'ഇത് ഞാൻ നേരത്തെ പറഞ്ഞതാണ്'; ഇന്ത്യയുടെ പേരുമാറ്റത്തെ കുറിച്ച് കങ്കണ
"നമ്മൾ അടിമപ്പേരിൽ നിന്ന് മുക്തമായിരിക്കുന്നു. ജയ് ഭാരത്"
ഇന്ത്യയുടെ പേര് മാറ്റുന്നുവെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണൗട്ട്. ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണെന്നും ഭാരതമെന്നു മാറ്റണമെന്ന് താൻ മുമ്പേ ഉന്നയിച്ച ആവശ്യമായിരുന്നു എന്നും അവർ പറഞ്ഞു. എക്സിലാണ് (നേരത്തെ ട്വിറ്റര്‍) നടിയുടെ പ്രതികരണം.
'ഈ പേരിനെ (ഇന്ത്യ) എന്തിനാണ് സ്‌നേഹിക്കുന്നത്. അവർക്ക് (ബ്രീട്ടീഷ്) സിന്ധു എന്ന് ഉച്ചരിക്കാൻ ആകുമായിരുന്നില്ല. അതുകൊണ്ടു തന്നെ ഇൻഡസ് എന്നു പറഞ്ഞു. മഹാഭാരതകാലത്ത് കുരുക്ഷേത്ര യുദ്ധത്തിൽ പങ്കെടുത്ത രാജവംശങ്ങളെല്ലാം ഭാരത് എന്ന ഭൂഖണ്ഡത്തിന് കീഴിൽ വരുന്നതായിരുന്നു. ഭാരതം എന്ന പേര് തന്നെ അർത്ഥപൂർണമാണ്. ഇന്ത്യയുടെ അർത്ഥമെന്താണ്. പഴയ ഇംഗ്ലീഷിൽ അടിമകളെ റെഡ് ഇന്ത്യൻസ് എന്നാണ് വിളിച്ചിരുന്നത്.' - അവർ പറഞ്ഞു.
ബ്രിട്ടീഷുകാർക്ക് ഉച്ചരിക്കാൻ ബുദ്ധിമുട്ടായതു കൊണ്ടാണ് അവർ ഭാരതമെന്ന പേരു മാറ്റിയത് എന്നും കങ്കണ അവകാശപ്പെട്ടു.
'ഇന്ത്യയെ ഭാരതമെന്ന് വിളിക്കണമെന്ന് രണ്ടു മൂന്നു വർഷം മുമ്പു തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. ഇന്ത്യയെന്ന പേര് ബ്രിട്ടീഷുകാർ നൽകിയതാണ്. അവർക്ക് ഭാരത് എന്നുച്ചരിക്കാൻ ബുദ്ധിമുട്ടായിരുന്നു. അവർ അവരുടെ സൗകര്യത്തിന് നമ്മുടെ പേരു മാറ്റി. നമ്മൾ ഇപ്പോൾ സ്വതന്ത്ര രാഷ്ട്രമാണ്. അതുകൊണ്ടു തന്നെ നമ്മുടെ പരമ്പരാഗത നാമമായ ഭാരതിലേക്ക് തിരിച്ചു പോകണം.'- കങ്കണ ആവശ്യപ്പെട്ടു.
പേരുമാറ്റവുമായി ബന്ധപ്പെട്ട് നടി നടത്തിയ പരാമർശം ഹിന്ദുസ്ഥാൻ ടൈംസ് വാർത്തയാക്കിയതും കങ്കണ എക്സില്‍ പങ്കുവച്ചു. 'ചിലർ ഇതിനെ മന്ത്രവാദം എന്നു വിളിക്കും. എല്ലാവർക്കും അഭിനന്ദനങ്ങൾ. നമ്മൾ അടിമപ്പേരിൽ നിന്ന് മുക്തമായിരിക്കുന്നു. ജയ് ഭാരത്' - അവർ കുറിച്ചു.
റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതു മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ പ്രമേയം കൊണ്ടുവരും എന്നാണ് റിപ്പോർട്ട്. ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട രാഷ്ട്രപതി ഭവനിൽ നിന്നുള്ള ക്ഷണക്കത്തിലും ആസിയാൻ സമ്മേളത്തിനായുള്ള പ്രധാനമന്ത്രിയുടെ അറിയിപ്പിലും പ്രസിഡണ്ട് ഓഫ് ഭാരത്, പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്നാണ് യഥാക്രമം ചേർത്തിട്ടുള്ളത്.
അതിനിടെ, ചന്ദ്രമുഖിയാണ് കങ്കണയുടെ റിലീസ് ചെയ്യാനുള്ള സിനിമ. സെപ്തംബർ 19ന് സിനിമ തിയേറ്ററിലെത്തും. എമർജൻസി, തേജസ് എന്നിവയാണ് നടിയുടെ അടുത്ത സിനിമകൾ.