മെല്‍ബണില്‍ മിന്നലടിക്കുമോ? ഇന്ത്യൻ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ മലയാളി തിളക്കം, ലിജോ മോളും നോമിനേഷനില്‍
മിന്നല്‍ മുരളിയെ കൂടാതെ നിതിന്‍ ലൂക്കോസ് സംവിധാനം ചെയ്ത പകയും മികച്ച ചിത്രത്തിനായുള്ള പുരസ്കാരത്തിന് മത്സരിക്കുന്നുണ്ട്
ഇന്ത്യൻ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിന്‍റെ നാമനിര്‍ദേശ പട്ടികയില്‍ ഇടം പിടിച്ച് ടോവിനോ തോമസ്-ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളി. മികച്ച ചിത്രം, മികച്ച നടന്‍ എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. മിന്നല്‍ മുരളിയെ കൂടാതെ നിതിന്‍ ലൂക്കോസ് സംവിധാനം ചെയ്ത പകയും മികച്ച ചിത്രത്തിനായുള്ള പുരസ്കാരത്തിന് മത്സരിക്കുന്നുണ്ട്.
സൂര്യ നായകനായ 'ജയ് ഭീം', ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തിയ 'ഗംഗുഭായ് കത്തിയവാടി', അപര്‍ണ സെന്‍ സംവിധാനം ചെയ്ത 'ദി റേപ്പിസ്റ്റ്'. റണ്‍വീര്‍ സിങ്ങിന്‍റെ '83', രാജ്കുമാര്‍ റാവു, ഭൂമി പെഡ്നേക്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 'ബദായ് ദോ', വിക്കി കൗശലിന്‍റെ 'സര്‍ദാര്‍ ഉദം' എന്നീ സിനിമകളാണ് മികച്ച ചിത്രത്തിനായുള്ള നോമിനേഷനുകളില്‍ ഇടം നേടിയത്.
മിന്നല്‍ മുരളിയിലെ അഭിനയത്തിലൂടെ ടോവിനോ തോമസ് മികച്ച നടനുള്ള നോമിനേഷനും ജയ് ഭീമിലെ പ്രകടനം ലിജോ മോളെ മികച്ച നടിക്കുള്ള നോമിനേഷനുകളിലും ഇടം പിടിപ്പിച്ചു. അഭിഷേക് ബച്ചന്‍(ദസ്‍വി), ഗോപാല്‍ ഹെഗ്ഡെ(പെഡ്രോ), രാജ്കുമാര്‍ റാവു(ബദായ് ദോ), റംനീഷ് ചൌധരി(ജഗ്ഗി), രണ്‍വീര്‍ സിങ്(83), സൂര്യ(ജയ് ഭീം), വിക്കി കൗശല്‍(സര്‍ദാര്‍ ഉദ്ദം) എന്നിവരാണ് മികച്ച നടനുള്ള നോമിനേഷനില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
മികച്ച നടിക്കുള്ള നോമിനേഷനുകളില്‍ കടുത്ത മത്സരമായിരിക്കും നടക്കുക. ആലിയ ഭട്ട്(ഗംഗുഭായ് കത്തിയവാടി), ഭൂമി പെഡ്നേക്കര്‍(ബദായ് ദോ), ഗെഹ്‍രിയാന്‍(ദീപിക പദുക്കോണ്‍), കൊങ്കണ സെന്‍ ശര്‍മ്മ(ദി റേപിസ്റ്റ്), ഷെഫാലി ഷാ(ജല്‍സ), ശ്രീലേഖ മിത്ര( വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കല്‍ക്കത്ത), വിദ്യാ ബാലന്‍(ജല്‍സേ) എന്നിവരാണ് മികച്ച നടിക്കായുള്ള മത്സരത്തിനുള്ളത്. ആഗസ്റ്റ് 14 മുതലാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുക.