'പൊളിറ്റിക്കൽ അല്ലാത്ത ഒരു സിനിമയും ഞാൻ ചെയ്തിട്ടില്ല'; സംവിധായകൻ കമലുമായുള്ള അഭിമുഖം
'സ്ത്രീ വിരുദ്ധമായതോ അല്ലെങ്കിൽ ആണധികാരത്തിനെ പ്രോത്സാഹിപ്പിക്കുന്നതോ ആയിട്ടുള്ള സിനിമകളൊന്നും ഞാന്‍ അധികം ചെയ്തിട്ടില്ല'
അമ്മാവനായ യൂസഫ് പടിയത്ത് സംവിധാനം ചെയ്ത് 'ത്രാസ'ത്തിന് കഥ എഴുതിയാണ് കമല്‍ ചലച്ചിത്ര രംഗത്തേക്കെത്തുന്നത്. ഭരതന്‍റെയും പി എൻ മേനോന്‍റെയും കെ.എസ് സേതുമാധവന്‍റെയും സംവിധാന സഹായിയായി നിരവധി കാലം പ്രവര്‍ത്തിച്ച കമല്‍ 1986ൽ പുറത്തിറങ്ങിയ 'മിഴിനീർപ്പൂവുകൾ' എന്ന സിനിമയിലൂടെയാണ് സ്വാതന്ത്രൃ സംവിധായകനാകുന്നത്. 1986 മുതല്‍ ഇതുവരെ 45 സിനിമകള്‍ക്ക് കമല്‍ സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ചലച്ചിത്ര ജീവിതത്തില്‍ 36 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന കമല്‍ ആദ്യ സിനിമ തൊട്ടുള്ള ചലച്ചിത്രാനുഭവങ്ങളും ഓര്‍മ്മകളും വിവാദ വിഷയങ്ങളിലെ നിലപാടുകളും മീഡിയവണുമായി മനസ്സുതുറക്കുന്നു.
കമൽ സിനിമയിലെത്തിയിട്ട് 36 വർഷങ്ങൾ പൂർത്തിയാവുന്നു. സമാന്തര സിനിമ എന്നൊക്കെ പറയാവുന്ന ഉച്ചപ്പടങ്ങളിൽ തുടങ്ങി മെയിൻ സ്ട്രീം സിനിമയിലൂടെ ഇവിടെവരെ എത്തിനിൽക്കുന്നു. ഇതുവരെയുള്ള സിനിമാ ജീവിതം ആലോചിക്കുമ്പോൾ എന്തുതോന്നുന്നു?
36 വർഷത്തിനിടെ സിനിമയിൽ രണ്ട് തലമുറ മാറിക്കഴിഞ്ഞു. സിനിമയിൽ പ്രവർത്തിക്കുന്നവർ മാത്രമല്ല പ്രേക്ഷകരും മാറിക്കഴിഞ്ഞു. ഞാനും എന്‍റെ സഹപ്രവർത്തകരും സുഹ്യത്തുക്കളുമെല്ലാം ആ ഒഴുക്കിലുടെ സഞ്ചരിച്ചവരാണ്. ഞാൻ ആദ്യമായി ചെയ്ത 'ത്രാസം' ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയായിരുന്നു. ഒരു പാരലൽ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ. കളർ സിനിമകൾ വന്ന കാലത്താണ് ആ സിനിമ ഇറങ്ങുന്നത്. ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെയാണ് എന്‍റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഫിലിമിൽ ഷൂട്ട് ചെയ്ത് ഫിലിമിൽ തന്നെ എഡിറ്റ് ചെയ്ത് സിനിമ പഠിച്ചൊരു തലമുറയുടെ ഭാഗമാണ് ഞാൻ. അന്ന് സിനിമ എന്ന് പറഞ്ഞാൽ മദ്രാസാണ്, സിനിമാക്കാരുടെ പ്രധാന കേന്ദ്രമാണത്. ഷൂട്ടിംഗ് പോലും അപൂർവമായേ അന്ന് കേരളത്തിൽ നടക്കാറുള്ളൂ. ഞാനും 'ത്രാസം' കഴിഞ്ഞതിന് ശേഷം മദ്രാസിലേക്ക് പോയി. അവിടെ ആറേഴു കൊല്ലം സ്ഥിര താമസമായിരുന്നു.
