കൊവിഡിന്റെ പേരിൽ ഭരണകൂടങ്ങൾ സാധാരണക്കാരോട് ചെയ്തത് അക്രമവും അനീതിയും | ഹർഷദ് അഭിമുഖം
കൊവിഡിന്റെ പേരിൽ ഭരണകൂടങ്ങൾ സാധാരണക്കാരോട് ചെയ്തത് അക്രമവും അനീതിയുമാണ്. ഭരണകൂടത്തെ സംരക്ഷിച്ച് നിർത്താനുളള ബാധ്യത ജനങ്ങൾക്കില്ല. ഭരണകൂടത്തിന് ജനങ്ങളോടാണ് ബാധ്യതയുള്ളത്. കഠിനകഠോരമീ അണ്ഡകടാഹമെന്ന സിനിമ മുൻനിർത്തി തിരക്കഥാകൃത്ത് ഹർഷദുമായി നടത്തിയ അഭിമുഖം വായിക്കാം.
? കരയിപ്പിക്കുന്ന സിനിമ എന്നായിരിക്കും കഠിന കഠോരമീ അണ്ഡകടാഹത്തെ കുറിച്ച് പ്രേക്ഷകരും നിരൂപകരും ഏറ്റവും കൂടുതൽ പറയുക എന്ന് തന്നെയാണോ കരുതിയിരുന്നത്?
അതെ. കാരണം മുമ്പ് ആരോടൊക്കെ ഈ സിനിമയുടെ കഥ പറഞ്ഞോ അവരുടെയെല്ലാം കണ്ണ് നനയുന്നത് ഞാൻ ലൈവായി കണ്ടിട്ടുണ്ട്. പടം ഇറങ്ങിക്കഴിഞ്ഞാലും ആളുകൾ കരയുമെന്ന വിശ്വാസമുണ്ടായിരുന്നു.
? ഉണ്ട, പുഴു എന്നീ രണ്ടക്ഷര പേരുകൾക്ക് ശേഷം മൂന്നാമത്തെ ചിത്രത്തിന് കഠിന കഠോരമീ അണ്ഡകടാഹം എന്ന വലിയ പേരാണ് നൽകുന്നത്. രണ്ടക്ഷര പേരൊന്ന് മാറ്റിപ്പിടിക്കാമെന്ന നിർദേശം വെച്ചത് താനാണെന്ന് സംവിധായകൻ മുഹാഷിൻ മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അങ്ങനെ തന്നെയാണോ സംഭവിച്ചത്? അതോ സ്വയം ട്രാക്ക് മാറ്റിയതാണോ?
സിനിമ ഇറങ്ങിയതുകൊണ്ട് ഇനി അതേക്കുറിച്ച് പറയാം. ഹെഡ്ഡിങ് ഇടാതെ എഴുതി തുടങ്ങാൻ എനിക്ക് വലിയ പ്രയാസമാണ്. സിനിമക്ക് പേരിട്ടിട്ടേ ആദ്യത്തെ സീനിന്റെ ആദ്യത്തെ വരി പോലും എഴുതി തുടങ്ങാൻ കഴിയൂ. ഞാനെഴുതിയ നാല് സിനിമയേ ആകെ പുറത്തു വന്നിട്ടുള്ളുവെങ്കിലും ഞാനെഴുതി വെച്ച ഒരുപാട് തിരക്കഥകൾ ലാപ്ടോപ്പിലുണ്ട്, അതിനെല്ലാം തലക്കെട്ടുണ്ട്. ഈ ചിത്രത്തിനും ഞാൻ ആദ്യം ഇട്ടത് രണ്ടക്ഷരമുള്ള പേരാണ്. പേര് വരുമ്പോഴേ എനിക്ക് എഴുത്ത് വരൂ. ആദ്യമിട്ട പേര് തന്നെയാണ് ആദ്യത്തെയും രണ്ടാമത്തെയും പ്രൊഡക്ഷൻ ടീമിനോടും അഭിനേതാക്കളോടുമെല്ലാം സംസാരിക്കുമ്പോൾ വെച്ചിരുന്നത്. എല്ലാവർക്കും അത് ഓക്കെയായിരുന്നു. ആ പേര് എന്താണെന്ന് ഈ കഥ പറഞ്ഞുകഴിഞ്ഞ് അവസാനം പറയാം.
പിന്നീട് ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് ചിത്രത്തിന്റെ പേര് മാറ്റുന്നത്. ഞാനൊരു രണ്ടക്ഷരത്തിന്റെ ആളായതുകൊണ്ടല്ല ആ മാറ്റമുണ്ടായത്. ആ പേര് വന്ന് കഴിഞ്ഞാൽ ഈ സിനിമ എന്താണെന്ന് തുടക്കത്തിലേ പറയുന്നത് പോലെയാകും. അതിൽ മാറ്റം വരുത്തണമായിരുന്നു. ഈ സിനിമയുടെ സ്വഭാവം കൂടി പരിഗണിക്കുമ്പോൾ പ്രത്യേകിച്ചും.
ഏറെ നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഇങ്ങിനെ കരച്ചിൽ ഉൽപാദിപ്പിക്കുന്ന തരത്തിൽ ഒരു സിനിമ വരുന്നത്. രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സിനിമകൾ കാണാനാണ് ഇന്നുള്ളവർക്ക് ഇഷ്ടമെന്ന് പലരും പറയുന്നുമുണ്ട്. ഈ ചിന്തകളെല്ലാം ചേർന്ന് ഈ സിനിമ ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയും കൺഫ്യൂഷനുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു സ്ട്രാറ്റജി വേണമായിരുന്നു. പ്രൊഡക്ഷൻ വശത്ത് നിന്ന് നോക്കുമ്പോൾ വളരെ ന്യായമായ ആവശ്യമാണതെന്ന് എനിക്കും തോന്നി. അങ്ങനെയാണ് ബേസിലിന്റെ രസിപ്പിക്കുന്ന സിനിമ എന്ന നിലയിൽ ആദ്യ സൂചനകൾ നൽകിയ ശേഷം പിന്നീട് പ്രേക്ഷകർക്ക് സർപ്രൈസ് നൽകാമെന്ന് തീരുമാനിക്കുന്നത്. ഈ തീരുമാനത്തിന്റെ പുറത്താണ് സിനിമയുടെ കഥയും പ്രമേയവും എക്സ്പോസ് ചെയ്യുന്ന ആ പേര് വേണ്ടെന്ന് വെക്കുന്നത്.
അങ്ങനെ മറ്റൊരു പേരിനായി ആലോചനകൾ തുടങ്ങി. എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഫിലിം മേക്കറാണ് ലൂയി എസ്ട്രാഡ. അദ്ദേഹത്തിന്റെ ഏറ്റവും ഗംഭീരമായ ഒരു സിനിമയുണ്ട്, എ വണ്ടർഫുൾ വേൾഡ്. ആ സിനിമക്ക് വളരെ സർക്കാസ്റ്റിക്കലി ഉപയോഗിച്ച പേരാണത്. മെക്സിക്കോയെ ദാരിദ്രനിർമാർജന രാജ്യമായി പ്രഖ്യാപിക്കുന്ന ഒരു ദിവസത്തെ കഥയാണത്. ആ ദിവസം ഐ.എം.എഫിന്റെയോ മറ്റോ ആസ്ഥാനത്ത് ഒരു പാവപ്പെട്ടൻ ആത്മഹത്യക്ക് ശ്രമിക്കുന്നു എന്നതാണ് ചിത്രത്തിന്റെ കഥാപരിസരം. ആ വണ്ടർഫുൾ വേൾഡിനെ എങ്ങനെ മലയാളീകരിച്ച് നമ്മുടെ സിനിമയുടെ പേരിനായി ഉപയോഗിക്കാമെന്ന് ആലോചിക്കാൻ തുടങ്ങി. ഞാൻ ബഷീറിനെ വീണ്ടും വായിക്കാൻ തുടങ്ങിയ സമയം കൂടിയായിരുന്നു അത്. അങ്ങനെ ഞാൻ മുഹാഷിന് ചില പേരുകൾ സജസ്റ്റ് ചെയ്തു. കഠിന കഠോരമീ അണ്ഡകടാഹം എന്നതാണ് ഏറ്റവും അനുയോജ്യമായ പേരായി തോന്നുന്നതെന്നും പറഞ്ഞു. ഇറ്റ്സ് എ ബിറ്റർഫുൾ വേൾഡ്, ഇതൊരു തല്ലിപ്പൊളി ലോകമാണ് എന്നെല്ലാമാണ് അതിന്റെ അർത്ഥം വരുന്നത്.
ഇനി ആദ്യം തീരുമാനിച്ച പേര് പറയാം, ബാപ്പ എന്നതായിരുന്നു ആ പേര് !
? പ്രവാസികൾ അവരുടെ കുടുംബക്കാരുടെയും ബന്ധുക്കളുടെയും ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്നത് ഫോൺവിളികളിലൂടെയും കത്തുകളിലൂടെയും ഗൾഫിൽ നിന്നും കൊണ്ടുവരുന്ന വസ്തുക്കളിലൂടെയുമാണ്. ബച്ചുവിന്റെ ബാപ്പയായ കമറുവിലൂടെ കേരളത്തിലെ ഈ പ്രവാസി ജീവിതത്തെ അതീവ ശ്രദ്ധയോടെയാണ് കഠിന കഠോരത്തിൽ ഒരുക്കിയിരിക്കുന്നത്. ബാപ്പയുടെ മുഖം ഒരിക്കൽ പോലും കാണിക്കാതിരുന്നത് അതിന്റെ പൂർണതയായാണ് തോന്നിയത്. മുഖം കാണിക്കേണ്ട എന്ന തീരുമാനം തിരക്കഥാ രചന തുടങ്ങിയപ്പോൾ തന്നെ എടുത്തിരുന്നോ?
ആദ്യ ഡ്രാഫ്റ്റ് മുതലേ ബാപ്പയെ കാണിക്കേണ്ട എന്ന തീരുമാനമുണ്ടായിരുന്നു. ഈ ചിത്രത്തിൽ അധികമൊന്നും പറയാനില്ലാത്തതായിരുന്നു തിരക്കഥാ രചനയിൽ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. അതുകൊണ്ട് തന്നെ വൈകാരികമായോ, സംഭവങ്ങളിലൂടെയോ പ്രേക്ഷകരെ പിടിച്ചുനിർത്തുന്ന എന്തെങ്കിലും വേണമായിരുന്നു. ബാപ്പയെ കാണാനാകുമോ, ബാപ്പ വരുമോ എന്നീ ചോദ്യങ്ങൾക്ക് ശേഷം ബാപ്പ മരിച്ചെന്നും വരില്ലെന്നും ഉറപ്പാകുന്നു, ശേഷം മയ്യത്ത് കാണാനാകുമോ എന്ന ചോദ്യമുയരുന്നു. അത് ഈ സിനിമയെ മുന്നോട്ട് നയിക്കുന്ന പ്ലോട്ടാണ്. മയ്യത്ത് കാണണമെന്ന് ഉമ്മ പറയുന്നത് തിരക്കഥയുടെ ആദ്യ ഘട്ടത്തിൽ ഇല്ലായിരുന്നു. പക്ഷെ ഉമ്മയുടെ ആ ഡയലോഗ് ഇല്ലായിരുന്നെങ്കിൽ സിനിമ വല്ലാതെ ഫ്ളാറ്റായി പോകുമായിരുന്നു.
സിനിമയുടെ ആദ്യ പകുതിയിൽ ബച്ചുവിന്റെ ജീവിതത്തിൽ ചില പ്രതിസന്ധികൾ ഉണ്ടാകുന്നുണ്ട്. രണ്ടാം പകുതിയിൽ കൂടുതൽ ആഴത്തിലുള്ള പ്രതിസന്ധികളുണ്ടാകുന്നു. ഒടുവിൽ മയ്യത്തുകൾ നാട്ടിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടുന്നതോടെ സാധാരണ നിലയിൽ സിനിമ അവസാനിക്കേണ്ടതാണ്. എന്നാൽ ഉമ്മയെ മയ്യത്ത് കാണിക്കുക എന്നത് ബച്ചു ജീവിതലക്ഷ്യമായി സ്വീകരിക്കുന്നതോടെ പ്രേക്ഷകരും തങ്ങളും ആ മയ്യത്ത് കാണുമോയെന്ന ആകാംക്ഷയിലാകുന്നു. അവസാനം വരെ ആ സിനിമയെ മുന്നോട്ടുകൊണ്ടുപോകാൻ ബാപ്പയെ കാണിക്കില്ലെന്ന തീരുമാനം സഹായിച്ചുവെന്നാണ് കരുതുന്നത്.
? കൊവിഡ് കാലത്തെ നിയന്ത്രണങ്ങളാണ് കഠിന കഠോരമീ അണ്ഡകടാഹത്തിന്റെ പ്രധാന പശ്ചാത്തലം. ആ നിയന്ത്രണങ്ങൾ സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ ബാധിച്ചതിനെ കുറിച്ചാണല്ലോ സിനിമയിൽ ഉടനീളം സംസാരിക്കുന്നത്. മാസ്‌കും, ക്വാറന്റൈനും, കണ്ടെൻയൻമെന്റ് സോണും ചിത്രത്തിലുണ്ട്. പൊലീസും ഉദ്യോഗസ്ഥരും നിയന്ത്രണങ്ങളുടെ പേരിൽ സാധാരണക്കാരോട് പെരുമാറുന്ന രീതികളെ വിമർശനാത്മകമായാണ് സിനിമ സമീപിക്കുന്നത്. ജനങ്ങൾക്ക് സുരക്ഷയുടെ പ്രാധാന്യം മനസിലാകുന്നില്ലെന്നാണ് ഉദ്യോഗസ്ഥ കഥാപാത്രങ്ങൾ പലപ്പോഴും പറയുന്നത്. എന്നാൽ അതേ ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കിയേ തീരൂവെന്നും പറയുന്നു. കൊവിഡ് നിയന്ത്രണങ്ങളടക്കം അധികാരകേന്ദ്രങ്ങൾ നടപ്പിലാക്കുന്ന പല ചട്ടങ്ങളും ഇത്തരത്തിലാണ് എന്നാണോ താങ്കൾ കരുതുന്നത്? ജനങ്ങൾക്ക് ബോധ്യം വന്നില്ലെങ്കിലും ചട്ടങ്ങൾ നടപ്പിലാക്കിയേ തീരുവെന്നാണോ അധികാരികളുടെ മനോഭാവം?
