'ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചു'; കരീന കപൂറിനെതിരെ വിമർശനം
'ജാനെ ജാൻ' എന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം
മുംബൈ: ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ച് ബോളിവുഡ് താരം കരീന കപൂറിനെതിരെ വിമർശനം. 'ജാനെ ജാൻ' എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം. കരീനയുടെ ഒ.ടി.ടി കന്നി ചിത്രം കൂടിയാണ് 'ജാനെ ജാൻ'.
ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കുമുൻപ് ദേശീയ ഗാനം പ്രക്ഷേപണം ചെയ്തപ്പോൾ കൂടെയുള്ളവർക്കൊപ്പം എണീറ്റുനിന്ന് ഒപ്പം ആലപിക്കുകയായിരുന്നു നടി. എന്നാൽ, ദേശീയ ഗാനം ആലപിക്കുമ്പോൾ അശ്രദ്ധമായും അനാദരവോടെയും നിന്നെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. അറ്റൻഷനിൽ നിൽക്കുന്നതിനു പകരം കൈ കൂട്ടിപ്പിടിച്ചതും ഇളക്കിയതുമെല്ലാമാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
ദേശീയ ഗാനം ആലപിക്കുമ്പോൾ അറ്റൻഷനിലാണു നിൽക്കേണ്ടതെന്നും വലിയ താരങ്ങൾക്ക് ഇതൊന്നും അറിയാത്തത് കഷ്ടമാണെന്നും ഒരു ആരാധകൻ കമന്റ് ചെയ്തു. ദേശീയ ഗാനം ആലപിക്കുമ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ കൈക്കൂട്ടിപ്പിടിച്ച് അശ്രദ്ധമായി നിൽക്കുന്നത്, ഇവിടെയും അഭിനയിക്കുകയാണോ, താരങ്ങൾക്കൊന്നും ഇതൊന്നും അറിയാത്തത് ലജ്ജാകരമാണ്... ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയ്ക്കു താഴെയുള്ള കമന്റുകൾ.
നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ 'ജാനെ ജാന്റെ' ട്രെയിലർ കഴിഞ്ഞയാഴ്ചയാണു പുറത്തുവന്നത്. ജാപ്പനീസ് എഴുത്തുകാരനായ കീഗോ ഹിഗാഷിനോയുടെ നോവൽ 'സസ്‌പെക്ട് എക്‌സ്' ആധാരമാക്കി സുജോയ് ഘോഷാണു ചിത്രം സംവിധാനം ചെയ്യുന്നത്. കരീനയ്ക്കു പുറമെ വിജയ് വർമ, ജയ്ദീപ് അഹ്ലാവാത്ത് തുടങ്ങിയവരാണു പ്രധാന വേഷത്തിലെത്തുന്നത്. സെപ്റ്റംബർ 21നു ചിത്രം റിലീസ് ചെയ്യും.
Summary: Kareena Kapoor Trolled For Singing 'Jana Gana Mana' in Jaane Jaan promotion function