ഭരതൻ, ജോൺ എബ്രഹാം, പി.എൻ മേനോൻ, സേതു മാധവൻ എന്നിവരുടെയൊക്കെ കൂടെ സഹ സംവിധായകനായാണ് ഞാൻ സിനിമ പഠിക്കുന്നത്. അക്കാലത്തൊരു സിനിമ എടുത്താൽ അതിലെ തെറ്റുകൾ തിരിച്ചറിയണമെങ്കിൽ ഫിലിം മദ്രാസിലേക്കയച്ച് അത് പ്രോസസ് ചെയ്ത് പ്രിന്‍റ് ചെയ്ത് തിരിച്ചെത്തി ആ റഷസ് കണ്ടാലെ ആ സീനിന്‍റെ ഫ്രെയിം ഇതായിരുന്നു എന്ന് പോലും സംവിധായകനും അഭിനേതാക്കൾക്കും അറിയാൻ കഴിയൂ. തങ്ങൾ അഭിനയിച്ചിരിക്കുന്നത് അഭിനേതാക്കൾ കാണുന്നത് അവർ ഡബ്ബ് ചെയ്യാൻ വരുമ്പോഴാണ്. അതുകൊണ്ട് തന്നെ പോരായ്മകളെ തിരുത്താൻ വലിയ പാടായിരുന്നു. കാരണം പിന്നീട് റീഷൂട്ട് ചെയ്യുകയെന്നത് സാധ്യമല്ല. എന്നാൽ ഇന്ന് സാങ്കേതിക വിദ്യ വളർന്നു, അടുത്ത തലമുറ സിനിമയിലേക്കെത്തി. ഓരോ വർഷവും അൻപതും അറുപതും സംവിധായകരെത്തുന്ന ഇൻഡസ്ട്രി ആയി മാറി. വളരെ അത്ഭുതത്തോട് കൂടിയാണ് ഞാനൊക്കെ ഇന്ന് ഇൻഡസ്ട്രിയെ നോക്കിക്കാണുന്നത്. സിനിമയുടെ തീമിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.
പണ്ടത്തെ സിനിമകളൊക്കെയും നായകനെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ത്യാഗം ചെയ്യുന്ന നായകൻമാർക്കേ അന്ന് വിലയുണ്ടായിരുന്നുള്ളു. മമ്മൂട്ടിയൊക്കെ ഒരുപാട് സിനിമകളിൽ അത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് അത്തരം നായകൻമാരെ പ്രേക്ഷകർ ഏറ്റെടുക്കില്ല. പഴയ നായികമാർക്കാണെങ്കിൽ എല്ലാ പരിശുദ്ധിയും വേണമെന്ന് വിചാരിക്കുന്നു. പൊളിറ്റിക്കലി ഒട്ടും കറക്ടല്ലാത്ത കഥയും സിനിമകളുമായിരുന്നു അന്ന് സംഭവിച്ചിരുന്നത്. അന്ന് നമ്മുടെ സമൂഹവും അങ്ങനെയായിരുന്നു. നായികയെ ചീത്ത പറയുന്ന സീനുകൾക്ക് തിയറ്ററിൽ കൈയ്യടി ആയിരിക്കും. ആ കയ്യടിക്ക് വേണ്ടി അക്കാലത്ത് സിനിമയിൽ അത്തരം സീനുകൾ ഉൾപ്പെടുത്തുമായിരുന്നു. എം.ടിയുടെയും പത്മരാജന്‍റെയും തിരക്കഥയിൽ പോലും അത്തരം സ്ത്രീ വിരുദ്ധത ഉണ്ടായിരുന്നു. അവിടെ നിന്നും സിനിമ ഒരുപാട് മാറി. നായക സങ്കൽപ്പങ്ങൾ പോലും മാറി. പണ്ടൊക്കെ നായകൻ വരുന്നു പത്ത്, അൻപത് വില്ലൻമാരെ അടിച്ച് പറപ്പിക്കുന്നു. ഇപ്പോഴും ഇടിച്ച് പറപ്പിക്കലുണ്ട്, എന്നാൽ കുറച്ചു കൂടി റിയലിസ്റ്റിക്കാണ്. ഇന്ന് റിയലിസ്റ്റിക്ക് സിനിമകളൊരുപാട് വരുന്നുണ്ട്.