തീർച്ചയായും. ഇതെല്ലാം അക്രമമാണ്, അതുകൊണ്ട് തന്നെ ഞാൻ ഇവയ്‌ക്കെല്ലാം എതിരാണ്. ഈവൺ എബോള ഈസ് പൊളിറ്റിക്‌സ് എന്നൊരു പ്രയോഗം മുമ്പ് എവിടെയോ വായിച്ചതോർക്കുന്നു. കൊവിഡ് ഒന്നാം തരംഗം കഴിഞ്ഞ് മാസ്‌ക് ധരിച്ച് നമ്മളെല്ലാം പുറത്തിറങ്ങിയ ശേഷം, രണ്ടാം തരംഗമുണ്ടായപ്പോഴാണ് കഠിന കഠോരത്തിന്റെ തിരക്കഥയെഴുതുന്നത്. കൊവിഡ് എന്ന മഹാമാരിയെ മനസിലാക്കാം, ആരോഗ്യപ്രവർത്തകരെ മനസ്സിലാക്കാം, കോവിഡ് വളണ്ടിയേഴ്‌സിനെ മനസ്സിലാക്കാം. പക്ഷെ കോവിഡിന്റെ പേരിൽ ആ നാളുകളിൽ ഭരണകൂടങ്ങൾ സാധാരണക്കാരായ മനുഷ്യരോട് ചെയ്തത് അക്രമവും അനീതിയുമാണ്. ഈ ചിത്രത്തിൽ സ്റ്റേറ്റിസ്റ്റുകളായ ഒരുപാട് പേരെ നിങ്ങൾക്ക് കാണാം.
കഠിന കഠോരത്തിൽ ആവർത്തിക്കുന്ന മറ്റൊരു വാചകമുണ്ട്, 'നിയമങ്ങളൊക്കെ ഉണ്ട്, പക്ഷെ അതൊക്കെ മാറും, ചിലരുടെ കാര്യത്തിൽ' എന്നാണത്. പൊതുവെ ജനങ്ങൾ കരുതുന്ന കാര്യമാണത്. ഭരണകൂടത്തെ സംരക്ഷിച്ചു നിർത്താനുള്ള ബാധ്യത ജനങ്ങൾക്കില്ല, ഭരണകൂടത്തിന് ജനങ്ങളോടാണ് ബാധ്യതയുള്ളത്. ഭരണകൂടം ജനങ്ങളോട് അനുഭാവപൂർവം കാര്യങ്ങൾ ബോധ്യപ്പെടുത്തി വേണം മുന്നോട്ടു പോകാൻ.
ഞാൻ ഈ പടത്തിന് വേണ്ടി റിസർച്ച് ചെയ്യാനായി പോയ സമയത്ത് ഒരുപാട് മനുഷ്യരെ കണ്ടു. കൊവിഡ് ബാധിച്ച് മരിച്ചവരെ മറമാടിയ ഒരാൾ എന്നോട് ചില കാര്യങ്ങൾ പറഞ്ഞു. പിഞ്ചുകുഞ്ഞിനെ ചിതയിൽ വെക്കാൻ തന്റെ കയ്യിൽ തന്ന്, കുഞ്ഞിനെ ഒന്ന് കാണാനാകാതെ മാറിനിൽക്കേണ്ടി വന്ന മാതാപിതാക്കളെ കുറിച്ച് അദ്ദേഹം പറഞ്ഞു. ഒന്നോ രണ്ടോ മാസം മുമ്പ് നടന്ന ഇത്തരം സംഭവങ്ങളെ കുറിച്ച് പറയുമ്പോൾ, കടപ്പുറത്ത് മാസ്‌ക്കൊന്നുമില്ലാതെ ചായയും കുടിച്ച് ഇരിക്കുകയായിരുന്നു ഞങ്ങൾ. തിരിഞ്ഞുനോക്കുമ്പോൾ എന്ത് തോന്നുന്നുവെന്ന് ചോദിച്ചപ്പോൾ എനിക്കറിയില്ല ഭായ്, എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ശവശരീരത്തിൽ നിന്നാണ് കൊറോണ കൂടുതൽ പകരുക എന്ന പ്രചാരണം അന്നുണ്ടായി. ഗൾഫുകാരെ മുഴുവൻ വളരെ നീചമായി ചിത്രീകരിച്ചു. ആളുകളെ ഓടിച്ചുപിടിക്കുന്നത് കണ്ടു. ഈ സമയത്ത് തന്നെ ഒരു നിയന്ത്രണവും പാലിക്കേണ്ടാത്ത 'പ്രിയപ്പെട്ടവരെയും' നമ്മൾ കണ്ടു. ജനങ്ങൾക്ക് നിഷേധിക്കപ്പെട്ടതെല്ലാം അവർക്ക് ലഭിച്ചു. അതൊക്കെ കാണുമ്പോൾ ആളുകളിൽ അസ്വസ്ഥതയുണ്ടാകും. അത് പ്രകടിപ്പിക്കാൻ പോലും അന്ന് കഴിയുമായിരുന്നില്ല. പാൻഡമിക് ലോ കൊണ്ടുവന്ന് എന്തിനെയും ഏതിനെയും അതിലുൾപ്പെടുത്തുകയായിരുന്നു.
എന്ന് കരുതി അന്ന് നടന്ന എല്ലാം തെറ്റായിരുന്നു എന്നല്ല പറയുന്നത്. ഞങ്ങളുടെ പടം തുടങ്ങുന്നത് തന്നെ നഴ്സ്മാർക്കും കോവിഡ് വളണ്ടിയേഴ്സിനും നന്ദി പറഞ്ഞുകൊണ്ടാണ്. അവരുടെ പ്രവർത്തനങ്ങളെ നിരാകരിച്ചോ നിസാരവത്കരിച്ചോ അല്ല ഞാൻ സംസാരിക്കുന്നത്. സ്റ്റേറ്റിന്റെ ആറ്റിറ്റിയൂഡിനെ കുറിച്ചാണ് പറഞ്ഞത്.
? പടത്തിന്റെ ടെയിൽ എൻഡിൽ രാഷ്ട്രീയ പാർട്ടികളുടെ കൊട്ടിക്കലാശം കാറിലിരുന്ന് കാണുന്ന ബച്ചുവും മറ്റുള്ളവരുമുണ്ടല്ലോ, അത് ഇപ്പറഞ്ഞതിന് അടിവരയിട്ടതാകുമല്ലേ?
അതെ. ഞാൻ ഇതുവരെ പ്രസംഗിച്ചതാണ് ആ സീനിലുള്ളത്.
? ഈ വിമർശനങ്ങളെല്ലാം നിലനിൽക്കേ തന്നെ കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങൾക്ക് മറ്റൊരു വശം കൂടിയുണ്ടല്ലോ. കൊവിഡ് പോലെ ഒരു മഹാമാരിയെ താരതമ്യേന മെച്ചപ്പെട്ട നിലയിൽ നേരിട്ടെന്ന ബഹുമതി ലഭിച്ച നാടാണ് കേരളം. ആ കേരളത്തിലെ കൊവിഡ് കാലത്തെ കുറിച്ച് പറയുന്ന ചിത്രത്തിൽ ഭൂരിഭാഗം രംഗങ്ങളിലും നിയന്ത്രണങ്ങളെ വിമർശനാത്മകമായാണ് സമീപിച്ചിരിക്കുന്നത് എന്ന് വിമർശിക്കുന്നവരുണ്ട്. ലോകം മുഴുവൻ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയ സമയം കൂടിയായിരുന്നല്ലോ അത്?
