷ്മണന്‍ ഞാന്‍ തന്നെയെന്ന് തീരുമാനിച്ചപ്പോള്‍ ജിതിന്‍ നന്നായി സഹായിച്ചു. എന്നെ കാസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിലാണ് സിനിമ തുടങ്ങുന്നത്. നാലു ദിവസമായിരുന്നു ഷൂട്ട്. കഥാപാത്രത്തെക്കുറിച്ചും അവരുടെ ജോലിയുടെ സ്വഭാവത്തെക്കുറിച്ചുമൊക്കെ ജിതിന്‍ നന്നായി വിശദീകരിച്ചിരുന്നു. അതോടൊപ്പം എന്‍റെ ഭാഗത്ത് നിന്നും ശ്രമങ്ങളുണ്ടായി.

സ്ഥിരം കാമുകന്‍ കഥാപാത്രങ്ങളില്‍ നിന്ന് പുറത്തുവന്നു

ഇതുവരെ ചെയ്ത വെബ് സീരീസുകളിലും ഹ്രസ്വചിത്രങ്ങളിലുമൊക്കെ കാമുകന്‍ കഥാപാത്രത്തെയായിരുന്നു ഞാന്‍ അവതരിപ്പിച്ചിരുന്നത്. കോമഡിയും റൊമാന്‍സുമൊക്കെയാണ് കൂടുതലും ചെയ്തിട്ടുള്ളത്. എന്നാല്‍ പ്ര.തു.മുവിലെ ലക്ഷ്മണന്‍ തികച്ചും വ്യത്യസ്തനാണ്. ഇതുവരെ ഇത്തരമൊരു കഥാപാത്രം എനിക്ക് കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ലക്ഷ്മണനെ ചെയ്ത് ഫലിപ്പിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളി തന്നെയായിരുന്നു. സിനിമയ്ക്ക് വേണ്ടി എന്‍റെ ലുക്ക് മുഴുവനായും മാറ്റി. മുടിവെട്ടി ആ നിക്കറുമിട്ട് സെറ്റിലെത്തിയപ്പോള്‍ തന്നെ എല്ലാവരും ചിരിച്ചു. ഒരു നിക്കറ് മാത്രമാണ് കോസ്റ്റ്യൂമെന്ന നഗ്നമായ സത്യം ഞാന്‍ സെറ്റിലെത്തിയപ്പോഴായിരുന്നു തിരിച്ചറിഞ്ഞത്. ഇപ്പോള്‍ എനിക്ക് വ്യത്യസ്തമായ റോളുകള്‍ ചെയ്യാനാകുമെന്ന് പലര്‍ക്കും മനസിലായി. ഞെട്ടിച്ചു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ 'ചെയ്യാനൊരു അവസരം കിട്ടണ്ടേ എന്നാലല്ലേ തെളിയിക്കാന്‍ പറ്റൂ' എന്നായിരുന്നു എന്‍റെ മറുപടി. 

ആക്ഷന്‍ പറഞ്ഞപ്പോള്‍ എല്ലാവരും ക്യാരക്ടറായി... അടിയൊക്കെ ശരിക്ക് കൊണ്ടു

പ്ര.തു.മുവിലെ പ്രധാന സീന്‍ ആ അടിയാണല്ലോ, ആ സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ആക്ഷന്‍ എന്ന് കേള്‍ക്കേണ്ട താമസം എല്ലാവരും ക്യാരക്ടറായി മാറും. പിന്നെ 'അറി‍ഞ്ചും പുറിഞ്ചും' അടിയാണ്. തലക്കടിയേറ്റ് തലചുറ്റി വീഴുകവരെ ചെയ്തു. പിന്നെ അല്‍പം വിശ്രമിച്ചൊക്കെയായിരുന്നു ഷൂട്ടിംഗ് തുടര്‍ന്നത്. പക്ഷെ ആ അടിക്കൊക്കെ തക്കതായ റിസള്‍ട്ട് കിട്ടിയപ്പോള്‍ വളരെ സന്തോഷം. ഇപ്പോള്‍ ആ അടിയൊക്കെ ഞാന്‍ മറന്നു...