പണ്ട് അടൂരിന്‍റെ 'സ്വയംവരം' പോലുള്ള അവാർഡ് സിനിമകൾ എന്ന് വിളിക്കപ്പെടുന്ന ചുരുക്കം ചില സിനിമകളെ റിയലിസ്റ്റിക്ക് സിനിമയായി ഉണ്ടായിരുന്നുള്ളു. ഞാനൊക്കെ പാരലൽ സിനിമയിൽ നിന്നും സിനിമാ ജീവിതം തുടങ്ങിയ ആളാണ്, പക്ഷേ സംവിധാനം ചെയ്യാനൊരുങ്ങിയപ്പോൾ ഞാൻ മെയിൻ സ്ട്രീം സിനിമയിലേക്കിറങ്ങി. 90 കൾക്ക് മുൻപ് മിഡിൽ സ്ട്രീം എന്നൊരു വിഭാഗമുണ്ടായിരുന്നു. കെ.ജി ജോർജ്, പത്മരാജൻ, ഭരതനൊക്കെ അതിൽപ്പെട്ടവരാണ്. 90കളിൽ മോഹൻലാലിന്‍റെ അമാനുഷിക കഥാപാത്രങ്ങളും മിമിക്രി സിനിമകളുമൊക്കെ വരുന്നു. സിനിമക്ക് കോമഡി അത്യാവശ്യമായി വരുന്നത് ആ കാലത്താണ്. അതിന്‍റെ ഭാഗമായി ഞാനും ചില സിനിമകൾ ചെയ്തിട്ടുണ്ട്. ഇടക്ക് അതിൽ നിന്ന് മാറി നടക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അതിൻറെ ഭാഗമായി ചില അവാർഡ് സിനിമകളൊക്കെ ചെയ്തിട്ടുമുണ്ട്. അതൊക്കെയാണ് ഇതുവരെയുള്ള എന്‍റെ സിനിമാ യാത്ര.
സാഹിത്യ വായനയുടെ സിനിമാ പതിപ്പുകളായി കമൽ സിനിമകൾ അനുഭവപ്പെടാറുണ്ട്. കമലിന് ഒരു സിനിമ വർക്കാവുമെന്ന് തോന്നുന്നത് ഏത് ഘട്ടത്തിലാണ്?
സ്‌കൂൾക്കാലം മുതലേ നന്നായി വായിക്കുന്നയാളാണ് ഞാൻ. വായനയാണ് എന്നെ സിനിമയിലേക്കടുപ്പിക്കുന്നത്. ചെന്നൈയിൽ സ്ഥിര താമസമാക്കുമ്പോഴും വായന ഞാൻ കൈ വിട്ടിരുന്നില്ല. മലയാള പുസ്തകങ്ങൾ കിട്ടാൻ പ്രയാസമായതിനാൽ നാട്ടിൽ വരുമ്പോൾ പുസ്തകങ്ങളെടുത്തായിരിക്കും തിരിച്ചുപോക്ക്. സിനിമയിൽ സാഹിത്യസ്വഭാവം വേണമെന്ന് ആഗ്രഹിക്കുന്നൊരാളാണ് ഞാൻ. പക്ഷേ ഇന്ന് സാഹിത്യം സിനിമയിൽ നിന്ന് അകന്നുപോയി. ഇന്ന് സിനിമയിൽ വിഷ്വൽ സാധ്യതകൾ മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. ഞാൻ ചില സിനിമകൾ ചെയ്യുമ്പോൾ നോവലിന്‍റെ ഭാവങ്ങൾ ആ സിനിമക്ക് ലഭിക്കുന്നത് അതുകൊണ്ടാണ്. 'മേഘമൽഹാർ' എന്ന സിനിമ ഒരു പുസ്തകം വായിച്ചിരിക്കുന്നത് പോലെ ഒരാൾ കണ്ടിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. റിയലിസ്റ്റിക്കിനപ്പുറത്തേക്ക് എന്‍റെ സിനിമകളിൽ റൊമാന്‍റിക് എലമൻറ് ഉണ്ടാകാറുണ്ട്. കാൽപനികമായ സിനിമ ചെയ്യുന്ന സംവിധായകനെന്ന് പലരും എന്നെക്കുറിച്ച് പറയാനുള്ള കാരണവും അതായിരിക്കാം. ഞാനടക്കമുള്ള സംവിധായകരുടെ പഴയ സിനിമകൾ ഇന്ന് വിമർശിക്കപ്പെടുന്നുണ്ട്. എന്നാൽ ആ കാലഘട്ടത്തിൽ ശരിയായതും പ്രസക്തമായതുമായ സിനിമയാണ് അന്ന് ചെയ്തിരുന്നത്. എന്നാൽ ഇപ്പോഴതിന് പ്രസക്തിയുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരം. എന്നാൽ ചില സിനിമകൾ കാലത്തെ അതിജീവിച്ചു നിൽക്കുന്നവയാണ്. അതുകൊണ്ടാണ് ഇന്നും പഴയ സിനിമകൾക്ക് പ്രേക്ഷകരുണ്ടാകുന്നത്. അത്തരം സിനിമകൾ ചെയ്യാൻ കഴിഞ്ഞെന്ന സന്തോഷമുണ്ട്. സ്ത്രീ വിരുദ്ധമായതോ അല്ലെങ്കിൽ ആണധികാരത്തിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളൊന്നും അധികം ചെയ്തിട്ടില്ല. അതിന് കാരണം അത്തരം കാഴ്ചപ്പാടുകളോടുള്ള എന്‍റെ ഇഷ്ടക്കുറവായിരുന്നു.
