'ചേരിയുടെ ഫ്രഞ്ച് അർഥമാണ് ഉദ്ദേശിച്ചത്, നിങ്ങൾ പറയുന്നതല്ല'; വിവാദ പരാമർശത്തിൽ മറുപടിയുമായി ഖുശ്ബു

'നിങ്ങളുടെ ചേരി ഭാഷയിൽ എനിക്ക് സംസാരിക്കാനറിയില്ലെ'ന്നായിരുന്നു ഡിഎംകെ പ്രവർത്തകന്റെ കുറിപ്പിന് ഖുശ്ബുവിന്റെ മറുപടി

Update: 2023-11-23 13:00 GMT
Advertising

'ചേരി ഭാഷാ' പ്രയോഗത്തിന് വിമർശനങ്ങൾ നേരിടുന്നതിനിടെ വിചിത്ര പ്രതികരണവുമായി നടിയും ബിജെപി അംഗവുമായ ഖുശ്ബു രംഗത്ത്. മോശം ഭാഷ എന്ന അർഥത്തിലല്ല ചേരി ഭാഷ എന്ന് പറഞ്ഞതെന്നും ചേരിയുടെ ഫ്രഞ്ച് അർഥമാണ് ഉദ്ദേശിച്ചതെന്നുമാണ് വിമർശനങ്ങൾക്ക് ഖുശ്ബുവിന്റെ മറുപടി.

നടി തൃഷയ്‌ക്കെതിരെ മൻസൂർ അലിഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ നടപടിയെടുക്കാൻ വനിതാ കമ്മിഷൻ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന ഒരു ഡിഎംകെ പ്രവർത്തകന്റെ കുറിപ്പിന് നൽകിയ മറുപടിയിലായിരുന്നു ഖുശ്ബുവിന്റെ 'ചേരി ഭാഷ' പ്രയോഗം. നിങ്ങളുടെ ചേരി ഭാഷയിൽ എനിക്ക് സംസാരിക്കാനറിയില്ലെന്നായിരുന്നു ഖുശ്ബുവിന്റെ മറുപടി. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു.

മോശം ഭാഷ എന്നർഥം വരുന്ന രീതിയിൽ ചേരി ഭാഷ എന്ന് പ്രയോഗിച്ചത് ഖുശ്ബുവിന്റെ ജാതി മേൽക്കോയ്മ എടുത്തു കാട്ടുന്നു എന്നായിരുന്നു വിമർശനങ്ങളുടെ ഉള്ളടക്കം. ഖുശ്ബുവിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് ദളിത് സംഘടനകളും രംഗത്തെത്തി.

തുടർന്നാണ് തന്റെ പോസ്റ്റ് ആക്ഷേപഹാസ്യമായിരുന്നുവെന്നും ചേരി എന്ന ഫ്രഞ്ച് വാക്കിന് പ്രിയപ്പെട്ടത് എന്ന അർഥം കൂടിയുണ്ടെന്നും താൻ അതാണ് ഉദ്ദേശിച്ചതെന്നും ചൂണ്ടിക്കാട്ടി ഖുശ്ബുവിന്റെ മറുപടി.

അരികുവത്കരിക്കപ്പെട്ടവർക്ക് വേണ്ടി താനെന്നും ശബ്ദമുയർത്തിയിട്ടേയുള്ളൂവെന്നും തന്നെ വിമർശിക്കുന്നവരാരും തന്റെ പ്രതികരണമോ ശ്രദ്ധയോ അർഹിക്കുന്നില്ലെന്നും ഖുശ്ബു കുറിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News