ചിത്രത്തിൽ മാസ്‌ക് ധരിക്കാൻ അസൗകര്യമുള്ളവർ, മറന്നുപോയവർ എന്നിങ്ങനെ ചിലരുണ്ട്. മാസ്‌ക് ഇടാൻ നിർബന്ധിക്കുന്നവരുമുണ്ട്. ബച്ചു പ്രോട്ടോക്കോൾ പാലിച്ച് തന്നെയാണ് ജീവിക്കുന്നത്. സ്റ്റേറ്റിന് എന്ത് ചെയ്യണമെന്ന ധാരണയില്ലാത്തത് പോലെ ബച്ചുവിനും ഇതേ കുറിച്ച് വ്യക്തമായി അറിയില്ല. കൊവിഡ് ഉടൻ തന്നെ ഇല്ലാതാകുമെന്ന് ആദ്യം പറയുന്ന ബച്ചു പിന്നീട് ലോകം മുഴുവൻ ഇനി മാസ്‌കിലായിരിക്കും ചലിക്കുക എന്നും പറയുന്നു. ഇങ്ങനെയായിരുന്നു അന്ന് എല്ലാവരും പറഞ്ഞത്. ഈ ധാരണയില്ലായ്മയെ കുറിച്ച് ഏതെങ്കിലും നാട്ടിലെ സർക്കാർ പിന്നീട് തുറന്നു സമ്മതിച്ചിട്ടുണ്ടോ, ഇവരുടെ പിടിപ്പുകേട് കൊണ്ട് ജനങ്ങൾ അനുഭവിച്ച ദുരിതത്തിന് മാപ്പ് പറഞ്ഞിട്ടുണ്ടോ. അറിവില്ലായ്മയാണെന്ന് അവർ സമ്മതിക്കാത്തിടത്തോളം കാലം നമ്മൾ എന്തിനാണ് അവർക്ക് ആ ആനുകൂല്യം നൽകുന്നത്.
കൊവിഡ് മഹാമാരി ഇല്ല എന്നല്ല ഞാൻ സിനിമയിൽ പറയുന്നത്. 'ഖബർസ്ഥാൻ തൊട്ടടുത്താണ്, അവിടെ വെച്ച് നിങ്ങൾ പൊളിക്കും. പിന്നെ അവിടെ വെച്ച് തുറന്നാലും ഇവിടെ വെച്ച് തുറന്നാലും എന്താണ് വ്യത്യാസം' എന്ന് ഒരു കഥാപാത്രം ചോദിക്കുന്നുണ്ട്. ഇത്തരം എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമേ അന്ന് ഉണ്ടായിരുന്നുള്ളു, 'പ്രോട്ടോക്കോൾ'. ക്വാറന്റൈനിൽ നിൽക്കാനും, പി.പി.ഇ കിറ്റ് ധരിച്ചുവരാനും തുടങ്ങി എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ ആ കഥാപാത്രങ്ങൾ തയ്യാറാണ്. ഇത്രയൊക്കെ ചെയ്തിട്ടും മൃതദേഹം കാണിച്ചു തരാൻ എന്താണ് തടസമെന്ന് ഇവർക്ക് മനസിലാകുന്നില്ല. ഇന്നും അന്നും ഇതിനൊന്നും ഉത്തരമില്ല.
സ്റ്റേറ്റിന്റെ നരേഷൻ മാത്രമേ വിശ്വസിക്കാവൂ എന്ന് പറയുന്നതിനെ ജനാധിപത്യം എന്ന് വിളിക്കാനാകില്ലല്ലോ. എ.ഐ കാമറ വന്നതിന് പിന്നാലെ കുട്ടികളുമായി ബൈക്കിൽ സഞ്ചരിക്കാനാകില്ല എന്ന് വന്നില്ലേ. ഇതൊന്നും ചോദ്യം ചെയ്യാൻ പാടില്ല എന്നാണ് ഇപ്പോൾ പറയുന്നത്. സർക്കാരിന്റെ മനുഷ്യത്വവിരുദ്ധ നിയമങ്ങൾക്കെതിരെയുള്ള ജനങ്ങളുടെ ചോദ്യങ്ങൾ ജനപ്രതിനിധികൾ പാർലമെന്റിലും സഭകളിലും ഉന്നയിക്കുകയും തിരുത്തലുകൾ ഉണ്ടാവുകയും ചെയ്യുന്നതല്ലേ ജനാധിപത്യം.
ജനങ്ങളെല്ലാം തങ്ങളെ അനുസരിക്കേണ്ടവരാണ് എന്നാണ് ഭരണകൂടങ്ങളുടെ ധാരണ. എന്നാൽ അങ്ങനെയല്ല എന്നാണ് ഭരണഘടനയിലുള്ളത്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട്, ജനങ്ങൾക്ക് വേണ്ടിയാണല്ലോ ജനാധിപത്യ സർക്കാരുകൾ പ്രവർത്തിക്കുന്നത്. ആ ജനങ്ങൾ ന്യായമായ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവരെ തീവ്രവാദിയും മാവോയിസ്റ്റുമാക്കി മുദ്ര കുത്തുകയാണ്.
വളരെ മാനുഷികമായ ചില ചോദ്യങ്ങൾ കഠിന കഠോരമീ അണ്ഡകടാഹത്തിൽ ചോദിക്കുന്നുണ്ട്. അതിന് അന്നും ഇന്നും ഉത്തരമില്ല. മോദി ഉത്തരേന്ത്യയിൽ ജനങ്ങളെ വിണ്ടുകീറിയ പാദങ്ങളുമായി നടത്തിച്ചതും കൊവിഡിന്റെ പേരിൽ പാനിക് സിറ്റുവേഷൻ ഉണ്ടാക്കിയതും മുതൽ മരണപ്പെട്ട ഉറ്റവരെ കാണാൻ അനുവദിക്കാതിരുന്നതും ഇവിടെ ഗൾഫിൽ നിന്നും വരുന്നവരെ ശത്രുക്കളെ പോലെ ഓടിച്ചതുമെല്ലാം വിമർശിക്കപ്പെടണം.
? ബേസിൽ എന്ന നടന്റെ പെർഫോമൻസിന് വലിയ കയ്യടികളാണ് ഉയരുന്നത്. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി നിരവധി വൈകാരിക തലങ്ങളുള്ള കഥാപാത്രമാണ് ബച്ചു. കരയുകയും ദേഷ്യപ്പെടുകയും കടുത്ത നഷ്ടബോധം അനുഭവിക്കുകയും സ്വാർത്ഥനായി പെരുമാറുകയുമെല്ലാം ചെയ്യുന്ന ബച്ചുവിനെ ബേസിലിനെ ഏൽപിക്കുന്നത് എങ്ങനെയാണ്?
ബേസിൽ വളരെ നല്ല സംവിധായകനാണ്. നല്ല നടനാണ്, മറ്റ് അഭിനേതാക്കളെ വേണ്ട വിധത്തിൽ അഭിനയിപ്പിച്ചെടുക്കുന്നയാളാണ്. അയാൾക്ക് അഭിനയിക്കേണ്ടതിനെ കുറിച്ച് നല്ല ബോധ്യമുണ്ട്. നമ്മുടെ കൂട്ടത്തിലുള്ള ഒരു ചെറുപ്പക്കാരന്റെ ഇമേജാണയാൾക്ക്. അതുകൊണ്ട് തന്നെ ഈ വേഷം അയാളിൽ ഭദ്രമായിരിക്കും എന്നുറപ്പായിരുന്നു. ഞാനും മുഹാഷിനും കൂടി ബേസിലിനോട് കഥ പറഞ്ഞ ഉടൻ തന്നെ അയാൾ ഓക്കെ പറഞ്ഞു. നടന്ന സംഭവമാണോയെന്നായിരുന്നു ആദ്യം ചോദിച്ചത്. ഈ കഥക്ക് ഒരു ഓഡിയൻസുണ്ടെന്നും ബേസിൽ പറഞ്ഞു. പെട്ടെന്ന് തന്നെ ഡേറ്റ് തന്നു. പടം അങ്ങനെ ഒരു മാസത്തിനുള്ളിൽ ഷൂട്ടിലേക്ക് കടന്നു.
? ഒരു മാസത്തിനുള്ളിൽ എന്ന് പറയുമ്പോൾ പ്രീ പ്രൊഡക്ഷൻ വർക്കുകൾക്ക് ആവശ്യത്തിന് സമയം ലഭിച്ചിരുന്നോ ?