മോഹൻലാലിനെയും മമ്മൂട്ടിയേയും വെച്ച് ഞാൻ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. അതിൽ ഒന്നിൽ പോലും അതിമാനുഷികനായി ലാലിനെ ഞാൻ അവതരിപ്പിച്ചിട്ടില്ല. 'കറുത്ത പക്ഷികളിൽ' മമ്മൂട്ടിയുടെ ഗ്ലാമറിനെ ഇല്ലാതാക്കിയാണ് ആ കഥാപാത്രമാക്കിയത്. അതൊരിക്കലും ഞാൻ മനഃപൂർവ്വം ചെയ്യുന്നതല്ല. ആണധികാരങ്ങളോട് താൽപര്യമില്ലാത്തത് കൊണ്ടാണ്. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ അതൊരു ഭാഗ്യമായാണ് ഞാൻ കാണുന്നത്. അതുപോലെ പൊളിറ്റിക്കൽ അല്ലാത്ത സിനിമകളും ഞാൻ ചെയ്തിട്ടില്ല. പൊളിറ്റിക്കലി കറക്ട് അല്ലാത്ത കഥാപാത്രങ്ങളും എന്‍റെ സിനിമയിൽ കുറവാണ്. അന്നേ ഞാൻ പൊളിറ്റിക്കലി ചിന്തിച്ചത് കൊണ്ടായിരിക്കാം അന്നങ്ങനെ സംഭവിച്ചത്. എന്നോടൊപ്പമുണ്ടായിരുന്ന പല സംവിധായകരുടെയും സിനിമ വിമർശിക്കപ്പെടുന്ന അത്രത്തോളം എന്‍റെ സിനിമകളിന്ന് വിമർശിക്കപ്പെടാത്തതും അതുകൊണ്ടായിരിക്കാം.
കമലിന്‍റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം 2019ൽ ഇറങ്ങി വിനായകൻ നായകനായ 'പ്രണയമീനുകളുടെ കടൽ' ആണ് . പിന്നീട് മൂന്ന് വർഷങ്ങൾ കടന്നുപോയി. ഇത്രയും വലിയ ഇടവേളക്ക് പിന്നിലെന്താണ്. സിനിമയിൽ നിന്നുള്ള ബ്രേക്ക് ആയിട്ടാണോ റിട്ടയർമെന്‍റായിട്ടാണോ ഇതിനെ കാണേണ്ടത്?
റിട്ടയർമെന്‍റ് ഒരിക്കലും ഇല്ല. റിട്ടയർമെന്‍റിനെക്കുറിച്ച് ആലോചിക്കാൻ പോലും പറ്റില്ല. ബ്രേക്ക് എടുത്തെന്നും പറയാൻ പറ്റില്ല. രണ്ട് കാരണങ്ങളാണുള്ളത്,'പ്രണയ മീനുകളുടെ കടൽ' സാമ്പത്തികമായി വിജയമായിരുന്നില്ല എന്നത് സത്യമാണ്. ആ സമയത്ത് ഞാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്നു. അതിന്‍റെ തിരക്കുകളുണ്ടായിരുന്നു. അതിന് മുൻപ് ചെയ്ത സിനിമ 'ആമി' ആയിരുന്നു. ആ സമയത്തും ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട തിരക്കുകളുണ്ടായിരുന്നു. ഫിലിം ഫെസ്റ്റിവൽ നടത്തുന്നത് മാത്രമല്ല ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ. ഞാൻ ചെയർമാനായിരുന്ന കാലത്ത് അക്കാദമിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഉത്തരവാദിത്തത്തോട് കൂടി ആ സ്ഥാനം ഏറ്റെടുത്ത് കുറെ സമയം അതിനായി ചെലവഴിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഞാൻ ചെയർമാനായിരിക്കുന്ന സമയത്ത് അക്കാദമിക്ക് സ്വന്തമായി ഒരു കെട്ടിടം പോലും ഉണ്ടായിരുന്നില്ല. പിന്നീട് ഞങ്ങൾ കെട്ടിടം പണിതു. ഒരുപാട് അക്കാദമിക്ക് പ്രവർത്തനങ്ങൾ നടന്ന സമയമായിരുന്നു അത്. ആ തിരക്കിനിടക്ക് സിനിമയിൽ ഒരു ഇടവേളയെടുക്കേണ്ടി വന്നു. അപ്പോഴേക്കും കോവിഡ് വന്നു സിനിമ നിശ്ചലമായിക്കഴിഞ്ഞു. അതോടെ മടി കാരണം ഞാൻ പിൻവലിഞ്ഞു. സിനിമ മൊത്തത്തിൽ മാറിക്കഴിഞ്ഞിരുന്നു. ആ സമയത്ത് പരിചയമില്ലാത്ത സ്ഥലത്തു ഒരു കുട്ടി വന്നു നിന്നത് പോലെ സിനിമയെ നോക്കി ഞാൻ പകച്ചു നിൽക്കുകയായിരുന്നു. പുതിയ തലമുറ എത്ര എളുപ്പത്തിലാണ് ഇത്ര മനോഹരമായി സിനിമ ചെയ്യുന്നതെന്ന് നോക്കി നിന്ന ഗ്യാപ് ആണ് വന്നത്. ഇപ്പൊ അതിൽ നിന്നും മാറി പുതിയ സിനിമകൾ ചെയ്യാൻ പോവുകയാണ്.
കോളജ് മാഗസിനിൽ എഴുതിയ കഥ തിരക്കഥയാക്കി ആണല്ലോ ആദ്യ സിനിമ സംഭവിക്കുന്നത്. 'ത്രാസം'(1979) എന്ന ആദ്യ സിനിമ ബെർഗ്മാൻറെ സെവൻത് സീലിൽ പ്രചോദനമുൾകൊണ്ടാണെന്നും കേട്ടിട്ടുണ്ട്. ആ ഒരു ഓർമ്മകൾ പറയാമോ?
എൻറെ കുട്ടിക്കാലത്തു ഞാൻ കണ്ടിരുന്ന ഒരാളുടെ കഥയാണ് 'ത്രാസം'. ആ കഥ എഴുതുമ്പോൾ ബെർഗ്മാനെകുറിച്ചോ സെവൻത് സീലിനെക്കുറിച്ചോ എനിക്കറിയില്ലായിരുന്നു. പിന്നീട് 'സെവൻത് സീലിൽ' നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആ കഥ സിനിമ ആവുകയായിരുന്നു. ഒന്നും അറിയാതെയാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ എനിക്ക് വലിയ ആത്മവിശ്വാസം ആയിരുന്നു. ആ സിനിമയുടെ സംവിധായകനും നിർമാതാവും എന്‍റെ അമ്മാവനായിരുന്നു. അദ്ദേഹത്തിനും സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അതി സാഹസം ആയിരുന്നു ആദ്യ സിനിമ. തിരക്കഥയെഴുതാനൊന്നും എനിക്കറിയില്ലായിരുന്നു. അവസാനം ഞങ്ങൾ രണ്ടാളും കൂടി തിരക്കഥ എഴുതി, സംഭാഷണം എന്‍റെ പേരു വെക്കാൻ അമ്മാവൻ പറഞ്ഞു, അങ്ങനെ ഞാൻ പേര് വെച്ചു. ആ സിനിമയുടെ അസിസ്റ്റന്‍റ് ഡയറക്ടർ ഞാനായിരുന്നു. 21 വയസുള്ള എനിക്കന്ന് ക്ലാപ്പ് അടിക്കാൻ പോലും അറിയില്ലായിരുന്നു. ഒരു ധൈര്യത്തിന്‍റെ പുറത്തു ഇറങ്ങുകയായിരുന്നു. അന്നത്തെ പാരലൽ സിനിമയിലെ സ്ഥിരം അഭിനേതാക്കളായ നിലമ്പൂർ ആയിഷ, ബാലൻ കെ നായർ എന്നിവരായിരുന്നു ആ സിനിമയിൽ അഭിനയിച്ചത്. അവരുടെയൊക്കെ പിന്തുണകൊണ്ടാണ് ആ സിനിമ സംഭവിക്കുന്നത്.
ആദ്യ സംവിധാന സിനിമയായി 'ആരോരുമറിയാതെ' എന്ന സിനിമയാണ് മനസ്സിലുണ്ടായിരുന്നതെന്നും പിന്നീട് അത് സേതുവിന്‍റെ സംവിധാനത്തിൽ സിനിമയായതായും പറഞ്ഞുകേട്ടിട്ടുണ്ട്. അതെങ്ങനെയാണ് സംഭവിക്കാതെ പോയത്?
ആ സിനിമ നടക്കാതെ പോയ സമയത്ത് ഞാൻ കരഞ്ഞു പോയിരുന്നു. സേതുമാധവന്‍റെയും ഭരതന്‍റെയും കൂടെ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് 'ആരോരുമറിയാതെ' എന്ന കഥ ഞാൻ ജോൺപോളിനോട് പറയുന്നത്. അങ്ങനെ ആ കഥ തിരക്കഥയാക്കാൻ ഞങ്ങൾ തീരുമാനിച്ചു. എറണാകുളത്തുകാരനായ ഞങ്ങളുടെ ഒരു സുഹ്യത്ത് നിർമാതാവാകാൻ സമ്മതിച്ചു. പ്രേം നസീറിനെയാണ് നായകനായി അന്ന് കണ്ടിരുന്നത്. കൊടിയേറ്റം ഗോപിയും തിലകനുമായിരുന്നു മറ്റു പ്രധാന വേഷങ്ങളിലേക്ക് നിശ്ചയിച്ചിരുന്നത്. മമ്മൂട്ടിയെയും നെടുമുടി വേണുവിനേയും മറ്റു രണ്ട് കഥാപാത്രങ്ങളായും ഉറപ്പിച്ചിരുന്നു. പൂർണിമ ജയറാം ആയിരുന്നു നായിക. ഞാൻ എല്ലാവരോടും കഥ പറയുകയും എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്തു. പ്രേം നസീറിന് അഡ്വാൻസ് കൊടുക്കാൻ മദ്രാസിലേക്ക് പുറപ്പെടാനായി നിർമാതാവിനെ കാത്ത് ഞാൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾ നിർമാതാക്കൾക്ക് പകരം ഞങ്ങളുടെ ഒരു പൊതു സുഹൃത്ത് എന്നെ കാണാനായി വന്നു. എന്നിട്ട് നിർമാതാവ് വരില്ല, അയാളുടെ അച്ഛൻ പൈസ കൊടുക്കാൻ തയാറാകുന്നില്ല അതുകൊണ്ട് സിനിമ നടക്കില്ലെന്ന് പറഞ്ഞു. അങ്ങനെ നിർമാതാവ് പിന്മാറി. ആ സമയം കൊണ്ട് മദ്രാസിലേക്കുള്ള ട്രെയിനും എന്നെ കടന്ന് പോയിരുന്നു.
അന്ന് ആ റെയിൽവേ സ്റ്റേഷന്‍റെ സിമന്‍റ് ബെഞ്ചിലിരുന്ന് ഞാൻ കുറേ കരഞ്ഞു. തിരിച്ചു വീട്ടിലെത്തി ജോൺ പോളിനെ വിളിച്ച് വിവരം പറയുകയും ജോൺ പോൾ പ്രേം നസീറിനെ അറിയിക്കുകയുമായിരുന്നു. പിന്നീട് ചെയ്യാമെന്ന് പ്രേം നസീർ പറഞ്ഞിരുന്നെങ്കിലും എന്തു കൊണ്ടോ ആ സിനിമ പിന്നെ നടന്നില്ല. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ജോൺ പോൾ എന്നെ വിളിച്ച് മദ്രാസിലേക്ക് വരാൻ പറയുന്നത്. ഞാൻ അവിടെയെത്തിയപ്പോൾ എന്നെയും കൂട്ടി സേതുമാധവൻ സാറിന്‍റെ വീട്ടിലേക്ക് പോയി. സാറിനോട് ജോൺ പോൾ ഈ കഥ പറഞ്ഞിരുന്നു. സാറിന് ഈ കഥ വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്തു. അവിടെ വെച്ച് സാർ എന്നോട് ഈ കഥ എനിക്ക് തരാമോ എന്ന് അഭ്യർത്ഥിച്ചു. മധുവിനെയും സുഹാസിനിയേയും വെച്ച് മറ്റൊരു സിനിമയായിരുന്നു അദ്ദേഹം ആലോചിച്ചിരുന്നത്, പക്ഷെ ആ കഥ അവർക്ക് വർക്കൗട്ടായില്ല. രണ്ടാഴ്ചക്കുള്ളിൽ ഷൂട്ട് ചെയ്യുകയും വേണമായിരുന്നു. എന്‍റെ കഥയാണെങ്കിൽ പൂർണ രൂപത്തിലായിരുന്നു.
കഥ ചോദിച്ചപ്പോൾ എന്‍റെ ഗുരുനാഥനായത് കൊണ്ട് തന്നെ എനിക്ക് നോ പറയാൻ കഴിഞ്ഞില്ല. അങ്ങനെ ഞാൻ ആദ്യം സംവിധാനം ചെയ്യേണ്ട സിനിമ സേതുമാധവൻ സംവിധാനം ചെയ്യുകയും പ്രേം നസീറിന് പകരം മധു ആ ചിത്രത്തിലെ നായകനാകുകയും ചെയ്തു. തിലകന് പകരം കരമന ജനാർദനായിരുന്നു അഭിനയിച്ചത്. മമ്മൂട്ടിയും നെടുമുടി വേണുവും ശങ്കറുമൊക്കെ ഞാൻ കാസ്റ്റ് ചെയ്ത അതേ കഥാപാത്രങ്ങളെയാണ് ചെയ്തിരുന്നത്. പൂർണിമ ജയറാമിനു പകരം സുഹാസിനി ആയിരുന്നു നായിക. അന്ന് ഞാൻ ആ സിനിമ ചെയ്തിരുന്നെങ്കിൽ പ്രേം നസീറിനെ നായകനാക്കി ഒരു ഹിറ്റ് സിനിമയുടെ സംവിധായകനായി മലയാള സിനിമയിലേക്ക് എനിക്ക് കടന്നുവരാമായിരുന്നു. അങ്ങനെ പലതും എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്, അതിൽ നിരാശയുമുണ്ട്. അതിന് ശേഷം ജോൺ പോൾ തന്നെ 'മിഴിനീർ പൂക്കൾ' എന്ന എന്‍റെ ആദ്യ സിനിമക്ക് നിർമാതാവിനെ കണ്ടെത്തി തന്നു. ആ സിനിമ ഒരു വിജയമായിരുന്നില്ലെങ്കിൽ കൂടിയും ഒരു പുതുമുഖ സംവിധായകൻ എന്ന നിലക്ക് സിനിമാ മേഖലയിൽ എനിക്ക് നല്ല പേരുണ്ടാക്കി തന്ന സിനിമയായിരുന്നു അത്. ആ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് മോഹൻലാൽ നിർമാണം നിർവ്വഹിച്ച സിനിമയാണ് ഞാൻ രണ്ടാമത് ചെയ്ത 'ഉണ്ണികളെ ഒരു കഥ പറയാം'. അത് മോഹൻലാൽ എനിക്ക് ഓഫർ ചെയ്ത സിനിമയായിരുന്നു.