സിദ്ധാര്‍ഥ് ശിവ കട്ട സപ്പോര്‍ട്ട്, നെഞ്ചത്ത് ആഞ്ഞ് ചവിട്ടേണ്ടിവന്നു

സിദ്ധാര്‍ഥ് ശിവ ഭീകര നടനാണെന്ന് ഇതിനു മുമ്പും തെളിയിച്ചിട്ടുള്ളതാണ്. വളരെ അനുഭവ സമ്പത്തുള്ള ഒരു നടന്‍റെ കൂടെ അഭിനയിക്കുക എന്നത് ഒരേ സമയം വെല്ലുവിളിയുമാണ് അഭിമാനവുമാണ്. ആദ്യമൊക്കെ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം വളരെ കൂളായാണ് സംസാരിച്ചത്. അപ്പോള്‍ സമാധാനമായി. ആക്ഷന്‍ പറഞ്ഞ് കേള്‍ക്കുമ്പോള്‍ സിദ്ധാര്‍ഥേട്ടന്‍റെ മുഖത്തെ ഭാവമാറ്റം അസാധ്യമായിരുന്നു. ആ മന്ത്രിയായി അദ്ദേഹം ജീവിക്കുകയായിരുന്നു. അത് കാണുമ്പോഴാണ് എന്‍റെ ഉള്ളിലെ ലക്ഷ്മണന്‍ ഉണരുന്നത്. ആക്ടിംഗ് എന്നത് എതിരെ നില്‍ക്കുന്നവരോടുള്ള റിയാക്ഷനാണല്ലോ. പിന്നെ, ഞാന്‍ അദ്ദേഹത്തിന്‍റെ നെഞ്ചില്‍ ആഞ്ഞ് ചവിട്ടിയിരുന്നു. സിദ്ധാര്‍ഥേട്ടന്‍ ആവശ്യപ്പെട്ടിട്ട് തന്നെയായിരുന്നു അത്. അവസാനം ക്ലോസറ്റില്‍ തലയിട്ടുള്ള സീനൊക്കെ മികച്ചതായത് അദ്ദേഹത്തിന്‍റെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ്.

ഡീസലിലായിരുന്നു കുളി, പടം തീര്‍ന്നപ്പോള്‍ ആകെ കോലംകെട്ടു

സിനിമയിലെ സെപ്റ്റിക് ടാങ്ക് കൃത്രിമമായി ഉണ്ടാക്കിയതാണ്. ടാങ്കിനുള്ളില്‍ തെര്‍മോകോളും മറ്റ് കെമിക്കല്‍സും ഉപയോഗിച്ചാണ് ആ ഒറിജിനാലിറ്റി കൊണ്ടുവന്നത്. ടാങ്കിലേക്കിറങ്ങുമ്പോള്‍ ഇതൊക്കെ ദേഹത്ത് പറ്റിപ്പിടിക്കും. പിന്നെയത് വിട്ടുപോകാന്‍ ഡീസലിലായിരുന്നു കുളിയൊക്കെ. പടം കഴിയുമ്പോഴേക്കും ആകെ കരുവാളിച്ച് കോലംകെട്ടിരുന്നു. ഞാന്‍ തന്നെ കണ്ണാടിയില്‍ നോക്കി "യാരടാ...നമ്മ മൂഞ്ചിയാ ഇത്..." എന്ന് ചോദിക്കേണ്ട സ്ഥിതി വന്നു. ഡീസലൊഴിച്ച് നന്നായി തേച്ചുരച്ച് കഴുകിയാണ് കാലൊക്കെ വൃത്തിയാക്കിയത്. 

പ്ര.തു.മു കഴിഞ്ഞാല്‍ നിന്‍റെ ടൈം മാറുമെന്ന് അന്നേ ജിതിന്‍ പറ‍ഞ്ഞു 

സിനിമ ചിത്രീകരണ സമയത്ത് ഇങ്ങനെയൊരു ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നിയിരുന്നില്ല. പക്ഷെ ജിതിന്‍ അന്നേ എന്നോട് പറഞ്ഞിരുന്നു ഉണ്ണീ...ഈ പടമിറങ്ങിയാല്‍ നിന്‍റെ ടൈം മാറുമെന്ന്. പിന്നെ ഞാന്‍ സിനിമയെ അത്യധികം സ്നേഹിക്കുന്ന ഒരാളായതുകൊണ്ട് അത് സംഭവിക്കട്ടെ എന്നേ അന്ന് കരുതിയുള്ളൂ. പക്ഷെ പടമിറങ്ങി എനിക്ക് ഫോണ്‍ കോളുകളും മെസ്സേജുകളും വരാന്‍ തുടങ്ങിയപ്പോഴാണ് മനസിലായത് ഈ സംഭവം എവിടെയോ കയറി കൊളുത്തി എന്ന്. ശരിക്കും പടം കണ്ടപ്പോള്‍ ‍ഞാന്‍ തന്നെ അത്ഭുതപ്പെട്ടു. കാരണം മറ്റൊന്നുമല്ല ഡബ്ബിംഗ് സമയത്ത് കണ്ടതൊന്നുമായിരുന്നില്ല എഡിറ്റിംഗ് പൂര്‍ത്തിയായപ്പോഴുണ്ടായത്. ജിതിന്‍ സിനിമയെ ട്രീറ്റ് ചെയ്ത രീതി തന്നെ ഭീകരമാണ്.