കുറേ നാളായി ഈ സിനിമക്ക് പിന്നാലെയായിരുന്നു ഞങ്ങൾ. ഇതിനുള്ളിൽ ലൊക്കേഷനെല്ലാം ഞങ്ങൾ കണ്ടുവെച്ചിരുന്നു. സ്‌ക്രിപ്റ്റ് പല തവണ പൊളിച്ചെഴുതി പൂർത്തിയാക്കി. റെഡി ടു ഷൂട്ട് എന്ന നിലയിലായിരുന്നു ഞാനും മുഹാഷിനും. മുഹാഷിന് ഗംഭീരമായ കുറേ സുഹൃത്തുക്കളുണ്ട്. അവരെല്ലാവരും കൂടി പ്രീ പ്രൊഡക്ഷന്റെ വർക്കുകളെല്ലാം ചെയ്തിരുന്നു. നിർമ്മാതാവിന്റെ പിന്തുണ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു. അതു കൂടി ലഭിച്ചതോടെ എല്ലാം വേഗത്തിൽ മുന്നോട്ടുപോയി.
? ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവും മാവോയിസ്റ്റ് മേഖലകളും ആദിവാസികളും പൊലീസിലെ വ്യവസ്ഥകളുമുള്ള ഉണ്ട, ജാതീയബോധത്തിൽ നിലകൊള്ളുന്നവരുടെ ഭീകരമായ ഉള്ളറകൾ കാണിച്ചു തരുന്ന പുഴു, കൊവിഡ് പശ്ചാത്തലത്തിൽ കടലോരജീവിതവും പ്രവാസലോകവും മുസ്ലിം ജീവിതങ്ങളും കടന്നുവരുന്ന കഠിന കഠോരമീ അണ്ഡകടാഹം. തികച്ചും വ്യത്യസ്തമായ ഈ മൂന്ന് കഥാപരിസരങ്ങളും കഥാപാത്രങ്ങളും വലിയ ഡീറ്റെയ്ലിങ്ങോടെയാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഹർഷദ് എന്ന എഴുത്തുകാരന് ഇത് സാധ്യമാക്കുന്നത് എങ്ങനെയാണ്?
ഈ മൂന്ന് ചിത്രങ്ങളിലും ഞാൻ ഭീതിയെ കുറിച്ചാണ് പറയുന്നത്. ഉണ്ടയിൽ സ്റ്റേറ്റാണ് അതുണ്ടാക്കുന്നത്. പുഴുവിൽ ഒരു സവർണന്റെ ഇൻസെക്യൂരിറ്റിയാണ് പേടിയാകുന്നത്. അവർണൻ നെഞ്ചുവിരിച്ച് സംസാരിച്ചാലും മുസ്ലിം പയ്യൻ കണ്ണിലേക്ക് നോക്കിയാലും അയാൾക്ക് പേടിയാണ്. മൂന്നാമത്തേതിൽ മഹാമാരിയുടെ പേരിൽ സ്റ്റേറ്റ് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച പേടിയാണ്.
ഓരോന്നിനെ പറ്റിയും പഠിച്ച ശേഷമാണ് തിരക്കഥ തയ്യാറാക്കുന്നത്. ഉണ്ടയുടെ തിരക്കഥ തയ്യാറാക്കുന്നതിന് മുന്നോടിയായി ഞാൻ ബസ്തറിൽ പോയിരുന്നു. ബസ്തറിനെ കുറിച്ചും മാവോയിസത്തെ കുറിച്ചും ഞാൻ നേരത്തെ തന്നെ വായിക്കാറുമുണ്ട്. പൊലീസ് ക്യാമ്പുകളിലും പോയിരുന്നു. ഇതെല്ലാം കഥ നടക്കുന്ന പരിസരങ്ങളെ മനസിലാക്കാനാണ്. ഈ ഭൂമിയിൽ കുറച്ചു നാൾ ജീവിച്ചയാളെന്ന നിലയിൽ, ഉണ്ടയിലെ മനുഷ്യബന്ധങ്ങളെ കുറിച്ച് എഴുതാൻ എനിക്ക് റിസർച്ചിന്റെ ആവശ്യമില്ല.
കേരളത്തിലാണ് ഏറ്റവും കൂടുതൽ ജാതീയതയുള്ളതെന്ന് കണ്ണ് തുറന്ന് ജീവിക്കുന്ന ഏതൊരു മനുഷ്യനും അറിയാവുന്നതാണ്, അറിയേണ്ടതാണ്. സാക്ഷരകേരളം, ഉദ്ബുദ്ധ കേരളം, മതേതര കേരളം തുടങ്ങിയ പരസ്യവാചകങ്ങൾ കാണാപ്പാഠമാക്കിയതുകൊണ്ട് ഇവിടെ ജാതിയില്ലെന്നാണ് നമ്മൾ വിശ്വസിക്കുന്നത്. ആ വിശ്വാസം ഒന്ന് മാറ്റിവെച്ചാൽ ആർക്കും മനസിലാക്കുന്ന ലളിതമായ കാര്യങ്ങളേ പുഴുവിൽ പറഞ്ഞിട്ടുള്ളു. ദുരഭിമാന കൊല പോലെ ജാതിയുടെ ക്രൂരമായ അക്രമങ്ങൾ കാണിക്കുന്ന പല ചിത്രങ്ങൾക്കും ഗ്രാമങ്ങളാണ് സാധാരണ പശ്ചാത്തലമാകാറുള്ളത്. എന്നാൽ ഞാൻ പുഴുവിനെ എറണാകുളം നഗരത്തിലാണ് കൊണ്ടുവെച്ചത്.
കഠിന കഠോരത്തിലേക്ക് വന്നാൽ, ഞാനും മുഹാഷിനും തീരദേശത്ത് ജനിച്ചുവളർന്ന കടപ്പുറംകാരാണ്. എന്റെ വീട് വടകര താഴെയങ്ങാടി കടപ്പുറത്താണ്. തീരദേശത്തുള്ളവരുടെ ജീവിതവും അവരുടെ പ്രതികരണങ്ങളും എനിക്കറിയാം. കൊവിഡ് സമയത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചത് തീരദേശത്തുള്ളവരാണ്. സിനിമയിൽ ഒരു കൊവിഡ് ബാധിതനെ ആംബുലൻസിലേക്ക് കൊണ്ടുപോകുന്ന രംഗമുണ്ട്. എന്റെ നാട്ടിൽ ഒരാൾക്ക് രോഗമുണ്ടെന്ന സംശയം വന്നപ്പോൾ, ആംബുലൻസിന്റെ പിൻവാതിലിൽ തൊടാതിരിക്കാൻ ഓടടാ എന്ന് ആക്രോശിച്ച് അയാളെ വണ്ടിയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. തുടക്കത്തിൽ രോഗികളെ ആംബുലൻസിലേക്ക് ചാടിച്ച് കയറ്റുകയായിരുന്നു. നാട്ടുകാർ പ്രതിഷേധിച്ചപ്പോഴാണ് അത് മാറ്റിയത്. നഗരത്തിലെ ആളുകളോട് ഒരിക്കൽ പോലും ഉദ്യോഗസ്ഥർ ഇങ്ങനെ പെരുമാറില്ല. 29 ദിവസമൊക്കെ തുടർച്ചയായി കണ്ടെയ്ൻമെന്റ് സോണാക്കിയ തീരപ്രദേശങ്ങളുണ്ട്. ഇവിടങ്ങളിൽ കാറ്റ് കൂടുതലാണെന്നായിരുന്നു കാരണം പറഞ്ഞിരുന്നത്. ഗൾഫിൽ നിന്നുള്ളവരോട് മറ്റൊരു തരത്തിലായിരുന്നു വിവേചനം.
നിയന്ത്രണങ്ങൾ എല്ലാവർക്കും ഒരുപോലെയായിരുന്നില്ല. ഒരുപോലെയായിരുന്നു എന്ന് പറയുന്നത് വലിയ കളവാണ്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്കും മേലെ തട്ടിലുള്ളവർക്കും നിയന്ത്രണങ്ങൾ നൽകിയ അനുഭവങ്ങൾ വ്യത്യസ്തമായിരുന്നു. മഹാമാരി എല്ലാവർക്കും ഒരുപോലെയായിരുന്നെങ്കിലും അതിന്റേ പേരിൽ സ്റ്റേറ്റ് നടപ്പാക്കിയ ചട്ടങ്ങൾ അങ്ങനെയായിരുന്നില്ല. കൊവിഡ് കാലത്ത് എന്തെല്ലാമാണ് സംഭവിച്ചതെന്ന് മാധ്യമപ്രവർത്തകരായ നിങ്ങൾ അന്വേഷിച്ച് ഡോക്യുമെന്റ് ചെയ്യേണ്ടതാണ്.
? കഠിന കഠോരത്തിൽ ആദ്യം മരണവാർത്ത അവതരിപ്പിക്കുന്നത് ഏറെ സങ്കടത്തോടെയാണ്. എന്നാൽ ശവശരീരം നാട്ടിലെത്തുന്നതും അത് കാണുന്നതും കഥാപാത്രങ്ങളിലും പ്രേക്ഷകരിലും വല്ലാത്തൊരു ആശ്വാസമായി മാറുന്നുണ്ട്, ചെറു പുഞ്ചിരി പോലും അവിടെയുണ്ട്. ശവശരീരമാണ് മരണത്തെ ഏറ്റവും വലിയ യാഥാർത്ഥ്യമാക്കി മാറ്റുന്നത്. ആ ശവശരീരത്തെയാണ് താങ്കൾ ഒരു സന്തോഷമായി അവതരിപ്പിച്ചിരിക്കുന്നത്. അസ്സൻക്ക ചിരിച്ചുകൊണ്ട് കമറു വരുമല്ലേ എന്നാണ് ബച്ചുവിനോട് പറയുന്നത്. എങ്ങനെയാണ് മരണത്തെ ഈ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത്?
ഇക്കാര്യം എഴുതിവെക്കാൻ പ്രയാസമില്ല. എന്നാൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞുനിൽക്കുന്ന ഈ ഭാഗം എങ്ങനെ വർക്കൗട്ട് ചെയ്യുമെന്നത് വലിയ പ്രയാസം തന്നെയായിരുന്നു. ബച്ചുവിനോട് ഉമ്മ ആവശ്യപ്പെടുന്ന ഒരേയൊരു കാര്യം മയ്യത്ത് കാണണമെന്നാണ്. അതിനുവേണ്ടി ബച്ചു നടത്തുന്ന ശ്രമങ്ങളുടെ വിജയകരമായ പൂർത്തീകരണമാണ് ഒടുവിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ മുമ്പിലിരിക്കുന്നത് മയ്യത്താണെങ്കിലും അത് ബച്ചുവിനെ സംബന്ധിച്ചിടത്തോളം സംതൃപ്തിയുടെ നിമിഷങ്ങളാണ്. അസ്സൻക്ക ഓൻ വരുമല്ലേ എന്ന് ചോദിക്കുമ്പോൾ തുടങ്ങുന്ന ചിരി പിന്നീട് മയ്യത്ത് കാണുന്ന ബച്ചുവിന്റെയും ഉമ്മയുടെയും മുഖത്തെ നിറകൺചിരിയിലാണ് അവസാനിക്കുന്നത്.
? ഈ ചിത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന മറ്റൊരു ചർച്ച, മയ്യത്ത് ഉമ്മ കാണുന്നതും ഖബർസ്ഥാനിലെത്തുന്നതുമാണ്. സ്ത്രീകൾ പുരുഷന്മാരുടെ മയ്യത്ത് കാണുന്നത് മുസ്ലിം വിഭാഗങ്ങൾക്കിടയിൽ പതിവുള്ളതല്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. താങ്കൾ ബോധപൂർവം എഴുതിചേർത്ത കാര്യമാണോ അത്?
എനിക്ക് ഈ രീതിയാണ് ഇഷ്ടം. മാത്രമല്ല, എല്ലാ സ്ഥലത്തും ഖബർസ്ഥാനിൽ സ്ത്രീകളെ കയറ്റാതിരിക്കുന്നില്ല. കയറ്റുന്നവരും കയറ്റാത്തവരും കയറ്റരുത് എന്ന് പറയുന്നവരും സ്വയം മാറിനിൽക്കുന്നവരുമെല്ലാമുണ്ട്. ഇതിൽ ഏത് വേണമെങ്കിലും എനിക്ക് തെരഞ്ഞെടുക്കാമല്ലോ. പ്രാദേശികമായോ പള്ളിക്കമ്മിറ്റികാരോ നടപ്പാക്കുന്ന ചില ആചാരങ്ങളാണിത്. അല്ലാതെ ഇതൊന്നും എഴുതിവെക്കപ്പെട്ടവയല്ല.
? ഉണ്ട, പുഴു, കഠിന കഠോരമീ അണ്ഡകടാഹം എന്നീ മൂന്ന് ചിത്രങ്ങളിലെയും നായകരായ കഥാപാത്രങ്ങൾ വളരെ വ്യത്യസ്തരാണെങ്കിലും മൂന്ന് പേരുടെയും ജീവിതത്തിൽ ചില നഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്. ആ നഷ്ടങ്ങൾ അവരെ ഓരോരുത്തരെയും മാറ്റിയെടുക്കുന്നത് വ്യത്യസ്തമാണ്. മണിസാറിന്റെ ജീവിതാനുഭവങ്ങൾ എല്ലാവരോടും അനുതാപത്തോടെ ഇടപെടുന്ന ഒരാളായി അയാളെ മാറ്റുമ്പോൾ, സഹോദരിയുടെ തീരുമാനം കുട്ടനെ കൂടുതൽ ജാതീയനും ക്രൂരനും ഭയപ്പാടുള്ളവനുമാക്കുന്നു. ബച്ചുവിന് നഷ്ടമായ കുട്ടിക്കാലം അവനെ അമർഷത്തിലെത്തിക്കുമ്പോൾ മറ്റൊരു നികത്തനാകാത്ത നഷ്ടം അവനെ കൂടുതൽ ആർദ്രതയുള്ളവനാക്കുന്നു. നഷ്ടങ്ങളാണോ ഒരു മനുഷ്യന്റെ ജീവിതത്തോടുള്ള സമീപനത്തിൽ ഏറ്റവും നിർണായകമാകുന്നത്? എല്ലാ കഥയിലും ഈ ഘടകം ആവർത്തിക്കാനുള്ള കാരണം എന്താണ്?
ഞാൻ ഈ രീതിയിൽ ഇതുവരെ ചിന്തിച്ചിട്ടില്ല. നിങ്ങൾ പറഞ്ഞപ്പോഴാണ് ആദ്യമായി ഈ നിരീക്ഷണം കേൾക്കുന്നത്. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നഷ്ടം സംഭവിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ. ഓരോരുത്തരും അതിനെ നേരിടുന്ന രീതി വ്യത്യസ്തമായിരിക്കും. ഞാൻ ഈ രീതിയിൽ ആലോചിച്ചിട്ടല്ല എഴുതിയതെങ്കിലും, എന്റെ ഉള്ളിലുതാകാം എഴുത്തിലും വന്നത്. ഇത്രയും കാലത്തിനിടയിൽ പരിചയപ്പെട്ട മനുഷ്യരുടെ ജീവിതത്തിലെല്ലാം ചെറുതും വലുതുമായ പല നഷ്ടങ്ങളും സംഭവിച്ചത് കണ്ടിട്ടുണ്ട്. അതും കടന്നുവന്നിരിക്കാം. എന്തായാലും തിരക്കഥയുടെ ഗ്രാമറിന് വേണ്ടി ബോധപൂർവം ഉണ്ടാക്കിയതല്ല.