പാരലൽ സിനിമയുടെ ഭാഗമായി സിനിമാ കരിയർ തുടങ്ങിയത് തിരിച്ചടിയായി തോന്നിയിരുന്നോ?
അത്തരം ചിന്തകളൊന്നും എനിക്ക് ഉണ്ടായിട്ടില്ല. അക്കാലത്തും കച്ചവട സിനിമകൾ ചെയ്യുമ്പോഴായിരുന്നു എനിക്ക് ടെൻഷൻ. 100 ദിവസം ഓടിയ ഹിറ്റ് സിനിമയായിരുന്നു 'നിറം'. അപ്പോഴും എനിക്ക് ടെൻഷൻ ആയിരുന്നു. കാരണം മനസ് കൊണ്ട് ഒരിക്കലും എന്‍റെ മികച്ച സിനിമ എന്ന് പറയാൻ കഴിയുന്നൊരു സിനിമയല്ല 'നിറം'. അത്തരം സിനിമകളല്ല ഞാൻ ചെയ്യേണ്ടതെന്ന് എനിക്ക് തോന്നിയപ്പോഴാണ് 'മധുരനൊമ്പരക്കാറ്റ്' എന്ന സിനിമ ഞാൻ ചെയ്യുന്നത്. ആ സിനിമ ഓടിയില്ലെങ്കിലും അവാർഡൊക്കെ കിട്ടിയിരുന്നു. ഓരോ സിനിമ ഹിറ്റ് ആവുമ്പോഴും എനിക്ക് ഇങ്ങനെ തോന്നാറുണ്ട്. ഇത്തരം കൊമേഷ്യൽ സിനിമകളല്ല ഞാൻ ചെയ്യേണ്ടതെന്ന തോന്നലിൽ നിന്നാണ് 'നമ്മൾ' ഹിറ്റായതിന് ശേഷം 'പെരുമഴക്കാലം' സംവിധാനം ചെയ്യുന്നത്. ആ തോന്നലുകൾ കാരണം ഓടാത്ത കുറേ സിനിമകളും ഞാൻ സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷേ അതൊന്നും മോശം സിനിമകളായിരുന്നില്ല. എന്‍റെ സിനിമ കണ്ട് കഴിയുമ്പോൾ അത് ഓക്കെയാണെന്ന് എനിക്ക് തോന്നിയാൽ മതി, മറ്റുള്ളവരത് മോശമാണെന്ന് പറഞ്ഞാലും ഞാനത് മൈൻഡ് ആക്കാറില്ല. പക്ഷേ സിനിമ ഓടിയില്ലെങ്കിൽ വിഷമം തോന്നാറുണ്ട്. ഒരു പടം ഓടുകയെന്ന് പറഞ്ഞാൽ എന്തോ മോശം ആയിട്ടാണ് തോന്നാറ്. പക്ഷേ ഇപ്പോൾ ഒരു പടം ഓടിയില്ലെങ്കിൽ സിനിമ നിർത്തി വീട്ടിൽ ഇരിക്കേണ്ടി വരും.
ഭരതൻ, പത്മരാജൻ, ജോൺ എബ്രഹാം, പി.എൻ മേനോൻ ഇവരൊക്കെയൊന്നിച്ചുള്ള സിനിമാ അനുഭവങ്ങൾ എങ്ങനെ ഓർത്തെടുക്കും?