നരസിംഹവും വല്ല്യേട്ടനുമൊക്കെ തന്നെയാണ് സിനിമാ മോഹം വളര്‍ത്തിയത്

പ്ലസ് ടു പഠനകാലം മുതല്‍ ഞാന്‍ സിനിമപ്രാന്തുമായി നടക്കുന്നുണ്ട്. കാശ് കൊടുത്ത് ഓഡീഷനൊക്കെ പങ്കെടുത്തിരുന്ന അന്തകാലത്ത്. എങ്ങനെയാണ് സിനിമാ മോഹം വന്നതെന്ന് ചോദിച്ചാല്‍ ലാലേട്ടന്‍റെയും മമ്മൂക്കയുടെയും മാസ് കണ്ടിട്ട് തന്നെയാണ്. നരസിംഹവും വല്ല്യേട്ടനുമൊക്കെ തന്നെയാണ് എന്നെയും സിനിമയോട് അടുപ്പിച്ചത്. പിന്നീട് ഡിഗ്രി പഠനമൊക്കെ നടക്കുമ്പോഴാണ് സുഹൃത്തുക്കള്‍ വഴി ഒരു അസിസ്റ്റന്‍റ് ഡയറക്ടറെ പരിചയപ്പെടുന്നതും ആദ്യമായി ഒരു ആല്‍ബം ചെയ്യുന്നതും. അന്ന് സോഷ്യല്‍ മീഡിയ ഇത്ര സജീവമായിരുന്നില്ല. പക്ഷെ ആ ആല്‍ബം അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടു. പിന്നെ ഈ ഫീല്‍ഡില്‍ കൂടുതല്‍ കോണ്‍ടാക്ട്സ് ഉണ്ടായി. സിനിമ മോഹം കാരണം നല്ല ശമ്പളം വാങ്ങിക്കൊണ്ടിരുന്ന ജോലി പോലും രാജിവെച്ചു. പ്രൈവറ്റ് മീഡിയ കമ്പനിയില്‍ ജോലിക്ക് കയറി. കഴിഞ്ഞ ആറു വര്‍ഷമായി വെബ് സീരീസ്, ഷോര്‍ട്ട് ഫിലിം എന്നിവയൊക്കെയായി കടന്നുപോകുന്നു. പയ്യെ പയ്യെയാണ് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. അതിനിടെ, തരംഗം എന്ന ടൊവിനോ ചിത്രത്തില്‍ ഒരു കുഞ്ഞു ഡയലോഗ് പറയാന്‍ അവസരം കിട്ടി. പിന്നെ കുറേ സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും പോയിട്ടുണ്ട്. 

ഇനിയും കാമുകനാകും ഒപ്പം വേറെ ചില ഐറ്റങ്ങളും പ്രതീക്ഷിക്കാം...

ആന്‍റണി വര്‍ഗീസിനൊപ്പം (പെപ്പെ) ആരവം എന്ന പടമാണ് പുറത്തിറങ്ങാനുള്ളത്. പതിനഞ്ചോളം ദിവസം ചിത്രത്തിന്‍റെ ഷൂട്ട് നടന്നെങ്കിലും കോവിഡ് കാരണം നിര്‍ത്തേണ്ടിവന്നിരുന്നു. അത് ഇനി വീണ്ടും തുടരും. മരതകം എന്ന പേരില്‍ സുഹൃത്തിന്‍റെ ഒരു പടത്തില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്. ചില പ്രൊജക്ടുകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. ഒരു മാസ് വര്‍ക്ക് അടുത്ത് തന്നെ പ്രതീക്ഷിക്കാം. കാമുകനായി എന്തായാലും ഉണ്ടാകും. പക്ഷെ കൂട്ടത്തില്‍ വേറെ ഐറ്റങ്ങളുമുണ്ടാകും. കാമുകനെ അങ്ങനെയങ്ങ് വിടാന്‍ പറ്റില്ലല്ലോ...റൊമാന്‍സ് നമ്മുടെ മെയിന്‍ ഐറ്റമല്ലേ...

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - ഹരിഷ്മ വടക്കിനകത്ത്

contributor

Similar News