? നായക കഥാപാത്രങ്ങൾക്കുള്ള മറ്റൊരു സാമ്യം അവർക്കുള്ള വിളിപ്പേരുകളാണ്. മണികണ്ഠൻ എന്ന മണി സാർ, പരീക്ഷിത്ത് വർമ എന്ന കുട്ടൻ, ബശീറുദ്ദീൻ എന്ന ബച്ചു. ഈ സാമ്യം എങ്ങനെ ഉണ്ടായി? നഷ്ടങ്ങൾ പോലെ താങ്കൾ കണ്ടുമുട്ടിയവർക്കെല്ലാം വിളിപ്പേരും ഉണ്ടായിരുന്നോ?
അത് സത്യത്തിൽ വലിയൊരു വിരോധാഭാസമാണ്. എനിക്ക് എന്നെ ചെല്ലപ്പേര് വിളിക്കുന്നതേ ഇഷ്ടമല്ല. മുഴുവൻ പേര് വിളിച്ചില്ലെങ്കിൽ എനിക്ക് ദേഷ്യം വരും. എന്റെ മക്കൾക്ക് പേരിടുമ്പോൾ പോലും നീളം കുറവുള്ള പേരുകളാണിട്ടത്. കുട്ടിപ്പേര് ഉണ്ടാകാതിരിക്കാനായിരുന്നു അത്. എന്നാൽ സിനിമയിലെത്തിയപ്പോൾ എങ്ങനെയോ കുട്ടിപ്പേരുകൾ വന്നു.
കുട്ടനാണ് ശരിക്കും ഒരു വിളിപ്പേര്. അത് സവർണ വീട്ടകങ്ങളിലുള്ള വിളിപ്പേരാണ്, വീടിന് പുറത്തുള്ള ആരും അയാളെ കുട്ടൻ എന്ന് വിളിച്ചിട്ടില്ല. ഉണ്ടയിൽ പക്ഷെ അകത്തും പുറത്തുമെല്ലാം മണി സാർ എന്നാണ് എല്ലാവരും വിളിക്കുന്നത്.
മലബാർ ഭാഗങ്ങളിൽ സാധാരണ വിളിക്കുന്ന പേരാണ് ബച്ചു. ആദ്യം ബച്ചു മാത്രമേ ഉണ്ടായിരുന്നുള്ളു. ഔദ്യോഗിക രേഖകൾ വരുന്ന സീനുകളിൽ മുഴുവൻ പേര് വേണ്ടി വന്നപ്പോഴാണ് ബശീറുദ്ദീൻ എന്ന പേര് ആലോചിക്കുന്നത്.
? സ്റ്റീരിയോടൈപ്പുകളെ പൊളിച്ചെഴുതുന്ന മുസ്ലിം കഥാപാത്രങ്ങളും ജീവിതങ്ങളും ഇന്ന് മലയാള സിനിമയിൽ കൂടുതലായി വരുന്നുണ്ട്. പെരുന്നാളിന് കഠിന കഠോരത്തോടൊപ്പം റിലീസായ അയൽവാശിയും സുലൈഖ മൻസിലും വേറിട്ട പശ്ചാത്തലങ്ങളിലുള്ള മുസ്ലിം ജീവിതങ്ങൾ കടന്നുവരുന്ന വ്യത്യസ്ത ഴോണറുകളിലുള്ള ചിത്രങ്ങളാണ്. കണ്ടുപരിചയമുള്ള മുസ്ലിം ജീവിതങ്ങളാണ് ഇവയിലെല്ലാമുള്ളത്. ഈ സിനിമകളുടെ അണിയറയിൽ പ്രവർത്തിക്കുന്നത്, മലയാള സിനിമയിൽ വലിയ പ്രാധാന്യം ലഭിക്കാതിരുന്ന മലബാർ മേഖലയിൽ നിന്നുള്ളവരാണ്. ക്യാമറക്ക് പിന്നിലും വെള്ളിത്തിരയിലും മുസ്ലിം ജീവിതങ്ങൾക്ക് പ്രാമുഖ്യം കൂടിവരികയാണോ? സിനിമയിൽ മുസ്ലിം ജീവിതങ്ങൾ നേരിടേണ്ടി വരുന്ന അനീതികളെ കുറിച്ച് പറയുമ്പോൾ അതിനെ മലയാളികൾ പലപ്പോഴും അനീതികളായി കാണാറില്ലെന്നും താങ്കൾ ഒരിക്കൽ പറഞ്ഞിരുന്നു. മുസ്ലിം പശ്ചാത്തലമുള്ള പുതിയ സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യത ജനങ്ങളുടെ നിലപാടിൽ വന്ന മാറ്റമാണോ?
എന്റെ ചെറുപ്പത്തിലെ ഒരു അനുഭവം പറയാം. അക്കാലത്ത് ഒരു പ്രദേശത്ത് ഒരു ടിവിയാകും ഉണ്ടാവുക. പരിസരത്തെ കുറച്ച് വീട്ടുകാർ ചേർന്ന് വി.സി.ആർ വാടകക്ക് എടുത്ത് ഇടക്ക് ചില സിനിമകൾ കാണും. അന്ന് ഞാൻ നിരവധി തവണ കണ്ട ചിത്രങ്ങളാണ് കുട്ടിക്കുപ്പായം, മണിയറ, മണിത്താലി, തുടങ്ങിയവയൊക്കെ. ഇതൊക്കെ മുസ്ലിം പശ്ചാത്തലമുള്ള ചിത്രങ്ങളായിരുന്നു, ഇവയെല്ലാം അന്ന് സൂപ്പർഹിറ്റുമായിരുന്നു.
മുസ്ലിംകളും മറ്റ് മതസ്ഥരുമെല്ലാം ഒന്നിച്ചിടപഴകി കഴിയുന്ന മേഖലയിൽ തന്നെ ജീവിക്കുന്ന ഫിലിം മേക്കേഴ്സുണ്ടല്ലോ!! കോഴിക്കോട്ടെയും മലപ്പുറത്തെയും മുസ്ലിം ജീവിതങ്ങളെ കുറിച്ച് ഇവർ അറിയാതിരിക്കാൻ വഴിയില്ല. എന്നിട്ടും ഇവരെടുത്ത സിനിമകളിൽ പലതിലും മുസ്ലിം ജീവിതങ്ങളെ അപരവത്കരിച്ചും പൈശാചികമായും ചിത്രീകരിച്ചതിന് കാരണം ഇവരുടെ അനുഭവങ്ങളാണോ രാഷ്ട്രീയ കാഴ്ചപ്പാടുകളാണോ എന്നതാണ് എന്റെ ചോദ്യം. സുഹൃത്തുക്കളും അയൽക്കാരുമായി മുസ്ലിംകളുണ്ടായിരിക്കേയാണ് മുസ്ലിങ്ങളെ അപരവത്കരിച്ചും ഡെമനൈസ് ചെയ്തും സിനിമകൾ ഉണ്ടാക്കിക്കൊണ്ടിരുന്നത്. അവരുടെ അനുഭവങ്ങളല്ല, രാഷ്ട്രീയധാരണകളായിരുന്നു അവർ പകർത്തിവെച്ചത്. താങ്കളുടെ ചോദ്യത്തിനുള്ള മറുപടിയായി എന്ന് കരുതുന്നു.