ഒറ്റ വാക്കിൽ പറഞ്ഞ് വെക്കാൻ പറ്റാത്ത ബന്ധമാണതൊക്കെ. പി.എൻ മേനോൻ സിനിമയുടെ പരമോന്നത പദവിയിലിരിക്കുമ്പോഴാണ് ഞാൻ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത്. ഒരു ആർട്ടിസ്റ്റിനെ മേക്കപ്പ് ചെയ്യാൻ പോലും അദ്ദേഹം സമ്മതിക്കില്ല. നല്ലൊരു വസ്ത്രം പോലും ആർട്ടിസ്റ്റിന് കൊടുക്കില്ലായിരുന്നു, പുള്ളിയുടെ കഥയും സിനിമയുമൊക്കെ അങ്ങനെ ആയിരുന്നു. സെറ്റിലൊന്നും യാതൊരു ആർഭാടവും അനുവദിച്ചു കൊടുക്കില്ലായിരുന്നു. കാമറ എടുത്ത് രാവിലെ ഇറങ്ങും, ലൈറ്റ് പോലും ഇല്ലാതെ ഷൂട്ട് ചെയ്യും. അദ്ദേഹത്തിന്‍റെ 'കടമ്പ' എന്ന സിനിമയിൽ കഥയും സംഭാഷണവുമൊക്കെ ഞാനായിരുന്നു. ആ സിനിമയിലെ പാട്ടാണ് 'അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്...', അത്തരം സിനിമകളൊക്കെ ചെയ്യുന്നവരുടെയൊപ്പമുള്ള അനുഭവങ്ങൾ എന്‍റെ കൂടെയുണ്ടായിരുന്നു, അത് വലിയൊരു കാര്യമാണ്. അതുപോലെ ജോണും ഞാനും നല്ല കൂട്ടുകാരായിരുന്നു. എന്‍റെ അമ്മാവന്‍റെയും കൂട്ടുകാരനായിരുന്നു ജോൺ. ഇപ്പോഴത്തെ തലമുറയുടെ അനാർക്കിയൊന്നും ഒന്നുമല്ല, ഇന്നത്തെ പിള്ളേരൊക്കെ മയക്കുമരുന്നാണെന്നൊക്കെ പറയുമ്പോൾ എനിക്ക് ചിരിയാണ് വരിക. ഇതിലും വലിയ കൊമ്പൻമാരുടെ കൂടെയാണ് നമ്മളക്കാലത്ത് ജീവിച്ചിരുന്നത്. അന്നിതൊന്നും പുറത്ത് അറിയില്ലായിരുന്നു, അതുകൊണ്ട് അന്നത്തെ സംവിധായകർ എങ്ങനെയായിരുന്നു ജീവിച്ചതെന്ന് ആർക്കും അറിയില്ല.
ആദ്യ സിനിമ 'ത്രാസ'ത്തിന്‍റെ പ്രിന്‍റ് പലയിടത്തും അന്വേഷിച്ചിട്ടും കിട്ടാനില്ലെന്ന് പറഞ്ഞിരുന്നല്ലോ. വിഗതകുമാരന്‍റെ കഥ ഒക്കെ സിനിമയാക്കാൻ(സെല്ലുലോയ്ഡ്) തീരുമാനിക്കുന്നത് ആ അനുഭവം മുന്നിലുള്ളത് കൊണ്ടാണോ?
തീർച്ചയായും അത് തന്നെയാണ് കാരണം. ത്രാസത്തിന്‍റെ പ്രിന്‍റോ നെഗറ്റിവോ ഇന്നില്ല. നെഗറ്റിവ് കത്തി പോയി. അതുകൊണ്ടു തന്നെ ആ സിനിമ കാണാനും ഒരു നിവൃത്തിയുമില്ല. അങ്ങനൊരു അവസ്ഥയിലാണ് ഞാൻ ജെ.സി ഡാനിയേലിനെക്കുറിച്ച് വായിച്ചറിയുന്നത്. എന്‍റെ മനസിലേക്ക് അപ്പോൾ വന്നത് ത്രാസമാണ്. അതുകൊണ്ടു തന്നെ അത് സിനിമയാക്കണമെന്ന് എനിക്ക് തോന്നി. പി.കെ റോസിയും അവരുടെ സിനിമയിലേക്കുള്ള വരവും അതിന്‍റെ രാഷ്ട്രീയവും എന്നെ വല്ലാതെ ആകർഷിച്ചു. അതാണ് സെല്ലുലോയിഡ് എന്ന സിനിമ ഉണ്ടാകാനുള്ള കാരണം. എന്‍റെ ഒരു നൊസ്റ്റാൾജിക്ക് ഫീൽ കൂടിയാണ് ആ സിനിമ. 'വിഗതകുമാരൻറെ'യും പ്രിന്‍റൊന്നും കിട്ടാനില്ല, ഇതുപോലെ കത്തി പോവുകയായിരുന്നു.
(തുടരും)