'ലാപതാ ലേഡീസ്' അറബിക് ചിത്രത്തിന്റെ കോപ്പിയടി? തെളിവുകൾ നിരത്തി സോഷ്യൽ മീഡിയ ഉപയോക്താക്കൾ
2019 ൽ പുറത്തിറങ്ങിയ 'ബുർഖ സിറ്റി' എന്ന അറബിക് ചിത്രത്തിന്റെ കോപ്പിയാണ് ലാപതാ ലേഡീസെന്നാണ് ആരോപണം


മുംബൈ: ഈ വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായിരുന്ന കിരൺ റാവു ചിത്രം ലാപതാ ലേഡീസിനെതിരെ കോപ്പിയടി ആരോപണം. 2019 ൽ പുറത്തിറങ്ങിയ 'ബുർഖ സിറ്റി' എന്ന അറബിക് ചിത്രത്തിന്റെ കോപ്പിയാണ് ലാപതാ ലേഡീസെന്നാണ് ആരോപണം. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് രണ്ട് ചിത്രങ്ങളും തമ്മിലും സാമ്യതകൾ ചൂണ്ടിക്കാട്ടി പോസ്റ്റുകൾ പങ്കുവെച്ചിട്ടുള്ളത്.
'ബുർഖ സിറ്റി'യിലെ ഒരു രംഗം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ ഇതും കിരൺ റാവു ചിത്രവും താരതമ്യം ചെയ്ത് സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ രംഗത്ത് വരികയായിരുന്നു. ഒരു നവവരന് ബുർഖ ധരിച്ച സ്ത്രീകൾക്കിടയിൽ നിന്ന് ഭാര്യയെ മാറിപ്പോകുന്നതാണ് 'ബുർഖ സിറ്റി'യുടെ പ്രമേയം. ശേഷം ഭാര്യയെ അന്വേഷിച്ച് ഇയാൾ നടത്തുന്ന അന്വേഷണങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇതിനോട് സമാനമാണ് ലാപതാ ലേഡീസിന്റെ കഥയും.
സംവിധായിക കിരൺ റാവുവിനെതിരെ വലിയ വിമർശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. ഏറെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ചിത്രമായിരുന്നു ലാപത ലേഡീസ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിന് ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്.
തിയേറ്ററിൽ വലിയ വിജയം നേടാൻ ആയില്ലെങ്കിലും ഒടിടി റിലീസിന് പിന്നാലെ രാജ്യത്തുടനീളം ചിത്രം വലിയ ശ്രദ്ധ നേടുകയായിരുന്നു. സ്പര്‍ശ് ശ്രീവാസ്തവ, നിതാന്‍ഷി ഗോയല്‍, പ്രതിഭ രന്ത, രവി കിഷന്‍, ഛായ കദം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആമിര്‍ ഖാന്‍, കിരണ്‍ റാവു, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.