നമുക്ക് പരിചയമുള്ള മുസ്ലിം ജീവിതങ്ങളെ കാണിക്കാനുള്ള സത്യസന്ധത ഈ അടുത്ത കാലത്ത് വന്ന ചില ഫിലിം മേക്കേഴ്സ് കാണിക്കാൻ തുടങ്ങി എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.
? പുഴു സിനിമയിലെ അവസാന ഭാഗം ഇസ്ലാമോഫോബിക്കായി എന്ന വിമർശനം ഉയർന്നിരുന്നല്ലോ. അമീർ എന്ന കഥാപാത്രം എന്തുകൊണ്ട് ഇങ്ങനെയായി തീർന്നുവെന്നതിന്റെ കാരണം ചിത്രത്തിലുണ്ട്. പക്ഷെ, പരീക്ഷിത്ത് വർമയെ കൊല്ലാനെത്തുന്നതോടെ ഇത്തരം ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ മുസ്ലിംകൾ അക്രമം തന്നെ തെരഞ്ഞെടുക്കും എന്ന പൊതുബോധത്തിന്റെ ആവർത്തനമായി തീർന്നു എന്നായിരുന്നു വിമർശനം?
ഈ വിമർശനം വലിയ കോമഡിയാണ്. ലോകത്ത് സിനിമയുണ്ടായ കാലം മുതലേ പ്രതികാരം പ്രമേയമായിട്ടുണ്ട്. അച്ഛനെ കൊന്നതിനും വീട് നശിപ്പിച്ചതിനും പെങ്ങളെ ബലാത്സംഗം ചെയ്തതിന്റെ പേരിലുമെല്ലാം ഇവിടെ സിനിമകളിൽ പ്രതികാരക്കൊലകൾ നടന്നിട്ടുണ്ട്. പ്രതികാരം ചെയ്തതിന്റെ കാരണം ഇന്നതായിരിക്കണം എന്ന് എവിടെയും എഴുതിവെച്ചിട്ടില്ല.
പുഴുവിലെ അമീർ എന്ന പയ്യൻ തന്റെ കുടുംബത്തെ ഇല്ലാതാക്കിയ ഒരാളെ അന്വേഷിച്ച് വരികയാണ്. കുട്ടനെ ആദ്യമായി കാണിക്കുമ്പോൾ അവിടെ അമീറുണ്ട്, അവസാന സീനിലും അങ്ങനെ തന്നെ. നായകന്റെയും വില്ലന്റെയും തുടക്കവും ക്ലൈമാക്‌സും ഒരുമിച്ചാണ് കാണിച്ചത്. അമീറിന്റെ കഥയായി പുഴുവിനെ നിങ്ങൾ ഒന്ന് കണ്ടുനോക്കു. ഇനി അമീറിന്റെ ചേട്ടനാണെങ്കിൽ ഭ്രാന്തനായി പോയി. മാനസികനില തെറ്റിയ ആ ചേട്ടൻ ഉമ്മയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലുന്നു. ഇത്രയൊക്കെ അനുഭവിച്ച അമീർ തന്റെ കുടുംബത്തെ ഇല്ലാതാക്കിയ കുട്ടനെ പിന്തുടർന്ന് അയാളുടെ വീട്ടിലെത്തി അയാളെ കൊല്ലുന്നു. അത്രേയുള്ളൂ.
പുഴുവിലെ കുട്ടൻ ഒരു ജാതിവെറിയനാണെന്ന് തുടക്കം മുതൽ പറയുന്നുണ്ട്. സാധാരണ ഒരു സിനിമയിൽ കാണിക്കുന്ന വില്ലത്തരങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു അത്. അതാണ് ഈ ചർച്ചകൾക്ക് കാരണം എന്ന് ഞാൻ വിചാരിക്കുന്നു. നായകൻ വില്ലനുമേൽ ബോംബിട്ട് നടന്നുപോകുന്നതും വെടിവെച്ചു കൊല്ലുന്നതുമെല്ലാം സിനിമകളിൽ നമുക്ക് സ്വീകാര്യമായിരുന്നല്ലോ. പിന്നീട് തൊണ്ണൂറുകളിൽ ചില എഴുത്തുകാർക്ക് വ്യക്തിപരമായി കൊല്ലുന്നത് ശരിയല്ലെന്ന തോന്നലുണ്ടായപ്പോൾ വില്ലനെ ജനങ്ങൾക്കിടയിലേക്ക് ഇട്ടുകൊടുക്കലായി. എങ്ങനെയായാലും വില്ലനെ കൊല്ലുക എന്നതായിരുന്നു എല്ലായിടത്തും നടന്നത്. അതുതന്നെയാണ് പുഴുവിലും ചെയ്തത്.
? ചെയ്ത മൂന്ന് തിരക്കഥകളും വളരെയധികം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഈ അഭിനന്ദനങ്ങളും സ്വീകാര്യതയും എഴുത്തുകാരനെന്ന നിലയിൽ എങ്ങനെയാണ് സ്വാധീനിക്കുന്നത്?
ഒരു കലാകാരനെന്ന നിലയിൽ തുടർച്ചയായ വിജയങ്ങൾ വർക്കിൽ ശ്രദ്ധ കുറക്കാൻ ഇടയാക്കിയേക്കാം. ഉണ്ടയുടെ എഴുത്തുകാരൻ എന്ന് പറയുമ്പോൾ എനിക്ക് ഒരു കസേര ലഭിക്കുമായിരുന്നു. കഥ കേൾക്കാൻ നിർമാതാക്കളും അഭിനേതാക്കളും ഉണ്ടെന്ന് അറിയുമ്പോൾ ഞാൻ എന്ത് എഴുതിയാലും ശരിയാണ് എന്നൊരു തോന്നൽ വരാനിടയുണ്ട്. അതുണ്ടാകാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഓരോ സിനിമയും എന്റെ ആദ്യത്തെ വർക്ക് പോലെ എഴുതാനും ശ്രമിക്കാറുണ്ട്.
മാത്രമല്ല, സിനിമ എന്നാൽ ഒറ്റക്ക് എഴുതുന്ന കവിത പോലെയല്ല, അതൊരു കൂട്ടായ പ്രവർത്തനമാണ്. ഒരു ഫിലിം മേക്കറും ഞാൻ എഴുതിവെച്ചത് അതുപോലെ പകർത്തുന്നില്ല. താനെഴുതിയതിന്റെ അടിസ്ഥാന ആശയങ്ങൾക്ക് വിരുദ്ധമല്ലെങ്കിൽ നിർദേശങ്ങൾ കേൾക്കാൻ എല്ലാവരും തയ്യാറാകണമെന്നാണ് എന്റെ നിലപാട്. അതിനുപകരം, ഞാനാണ് ഏറ്റവും വലിയ എഴുത്തുകാരനെന്ന് വിചാരിച്ചിരുന്നാൽ കാര്യം കട്ടപ്പൊകയാകും.
? അഭിനന്ദനങ്ങൾക്കൊപ്പം മൂന്ന് സിനിമകൾക്കെതിരെയും വിമർശനങ്ങളുമുണ്ടായിരുന്നു. അവ സ്വാധീനിക്കുന്നുണ്ടോ?
ക്രിയാത്മകമായ എല്ലാതരം വിമർശനങ്ങളെയും സ്വാഗതം ചെയ്യുന്നു.
? പുതിയ പ്രോജക്ടുകൾ?
സോണി ലിവിന് വേണ്ടി ഒരു സീരിസ് ചെയ്യുന്നുണ്ട്. അതിന്റെ ഷോ റണ്ണറും എഴുത്തും ഞാനാണ്. നവാഗതനായ അൻസാറുള്ളയാണ് സംവിധാനം ചെയ്യുന്നത്. ഈ വർഷം ഷൂട്ട് തുടങ്ങും.